മലയാളി ബാലികമാര്‍ സുരക്ഷിതര്‍: സൗദി പൗരന്

റിയാദ്: വയനാട് സ്വദേശിനിയുടെ രണ്ടു പെണ്‍മക്കള്‍ തന്റെ സംരക്ഷണയില്‍ സുരക്ഷിതരാണെന്ന് അല്‍ഖോബാര്‍ റാകയിലെ സൗദി പൗരന്‍. പിതാവ് നേരിട്ടെത്തിയാല്‍ അവരെ വിട്ടുന ല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വയനാട് സ്വദേശിനിയായ മര്‍യം ബീവിയുടെ മക്കളായ അല്‍മാസ്, ദാന എന്നിവരാണ് ഇയാളുടെ സംരക്ഷണത്തിലുള്ളത്. ഇവരെ വിട്ടുകിട്ടുന്നതിന് മര്‍യവും ഇന്ത്യന്‍ എംബസിയും ചുമതലപ്പെടുത്തിയ റിയാദ് മലപ്പുറം കെഎംസിസി ജീവകാരുണ്യ വിഭാഗം ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ സന്ദര്‍ശിച്ചപ്പോഴാണ് സൗദി പൗരന്‍ ഇക്കാര്യം അറിയിച്ചത്.
ശ്രീലങ്കന്‍ പൗരനായ പിതാവുമായും സൗദി പൗരനുമായും കൂടിക്കാഴ്ച നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാനാണ് സാമൂഹികപ്രവര്‍ത്തകരുടെ അടുത്ത ശ്രമം. കഴിഞ്ഞ ദിവസം അല്‍ഖോബാര്‍, ദമ്മാം പോലിസ് സ്‌റ്റേഷന്‍ മേധാവികളുമായി ബന്ധപ്പെട്ട സിദ്ദീഖ് കേസി ല്‍ ആവശ്യമായ സഹായം അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്നാണ് സൗദി പൗരനുമായും കുടുംബവുമായും സംസാരിക്കാന്‍ അവസരം ലഭിച്ചത്. കുട്ടികളുടെ പിതാവാണ് തന്നെ മക്കളെ ഏല്‍പ്പിച്ചിരിക്കുന്നതെന്നും അതിനാല്‍ പിതാവിന് കുട്ടികളെ കൊണ്ടുപോവാമെന്നും സൗദി പൗരന്‍ അറിയിച്ചു. കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ താല്‍ക്കാലിക രേഖകള്‍ ഇയാള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
മര്‍യം ബീവിയെ 12 വര്‍ഷം മുമ്പാണ് സൗദിയില്‍ സ്വര്‍ണവ്യാപാരിയായ ശ്രീലങ്കന്‍ പൗരന്‍ യഹ്‌യ വിവാഹം ചെയ്തത്. സൗദി പൗരനും ശ്രീലങ്കക്കാരന്‍ യഹ്‌യയും രണ്ട് ആഫ്രിക്കക്കാരും പങ്കാളികളായി സ്വര്‍ണവ്യാപാരം നടത്തുകയായിരുന്നു. വ്യാപാരത്തില്‍ മാന്ദ്യം നേരിട്ടതോടെ ആഫ്രിക്കന്‍ വ്യാപാരികള്‍ വന്‍ തുകയുമായി മുങ്ങി. ഇതോടെ തന്റെ കുട്ടികളെ സൗദി പൗരന്‍ തന്ത്രപരമായി കൈക്കലാക്കുകയായിരുന്നെന്നാണ് കുട്ടികളുടെ മാതാവ് പറയുന്നത്. തനിക്ക് നഷ്ടമായ പണം ലഭിച്ചാല്‍ മാത്രമേ കുട്ടികളെ വിട്ടുനല്‍കുകയുള്ളൂവെന്നാണ് ഇയാളുടെ നിലപാട്.
ഇതിനിടെ ശ്രീലങ്കന്‍ പൗരന്‍ ഭാര്യയെയും മറ്റു നാലു മക്കളെയും വയനാട്ടിലേക്ക് അയച്ച് ദമ്മാമില്‍ തന്നെ തുടരുകയാണ്. മൂന്നുലക്ഷം റിയാലിനു പുറമേ കുട്ടികളെ സംരക്ഷിച്ചതിന് ഒരു കുട്ടിക്ക് പ്രതിമാസം 5,000 റിയാല്‍ എന്ന തോതിലുള്ള സംഖ്യയും സൗദി പൗരന്‍ ആവശ്യപ്പെടുന്നുണ്ട്.
10 മാസം മുമ്പ് സൗദിയിലെത്തിയ മാതാവ് മര്‍യം കുട്ടികളെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സൗദി പൗരന്‍ അനുവദിച്ചിരുന്നില്ല. കുട്ടികളുടെ മാതാവും ബന്ധുക്കളും റിയാദ് കെഎംസിസി കല്‍പറ്റ മണ്ഡലം നേതാക്കളായ ആബിദ്, ജാസര്‍ കോല്‍ച്ചാല്‍ എന്നിവരുമായി ബന്ധപ്പെട്ടതനുസരിച്ച് ഇവര്‍ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ഭാരവാഹികള്‍ക്ക് കേസ് സംബന്ധിച്ച വിവരം കൈമാറുകയായിരുന്നു. കുട്ടികളുടെ മാതാവും ഇന്ത്യന്‍ എംബസിയും കേസില്‍ ഇടപെടാന്‍ സിദ്ദീഖ് തുവ്വൂരിനെയാണ് ഏല്‍പ്പിച്ചത്. കെഎംസിസി നേതാവ് ഹബീബും സിദ്ദീഖിനെ സഹായിക്കാന്‍ രംഗത്തുണ്ട്.
Next Story

RELATED STORIES

Share it