Flash News

മലയാളി യുവാക്കള്‍ 10 വര്‍ഷമായി ഭോപാല്‍ ജയിലില്‍

പി എം അഹ്്മദ്
കോട്ടയം: സിമി ബന്ധം ആരോപിച്ച് അറസ്റ്റിലായ മലയാളി യുവാക്കളുടെ കാരാഗൃഹവാസത്തിന് 10 വയസ്സ്. കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ ശിബിലി, ശാദുലി, ആലുവ സ്വദേശി അന്‍സാര്‍ നദ്‌വി ഉള്‍പ്പെടെയുള്ളവരാണ് ഇന്നും വിവിധ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയില്‍വാസം അനുഭവിക്കുന്നത്. 2008 മാര്‍ച്ച് 26നാണ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വച്ച് മധ്യപ്രദേശ് ഭീകരതാവിരുദ്ധ സംഘം ഇവരെ കസ്റ്റഡിയിലെടുത്തതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.
തുടര്‍ന്ന് നാളിതുവരെ ഇവര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ വെളിച്ചം ആസ്വദിക്കാനായിട്ടില്ല. കസ്റ്റഡിയിലിരിക്കെ നടന്ന സംഭവങ്ങളില്‍ പോലും വിവിധ സംസ്ഥാനങ്ങളില്‍ ഇവര്‍ക്കെതിരേ കേസെടുക്കുകയായിരുന്നു. വിചാരണാനടപടികളാവട്ടെ ഒച്ചിഴയുന്ന വേഗത്തിലാണ്.
2017 ഫെബ്രുവരിയില്‍ ഇന്‍ഡോറില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 11 പേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചതിനെ തുടര്‍ന്നാണ് ഇവരെ ഭോപാല്‍ ജയിലിലെത്തിച്ചത്. കേരളത്തില്‍ പാനായിക്കുളം കേസിലും ശിക്ഷിച്ചിരുന്നു. മലയാളികളെ കേരളത്തിലെ ജയിലില്‍ പാര്‍പ്പിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. ഇതിനിടെ ഭോപാല്‍ ജയിലിലുള്ളവരുടെ ജീവന്‍ തന്നെ അപകടത്തിലാവുമോയെന്ന ആശങ്കയിലാണ് ബന്ധുക്കള്‍. ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നവരുടെ ജീവന്‍ രക്ഷിക്കാന്‍ മാര്‍ഗമില്ലാതെ ഉഴറുകയാണു ബന്ധുക്കള്‍.
2016 ഒക്ടോബര്‍ 30ന് വിചാരണത്തടവുകാരായിരുന്ന എട്ട് സിമി പ്രവര്‍ത്തകര്‍ ഇവിടെ കൊല്ലപ്പെട്ടിരുന്നു. ഓരോ തവണ ബന്ധുക്കളുമായി കാണാന്‍ അവസരമുണ്ടാവുമ്പോഴും ഇതു അവസാന കൂടിക്കാഴ്ചയാണെന്ന ഓര്‍മപ്പെടുത്തലോടെയാണ് അവര്‍ വിടവാങ്ങുന്നത്. സിമി ബന്ധം ആരോപിച്ച് 21 തടവുകാരാണ് ഭോപാല്‍ ജയിലിലുള്ളത്.
തടവുകാര്‍ അനുഭവിക്കുന്ന ക്രൂരമായ പീഡനങ്ങള്‍ സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, വിവിധ കോടതികള്‍, രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍ തുടങ്ങിയ അധികാരകേന്ദ്രങ്ങളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ഏകാന്ത തടവ്, കുളിക്കാനും വസ്ത്രം മാറാനും അനുവദിക്കാതിരിക്കുക തുടങ്ങി ക്രൂരവും മനുഷ്യത്വരഹിതവുമായ യാതനകള്‍ക്കാണ് ഇരകളാക്കപ്പെടുന്നതെന്ന് വിവിധ സങ്കടഹരജികള്‍ വിശദമാക്കുന്നു. മതിയായ ഭക്ഷണമോ കുടിവെള്ളമോ ചികില്‍സയോ ലഭിക്കുന്നില്ല. തുടര്‍ചികില്‍സ ലഭിക്കാത്തതിനാല്‍ മുഹമ്മദ് ഇര്‍ഫാന്‍ എന്ന തടവുകാരന്റെ ഇടതു കണ്ണിന്റെ കാഴ്ച പൂര്‍ണമായും വലതു കണ്ണിന്റെ കാഴ്ച ഭാഗികമായും നഷ്ടപ്പെട്ടു. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ സുപ്രിംകോടതിയെ വരെ സമീപിച്ചെങ്കിലും നീതി ലഭിച്ചില്ല. സാജിദ് ഹുസയ്‌നും ഗുരുതരമായ രോഗാവസ്ഥയിലാണ്.
നമസ്‌കരിക്കുമ്പോഴും ഖുര്‍ആന്‍ പാരായണ സമയത്തും ക്രൂരമായ മര്‍ദനങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും ഇരയാവുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു. പലപ്പോഴും കഴുത്തിനു പിടിച്ചു തള്ളുകയും വലിച്ചിഴയ്ക്കുകയും ചെയ്യുന്നതായും ബന്ധുക്കള്‍ പറയുന്നു. ഒരിക്കല്‍ ജയ് ശ്രീറാം എന്നു വിളിക്കാന്‍ ആവശ്യപ്പെട്ട് അബു ഫൈസലിനെ ജയിലധികൃതരില്‍ ചിലര്‍ ക്രൂരമായി മര്‍ദിച്ചതായും ലാത്തിയടിയേറ്റ് കാലിന് പൊട്ടലുണ്ടായതായും വീഡിയോ കോണ്‍ഫറന്‍സിലൂടെ 16ാമത് ഭോപാല്‍ അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി മുമ്പാകെ മൊഴി നല്‍കിയിരുന്നു.
തങ്ങളെ സന്ദര്‍ശിക്കുന്ന ബന്ധുക്കളുടെ മുമ്പില്‍ സംസാരിക്കാനോ വേദനകള്‍ പങ്കുവയ്ക്കാനോപോലും തടവുകാര്‍ക്കു കഴിയുന്നില്ല. അധികൃതരുടെയും കാമറക്കണ്ണുകളുടെയും സാന്നിധ്യത്തില്‍ പലപ്പോഴും ദുഃഖം തേങ്ങലുകളായും ആംഗ്യങ്ങളായും ഒതുങ്ങുന്നു.
ഹരജിയുടെ അടിസ്ഥാനത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പ്രതിനിധികള്‍ ജയില്‍ സന്ദര്‍ശിച്ചിരുന്നെങ്കിലും പീഡനങ്ങള്‍ വര്‍ധിക്കുകയാണുണ്ടായതെന്ന് ബന്ധുക്കള്‍ 2017 ജൂലൈയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നു. 2001 സപ്തംബര്‍ 26നാണ്  കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന ബിജെപി നേതാവ് ലാല്‍കൃഷ്ണ അഡ്വാനി സിമിയെ നിരോധിച്ചത.് തുടര്‍ന്നാണ്  അന്നുവരെ നിയമാനുസൃതവും സുതാര്യവുമായി പ്രവര്‍ത്തിച്ചിരുന്ന സംഘടനയ്‌ക്കെതിരേ നിരവധി രാജ്യദ്രോഹ ആരോപണങ്ങളുന്നയിച്ച് വേട്ടയാരംഭിച്ചത്.
Next Story

RELATED STORIES

Share it