മലയാളി മര്‍ദനമേറ്റു മരിച്ചു:കുടുംബം നിയമനടപടികളിലേക്ക്

ന്യൂഡല്‍ഹി: രാജസ്ഥാനിലെ അമിറ്റി കോളജില്‍ സഹപാഠികളുടെ മര്‍ദനമേറ്റ് മരിച്ച മലയാളി വിദ്യാര്‍ഥിയുടെ കുടുംബം നിയമ നടപടിക്കൊരുങ്ങുന്നു. അമിറ്റിയിലെ എംബിഎ വിദ്യാര്‍ഥിയും ഇരിങ്ങാലക്കുട സ്വദേശിയുമായ സ്റ്റാന്‍ലി ബെന്നി (24) യാണ് മര്‍ദനമേറ്റ് മരിച്ചത്. ഗുരുതരമായ മര്‍ദനത്തെ തുടര്‍ന്ന് രണ്ടു ദിവസത്തോളം ഹോസ്റ്റലിലും ഒരു ദിവസം ആശുപത്രിയിലും കഴിഞ്ഞ മകന്റെ മരണം ഹൃദയാഘാതമായി ചിത്രീകരിക്കാനാണ് കോളജ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് വിദ്യാര്‍ഥിയുടെ പിതാവ് ബെന്നി പറഞ്ഞു. കഴിഞ്ഞ മാസം 14നു മര്‍ദനമേറ്റ സ്റ്റാന്‍ലി 17നു പുലര്‍ച്ചെയാണ് മരിച്ചത്. തുടര്‍ച്ചയായി മൂന്നു ദിവസമാണ് വിദ്യാര്‍ഥി മര്‍ദനത്തിനിരയായത്. മൃതദേഹത്തിന്റെ കഴുത്തിലും പുറത്തും തോളിലും വലിയ മുറിവുകളും തലയില്‍ തുന്നും ഉണ്ടായിരുന്നിട്ടും അതു സ്വാഭാവിക മരണമായി ചിത്രീകരിച്ച് കേസ് ഒതുക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. സര്‍വകലാശാലയില്‍ തന്നെ പഠിക്കുന്ന ഗുന്‍ജീത് ജുനൈജ്, അവിനേഷ്, ജീത്തു എന്നീ മൂന്നു വിദ്യാര്‍ഥികള്‍ക്കെതിരേയാണ് പിതാവ് പരാതി കൊടുത്തിരിക്കുന്നത്. അസാധാരണ മരണമെന്ന നിലക്ക് ഐപിസി 174 പ്രകാരമാണ് ആദ്യം കേസെടുത്തതെന്ന് ബെന്നി ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാജസ്ഥാനിലെ മലയാളി പോലിസ് ഉദ്യോഗസ്ഥരുടെയും മറ്റും സമ്മര്‍ദത്തെ തുടര്‍ന്ന് പിന്നീട് കൊലക്കുറ്റത്തിനു കേസെടുത്തു. ഇതിനു പിന്നാലെ മുഖ്യപ്രതിയായ നിയമ വിദ്യാര്‍ഥി ഗുന്‍ജിത് ജുനൈജിനെ അറസ്റ്റ് ചെയ്‌തെങ്കിലും വൈകാതെ വിട്ടയച്ചു. നേരത്തെയും അമിറ്റി സര്‍വകലാശാലയില്‍ നിന്ന്  വിദ്യാര്‍ഥികള്‍ ഇത്തരത്തില്‍ ദാരുണമായി കൊല്ലപ്പെട്ടിട്ടുണ്ടെന്നും ബെന്നി ആരോപിച്ചു. വിഷയത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, രാജസ്ഥാന്‍ പോലിസ്, എസ് പി, രാജസ്ഥാന്‍,  കേരള മുഖ്യമന്ത്രിമാര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it