മലയാളി താരമാവാന്‍ മോഹിച്ച് അഭിജിത് ഇന്നിറങ്ങുന്നു, മഹാരാഷ്ട്രയ്ക്കു വേണ്ടി

ഇയാസ് മുഹമ്മദ്

കോഴിക്കോട്: ജന്മം കൊണ്ട് മലയാളിയാണ് മഹാരാഷ്ട്ര സ്വദേശിയായ അഭിജിത്ത് ആര്‍ നായര്‍. എന്നാലും ഒരു 'മലയാളി താരമാവണമെന്ന മോഹമാണ് അഭിജിത്തിന്. കേരളത്തിന് വേണ്ടി ഷോട്ടേന്തി വിജയിക്കണമെന്നാണ് വര്‍ഷങ്ങളായി മഹാരാഷ്ട്രയ്ക്കു വേണ്ടി കളിച്ചു കൊണ്ടിരിക്കുന്ന ഈ പത്താംക്ലാസുകാരന്റെ ആഗ്രഹം. അച്ഛന്റെയും അമ്മയുടെയും നാടായ ഇങ്ങോട്ട് വരണമെന്നും കരിയറില്‍ കാര്യമായ പിന്തുണ നല്‍കാത്ത മഹാരാഷ്ട്രയേക്കാള്‍ തനിക്ക് ഇഷ്ടം രാജ്യത്തിന്റെ അത്‌ലറ്റിക് ഹബ്ബായ കേരളത്തെ തന്നെയാണെന്നും അഭിജിത്ത് പറയുന്നു. ഷോട്ട് പുട്ടില്‍ ഒമ്പത് നാഷനല്‍ മെഡലുകളും 11 സ്റ്റേറ്റ് മെഡലുകളും അഭിജിത്ത് നേടിയിട്ടുണ്ട്. 59ാമത് ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ മഹാരാഷ്ട്രയ്ക്ക് വേണ്ടി സുവര്‍ണ നേട്ടം കൈവരിച്ച അഭിജിത്ത് ത്രോ ഇനങ്ങളില്‍ കേരളത്തിന് ഒരു മുതല്‍ക്കൂട്ടാകും. ജൂനിയര്‍ വിഭാഗം ഷോട്ട് പുട്ടിലാണ് അഭിജിത്ത് ഇത്തവണ ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ മത്സരിക്കുന്നത്. ഇന്ന് വൈകീട്ടാണ് അഭിജിത്തിന്റെ മല്‍സരം. പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായാല്‍ സ്വര്‍ണം ഉറപ്പാണെന്ന് അഭിജിത്ത് പറയുന്നു.
മുന്‍ ഷോട്ട്പുട്ട് താരമായ അച്ഛന്‍ റോജിഷാണ് അഭിജിത്തിന്റെ ഗുരു. ഇടുക്കി തൊടുപുഴ സ്വദേശിയായ അദ്ദേഹം 25 വര്‍ഷമായി മഹാരാഷ്ട്രയിലാണ് താമസം. 1987-90 കാലഘട്ടത്തിലാണ് റോജിഷ് കേരളത്തിനായി മത്സരരംഗത്തിറങ്ങിയത്. റെയില്‍വെയില്‍ ജോലി കിട്ടയതോടെയാണ് അദ്ദേഹം മഹാരാഷ്ട്രയിലേക്ക് കൂട് മാറിയത്. അഭിജിത്തിന്റെ അമ്മ ആരാധന നായരുടെ നാടായ പാലക്കാട് സ്ഥിരതാമസമാക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍.
Next Story

RELATED STORIES

Share it