Flash News

മലയാളികളെ കാണാതായ സംഭവം : 13 പേര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത വിദേശകാര്യമന്ത്രാലയം നിഷേധിച്ചു



അബ്ദുര്‍റഹ്്മാന്‍ ആലൂര്‍

പടന്ന(കാസര്‍കോട്): പടന്ന മേഖലയില്‍ നിന്ന് കാണാതായവരില്‍ ഒരാളുടെ സന്ദേശം വീണ്ടും. അമേരിക്കന്‍ സേന നടത്തിയ ആക്രമണത്തില്‍  മലയാളികള്‍ ഉള്‍പ്പെടെ 13 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇന്നലെ വ്യക്തമാക്കിയതിന് പിറകേയാണ് പുതിയ സന്ദേശം.തങ്ങള്‍ ജീവനോടെയിരിക്കുന്നുവെന്നും കഴിഞ്ഞ ദിവസം 13 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന തരത്തില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും പടന്നയില്‍ നിന്നു കാണാതായ അഷ്ഫാഖ് കുടുംബസുഹൃത്തും പടന്നയിലെ സാമൂഹികപ്രവര്‍ത്തകനുമായ ബി സി എ റഹ്്മാന് അയച്ച സന്ദേശത്തില്‍ പറഞ്ഞു.സന്ദേശത്തിലെ പ്രസക്ത ഭാഗങ്ങള്‍: ഞങ്ങള്‍ ഒരിക്കലും തിരിച്ചുവരില്ല. ഇന്‍ശാ അല്ലാഹ് ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ചുകാണാമെന്ന് പിതാവിനോടു പറയണമെന്നും സന്ദേശത്തില്‍ വ്യക്തമാക്കി. കേരള സലഫിയും സൗദി സലഫിയും തങ്ങള്‍ പിന്തുടരുന്നില്ല. ഞങ്ങള്‍ അഹ്്‌ലുസുന്ന വല്‍ജമാഅയാണ് പിന്തുടരുന്നത്. ജനാധിപത്യത്തോട് ഞങ്ങള്‍ക്ക് കൂറില്ല. ഞങ്ങളും കുടുംബങ്ങളും സന്തോഷത്തിലാണ്. ഡോ. ഇജാസ് പ്രാക്ടീസ് ചെയ്യുന്നുണ്ട്. ഞങ്ങളും ചില്ലറ ജോലി ചെയ്യുന്നുണ്ട്. ഞങ്ങള്‍ക്ക് ജീവനില്‍ കൊതിയുണ്ട്. എന്നാല്‍, പരലോകജീവിതമാണ് ലക്ഷ്യമിടുന്നത്. ഇനിയൊരിക്കലും നാട്ടിലേക്കു തിരിച്ചുവരില്ല. അമേരിക്കന്‍ ആക്രമണവാര്‍ത്ത തള്ളിയാണ് അഷ്ഫാഖ് സന്ദേശം അയച്ചത്. ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ സംഘത്തിലെ കണ്ണികളാണെന്ന് തെളിയിക്കുന്ന രൂപത്തിലുള്ളതാണു സന്ദേശം. ഐഎസ് കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം അമേരിക്കന്‍ സേന നടത്തിയ ആക്രമണത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 13 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. അബൂബക്കര്‍ ബഗ്ദാദിക്ക് വാക്കുകൊടുത്തതിനാല്‍ ഞങ്ങളുടെ തിരിച്ചുവരവ് പ്രതീക്ഷിക്കേണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. ഏതു നിമിഷവും രക്തസാക്ഷിയാവാന്‍ കാത്തിരിക്കുകയാണെന്നും അഷ്ഫാഖ് സന്ദേശത്തില്‍ പറഞ്ഞു. ഇസ്്‌ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ ബഗ്ദാദിയുടെ പേര് ആദ്യമായാണ് സംഘം വെളിപ്പെടുത്തുന്നത്. കേരളത്തില്‍ നിന്ന് 21 പേരാണ് അഫ്ഗാനിലെത്തിയതെന്നാണ് സംശയിക്കുന്നത്. പാകിസ്താന്റെയും അഫ്ഗാനിസ്താന്റെയും ഇടയിലുള്ള സ്വതന്ത്ര പ്രദേശത്താണ് ഇവരുള്ളതെന്നാണു സൂചന. ഈയിടെ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ പടന്നയില്‍ നിന്ന് കാണാതായ ഹഫീസുദ്ദീനും മുര്‍ഷിദ് മുഹമ്മദും കൊല്ലപ്പെട്ടതായി നേരത്തെ സന്ദേശം ലഭിച്ചിരുന്നു. മറ്റുള്ളവര്‍ക്ക് കടന്നുചെല്ലാന്‍ പറ്റാത്ത ഐഎസിന്റെ സ്വതന്ത്ര മേഖലയാണ് ഇതെന്നു കരുതുന്നു.
Next Story

RELATED STORIES

Share it