മലയാളി ഡോക്ടറുടെ വധം: ചെന്നൈയില്‍ മൂന്നുപേര്‍ അറസ്റ്റില്‍

ചെന്നൈ: ചെന്നൈയില്‍ മലയാളി ഡോക്ടര്‍ രോഹിണി പ്രേംകുമാര്‍ (62) കൊല്ലപ്പെട്ട കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഹരി, രാജ എന്നിവരെയും ഒരു 18കാരനെയുമാണു പിടികൂടിയത്. രാജ എന്ന യുവാവ് ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണെന്നു പോലിസ് പറഞ്ഞു.
അറസ്റ്റിലായ 18കാരന്റെ പേര് പുറത്തുവിട്ടിട്ടില്ല. പോലിസ് ഇവരെ ചെന്നൈയിലെത്തിച്ചു. പ്രതികള്‍ നേരത്തെ ഡോക്ടറുടെ വീട് അറ്റകുറ്റപ്പണിക്ക് എത്തിയിരുന്നു.
ഇക്കഴിഞ്ഞ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലം സ്വദേശിനിയും കാന്‍സര്‍രോഗ വിദഗ്ധയുമായ രോഹിണിയുടെ മൃതദേഹം എഗ്‌മോറിലെ ഗാന്ധി-ഇര്‍വിന്‍ റോഡിലെ വീടിനോടു ചേര്‍ന്ന പൂന്തോട്ടത്തിലാണു ഉച്ചയോടെ കണ്ടെത്തിയത്. കൈകാലുകള്‍ വരിഞ്ഞുകെട്ടി വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചിരുന്നു.
രോഹിണിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയശേഷം ആഭരണങ്ങളും ഭൂമിയുടെ രേഖകളും മൊബൈല്‍ഫോണും അക്രമികള്‍ കവര്‍ന്നു. ചെന്നൈ വിഎസ് ആശുപത്രിയില്‍ സേവനമനുഷ്ഠിച്ചുവന്ന ഡോ. രോഹിണി 90 വയസ്സുള്ള മാതാവ് ഡോ. സുഭദ്ര നായര്‍ക്കൊപ്പമായിരുന്നു താമസം. ഭര്‍ത്താവ്: പരേതനായ ജോണ്‍ കുരുവിള. ഏകമകള്‍ ലക്ഷ്മി ചെന്നൈയിലെ മറ്റൊരു വീട്ടിലാണു താമസം. കേസന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചിരുന്നു.
Next Story

RELATED STORIES

Share it