dwaivarika

മലയാളഭാഷയ്ക്കും ശരീഅത്ത് നിയമങ്ങള്‍

മലയാളഭാഷയ്ക്കും ശരീഅത്ത് നിയമങ്ങള്‍
X
Untitled-3

നിരീക്ഷണം

ഹുസൈന്‍ ഷാബാസ്

 

1985-86 കാലഘട്ടങ്ങളില്‍ സിപിഎമ്മും അനുബന്ധ സംഘടനകളും കേരളത്തില്‍ നടത്തിയ ശരീഅത്ത് സംവാദങ്ങളിലും പൊതുയോഗങ്ങളിലും തുടര്‍ച്ചയായി പങ്കെടുത്ത് ത്യാഗനിര്‍ഭരവും പുരോഗമനപരവുമായ ഭൗതിക ജീവിതം നയിച്ച ഹമീദ് ചേന്ദമംഗല്ലൂരിന്റെ അനുഭവങ്ങള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിക്കാനിടയായി. ശരീഅത്ത് നിയമങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിച്ച അദ്ദേഹം മലയാളഭാഷയ്ക്ക് 'ശരീഅത്ത്‌നിയമം' കല്‍പ്പിച്ചത് കൗതുകകരമായി തോന്നി.

അദ്ദേഹത്തിന്റെ ഭാഷാശാസ്ത്രാന്ധതയാണ് കൗതുകം തോന്നാന്‍ കാരണമായത്. അദ്ദേഹം പറയുന്നത് നോക്കുക: ഹിന്ദുനാമമോ ക്രൈസ്തവനാമമോ ജൂതനാമമോ  ഇല്ലാത്തതു പോലെ, മുസ്‌ലിംനാമം എന്ന സംഗതിയുമില്ലെന്ന് ഗ്രഹിക്കാനുളള വിവരമോ വിവേകമോ അവര്‍ക്കില്ലാതെപോയി.

[related]''മുഹമ്മദ് നബിയുടെ പിതാവിന്റെ പേര് അബ്ദുളള എന്നാണ്. ഇസ്‌ലാം ആവിര്‍ഭവിക്കുന്നതിന് മുമ്പ് ജീവിച്ച അബ്ദുള്ളയുടേത് മുസ്‌ലിം പേരോ ഇസ്‌ലാമികപേരോ ഒന്നുമാവില്ലല്ലോ. ഒരു അറബ് പേര് (അറബ് നാമം) മാത്രമാണ്. അബ്ദുള്ളയെ മലയാളീകരിച്ചാല്‍ 'ദൈവത്തിന്റെ അടിമ'എന്നാകും. സംസ്‌കൃതത്തിലെ ഹരിദാസ,് ദേവദാസ്, ഈശ്വര്‍ദാസ് തുടങ്ങിയ പേരുകള്‍ മലയാളീകരിച്ചാല്‍ സംഭവിക്കുന്നതും അതുതന്നെ. ഇന്ത്യയിലെ അബ്ദുള്ളമാരെ ഹരിദാസെന്നോ ദേവദാസെന്നോ ഈശ്വര്‍ദാസെന്നോ വിഷ്ണുദാസെന്നോ രാമദാസെന്നോ വിളിക്കാം എന്നാണിതിനര്‍ഥം. മുസ്‌ലിം യാഥാസ്ഥിതികരുടെ മനസ്സിലേക്ക് അത്തരമൊരു ചിന്ത അന്നോ കയറിയില്ല; ഇന്നും കയറുന്നില്ല''.
ഹമീദ് ചേന്ദമംഗല്ലൂര്‍ ഉദ്ദേശിക്കുന്നതുപോലെ, ഇവിടെ പ്രശ്‌നം യാഥാസ്ഥിതികരുടേതല്ല; മറിച്ച് ഇസ്‌ലാമിനെക്കുറിച്ചോ ഹിന്ദുമതത്തെക്കുറിച്ചോ ലേഖകനുള്ള അടിസ്ഥാന പരമായ അറിവില്ലായ്മയാണ്. അതോടൊപ്പം മതം ഭാഷാശാസ്ത്രവുമായി എങ്ങനെ ബന്ധപ്പെടുന്നു എന്നതിനെക്കുറിച്ചുളള അജ്ഞതയും.
മത പ്രത്യയശാസ്ത്ര വാഹിനികളാണ് വ്യക്തിനാമങ്ങള്‍; അതായത് മതത്തിന്റെ ഭാഷാ സ്വത്വ മുദ്രകള്‍. ഇക്കാര്യങ്ങള്‍  അറിയാനുളള 'ഇടതുപക്ഷ ജ്ഞാന'മൊക്കെ ലേഖകന് ഉണ്ടാവും. എന്നിട്ടും ഇത്തരം പ്രസ്താവനകളിലേക്ക് എത്തുന്നതിന് ചില നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഉണ്ടാകാനിടയുണ്ട്. അതില്‍ പ്രധാനം പ്രച്ഛന്ന മതേതരത്വമാണ്. എന്നുവെച്ചാല്‍ ഭൂരിപക്ഷ സമുദായമായ ഹൈന്ദവമത ചിന്തകളും ആശയങ്ങളും മറ്റു മത വിശ്വാസത്തോട് കൂട്ടിച്ചേര്‍ത്ത്  ഭൂരിപക്ഷ പ്രീണനം നടത്തി മതേതരത്വം  സൃഷ്ടിക്കുക. ഇത്തരം 'മതേതരവാദികള്‍' പുലര്‍ത്തിപ്പോരുന്ന സാമ്പ്രദായിക കലാപരിപാടികളില്‍ പെട്ടതാണിത്. ഭൂരിപക്ഷ സമുദായത്തിലേക്ക് ഒട്ടിച്ചേര്‍ന്ന് സംസ്‌കാരങ്ങളും ആശയങ്ങളും സ്വീകരിച്ച്‌കൊണ്ട് മുന്നോട്ട് പോവുകയാണ് ന്യൂനപക്ഷങ്ങള്‍ ചെയ്യേണ്ടതെന്നും, ഭൂരിപക്ഷ സ്വത്വഭിന്നമായ അസ്തിത്വം ന്യൂനപക്ഷം സ്വീകരിക്കുന്നത് വര്‍ഗീയതയും അപക്വവും യാഥാസ്ഥികതയുമാണെന്നും ഹമീദിനെപോലുള്ളവര്‍ ഉദ്‌ഘോഷിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധിതന്നെ ധാരാളം. മതവിശ്വാസസംഹിതയും ഭാഷയും തമ്മില്‍ മാറ്റി നിര്‍ത്താന്‍ സാധ്യമാവത്തവിധം ബന്ധപ്പെട്ട് നില്‍ക്കുന്നുണ്ട്. ഭാഷയുടെ പ്രത്യേകതയോ പരിമിതിയോ ആയി വേണം ഇതിനെ മനസ്സിലാക്കാന്‍. ഈ പറഞ്ഞതിന്റെ പൊരുളും, ലേഖനത്തില്‍ മുകളില്‍ പറഞ്ഞിരിക്കുന്ന ചിന്തയും ഭാഷയുമായി ബന്ധപ്പെട്ട ചില പരികല്‍പ്പനകളെ മുന്‍നിര്‍ത്തി പരിശോധിക്കുമ്പോഴാണ് വസ്തുതകള്‍ തെളിഞ്ഞ് വരുന്നത്.
ഹമീദിന്റെ ലേഖനത്തില്‍ വന്നുപെട്ട ചരിത്രപരവും വസ്തുതാപരവുമായ ഒരു തെറ്റിനെ ആദ്യമേ ചൂണ്ടിക്കാണിക്കട്ടെ.

അദ്ദേഹം പറയുന്നതുപോലെ ഇസ്‌ലാമിന്റെ ആവിര്‍ഭാവം മുഹമ്മദ് നബിയിലൂടെയല്ല. കാരണം ഇസ്‌ലാമിലെ അവസാനത്തെ പ്രവാചകനാണ് മുഹമ്മദ് നബി. അന്ത്യപ്രവാചകന്‍ എന്നാണല്ലോ അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. ഖുര്‍ആനില്‍തന്നെ ധാരാളം പ്രവാചകന്മാരുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ട്.  ലോക പ്രശസ്തനായ സോളമന്‍ (സുലൈമാന്‍), ഈജിപ്തിലെ ഭരണാധികാരി യൂസൂഫ,് അബ്രഹാം (ഇബ്രാഹിം), ഇസ്മാഈല്‍, ദാവൂദ് തുടങ്ങിയവര്‍ ഇവരില്‍ ചിലര്‍ മാത്രം. കൃത്യമായും അറബികള്‍ അള്ളാഹുവില്‍ വിശ്വസിച്ചിരുന്നവരാണ്.

കൂട്ടത്തില്‍ പറയട്ടെ,  പ്രവാചകന്റെ കാലഘട്ടത്തിന് മുമ്പുള്ള ബഹുഭൂരിപക്ഷ അറബികളും ഇതില്‍ ബിംബത്തെ ആരാധിച്ചിരുന്നവരും ആണ്. ജൂത ക്രൈസ്തവ വിശ്വാസികളും ഉണ്ടായിരുന്നു എന്നുള്ളതും വിസ്മരിക്കുന്നില്ല. ഈ സാമൂഹികഘടനയിലേക്കാണ് അവസാനത്തെ പ്രവാചകന്‍ എന്ന നിലയില്‍ മുഹമ്മദ് നബി കടന്നുവരുന്നത്. കുടുംബപരമായി ഖുറൈശി തറവാട്ടില്‍ പിറന്ന അബ്ദുള്ള ഇസ്‌ലാമിന് പുറത്താണെന്നോ ജൂത-ക്രൈസ്തവ വിശ്വാസിയാണെന്നോ ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല.  ഇസ്‌ലാംമതവിശ്വാസിയാണെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.

ഇത് മുസ്‌ലിംകളുടെ സൗകര്യാര്‍ത്ഥം കണ്ടെത്തിയതുമല്ല. ബഹുദൈവ വിശ്വാസികളുള്ളപ്പോള്‍തന്നെ എകദൈവവിശ്വാസികളും ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്നിട്ടുണ്ട്. (പേരില്‍തന്നെ അള്ളാഹു -അബ്ദുള്ള- എന്ന ആശയം ചേര്‍ന്നിട്ടുള്ളതാണല്ലോ). അതിനാല്‍ ലേഖകന്‍ സൂചിപ്പിച്ചതു പോലെ അബ്ദുള്ള അമുസ്‌ലിം ആണെന്ന് പറയാന്‍ സാധ്യമല്ല.
പേരിന്റെ അറബിവത്ക്കരണം/അറബിയില്‍ വ്യക്തിയെ നാമകരണം ചെയ്യുന്നതിന്റെ പ്രസക്തിയെയാണ് ലേഖകന്‍ വിമര്‍ശിക്കുന്നത്. പേര് നിസ്സാരമല്ല. പേരില്‍ പലതുമിരിക്കുന്നു. നാമത്തിന് വളരെയധികം പ്രാധാന്യം കല്‍പ്പിച്ച് പോരുന്നുണ്ട്. വസ്തുവിനോ ജീവി വര്‍ഗത്തിനോ നാമം എന്നുള്ളത് സ്വത്വത്തെ തിരിച്ചറിയാനുള്ള ഉപാധികൂടിയാണ്. നാമകരണം 'സങ്കല്‍പന'ത്തിന്റെ അടിസ്ഥാനത്തിലാണ് രൂപപ്പെടുന്നത്. ചുറ്റുപാടുകളെ മനസ്സിലാക്കുന്നതും ഭാഷ ഉള്‍ക്കൊള്ളുന്നതും എല്ലാം സങ്കല്‍പനത്തിന്റെ അടിസ്ഥാനത്തിലാണ്. അതായത് സങ്കല്‍പനം എന്നത്, വ്യക്തി തനിക്ക് ചുറ്റുമുള്ള ലോകത്തെ എങ്ങനെ മനസ്സിലാക്കുന്നുവെന്നതാണ്.  മനസ്സിലാക്കപ്പെടുന്നതിന്റെ ആന്തരിക ഘടകങ്ങള്‍ക്കും ഏറെ പ്രാധാന്യമുണ്ട്.

സങ്കല്‍പനം എന്നുള്ളത് ഭാഷാപഠനത്തില്‍ വളരെ പ്രാധാന്യത്തോടുകൂടിയും വിശാലമായ ആശയതലത്തിലും ചര്‍ച്ച ചെയ്യപ്പെടുന്നു. മനുഷ്യന്‍ അറിവ് സമ്പാദിക്കുന്നത് സങ്കല്‍പനം എന്ന പ്രക്രിയയിലൂടെയാണ്.
സങ്കല്‍പനത്തിലൂടെയാണ് ചിന്ത, തത്വങ്ങള്‍, ആശയങ്ങള്‍ എന്നിവ ഉരുവപ്പെടുന്നതും. ഭൗതിക യാഥാര്‍ത്ഥ്യത്തില്‍ അടിസ്ഥാനമാക്കിയുള്ള സങ്കല്‍പനത്തിലൂടെയാണ് വ്യക്തി തനിക്ക് ചുറ്റുമുള്ള ലോകത്തെ വിലയിരുത്തുന്നത്. സങ്കല്‍പനത്തിന്റെ അഭാവത്തില്‍ ആശയങ്ങളെ പൂര്‍ണ്ണമായി ഉള്‍കൊള്ളാന്‍ സാധ്യമല്ല. എങ്ങനെ ഒരു നാമത്തെ/ആശയത്തെ സങ്കല്‍പനം ചെയ്യുന്നു എന്നുള്ളതിന്റെ അടിസ്ഥാനത്തിലേ അതിനെ വിലയിരുത്താന്‍ സാധ്യമാകുകയുള്ളൂ. ഭാഷാശാസ്ത്രത്തിലെ ഈ അടിസ്ഥാന തത്വം മനസ്സിലാക്കുമ്പോഴാണ് 'അബ്ദുള്ള', 'കൃഷ്ണദാസ്', 'ദേവദാസ്' എന്നീ പേരുകളിലെ വ്യത്യാസവും അതോടൊപ്പം വേര്‍തിരിവിന്റെ പ്രാധാന്യവും മനസ്സിലാവുക. വളരെ മുമ്പുതന്നെ പേരിലെ മതസ്വത്വത്തെ വൈക്കം മുഹമ്മദ് ബഷീര്‍ പ്രശ്‌നവല്‍ക്കരിച്ചിട്ടുണ്ട്; 'മന്നാ ആന്‍ഡ് ശങ്ക' എന്ന ചെറുകഥയില്‍. വ്യക്തി നാമത്തിന്റെ സാമൂഹികവത്ക്കരണം ഈ കഥയില്‍ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു/പരിഹസിച്ചിരിക്കുന്നു.
ബഷീര്‍ പറയുന്നു: ''കേരളത്തിലുണ്ടായിരുന്ന നായന്മാരും നമ്പൂതിരിമാരും മറ്റും മുസല്‍മാന്മാരായിരുന്നു എന്ന് ഭാവിയിലെ ചരിത്രകാരന്മാര്‍ തെളിയിക്കും.'' കഥ ഇങ്ങനെയാണ്: ഇബ്‌റാഹീം മൗലവി ഇസ്‌ലാമിന് അനുകൂലമായി രണ്ട് ലേഖനമെഴുതാന്‍ ബഷീറിനോട് ആവശ്യപ്പെടുന്നു. അതിലൊരു ലേഖനമാണ് 'മന്ന ആന്‍ഡ് ശങ്ക'. നായര്‍ പ്രമാണികളായ ശ്രീ മന്നത്തു പത്മനാഭപിള്ള മുതല്‍പേര്‍, ആര്‍ ശങ്കറോട് ചേര്‍ന്നു പിള്ള, നായര്‍, മേനോന്‍, പണിക്കര്‍, കുറുപ്പ് മുതലായവര്‍ സ്ഥാനപ്പേരുകള്‍ ഉപേക്ഷിച്ച വിവരം മൗലവി ബഷീറിനെ അറിയിക്കുന്നു.  ഈ നല്ല അവസരം മുസ്‌ലിം ലോകത്തെ അറിയിക്കണം. മാത്രമല്ല ക്രിസ്ത്യാനികള്‍ ഇതില്‍ കൈവെയ്ക്കും മുമ്പ് നമുക്ക് സംഗതികള്‍ ശരിപ്പെടുത്തണം, ബഷീര്‍ സമ്മതിച്ചു.
ഭാവിയില്‍ നമ്മുടെ കേരളത്തില്‍ നാലു സമുദായമാണുണ്ടായിരിക്കുക. നായരു കാണുകില്ല. നമ്പൂതിരി, മാരാര്, പിഷാരടി, പണിക്കര്‍, വാര്യര്‍, നമ്പ്യാര്‍, പിള്ള, തീയ്യര്‍, ഈഴവര്‍, തണ്ടാന്‍, പുലയന്‍, കുറവന്‍, പറയന്‍, ഗണകന്‍, ചേകോന്‍, പൊതുവാള്‍ ഇത്തരം ഒന്നും ഉണ്ടായിരിക്കില്ല. ക്രിസ്ത്യാനിയുണ്ടാവും, മുസല്‍മാനുമുണ്ടാവും ബാക്കി പിന്നെ ഹിന്ദുക്കള്‍. ഇവരില്‍ രണ്ടു സമുദായവും ഉണ്ടാവും അതായത് 'മന്നാ ആന്‍ഡ് ശങ്ക'. ഭാവിയില്‍ നായരേയും ഈഴവരേയും എങ്ങനെ തിരിച്ചറിയാമെന്നറിയാമോ?
എ ബാലകൃഷ്ണപിള്ള ഭാവിയില്‍ -എ ബാലകൃഷ്ണ മന്നാ, സി കേശവന്‍ -സി കേശവശങ്കാ, കാരൂര്‍ നീലകണ്ഠപിള്ള -കാരൂര്‍ നീലകണ്ഠ മന്നാ, കെ അയ്യപ്പന്‍ -കെ അയ്യപ്പ ശങ്കാ, ജി ശങ്കരക്കുറുപ്പ് -ജി ശങ്കരമന്നാ, ആര്‍ ശങ്കര്‍ -ആര്‍ ശങ്കരശങ്കാ, ഇഎം ശങ്കരന്‍ നമ്പൂതിരിപ്പാട് -ഇഎം ശങ്കരമന്നാ.
ഇതുകൊണ്ട് ഇസ്‌ലാമിന് എന്താ ഗുണം?
നമ്പൂതിരി, തണ്ടാന്‍, നായര്‍, പൊതുവാള്‍, മാരാര്... എന്നീ ജാതിപ്പേരുകള്‍ മുസ്‌ലിം പേരുകളോട് കൂട്ടിച്ചേര്‍ക്കണം. വൈക്കം മുഹമ്മദ് ബഷീര്‍ നമ്പൂതിരിപ്പാട്.  മൗലവി ഇബ്രാഹിം മാരാര്‍. മൗലവി തുടര്‍ന്ന് പറഞ്ഞു. നമുക്ക് ഇതിന് ചെറിയൊരു ഫീസു വെക്കണം. ഓരോ രൂപ മതി. കേരളത്തിലുള്ള ഓരോ മുസല്‍മാനും ഓരോ രൂപ നമുക്കയച്ചുതരട്ടെ. ചിലര്‍ക്ക് അപ്പോള്‍ തന്നെ പേരുകൊടുത്തു. വക്കം അബ്ദുല്‍ഖാദര്‍ തണ്ടാന്‍, പികെ കുഞ്ഞു പണിക്കര്‍, കെഎം സീതി മേനോന്‍, അബ്ദുല്‍ അസീസ് നമ്പ്യാര്‍, അബ്ദുല്ല ഗണകന്‍, മജീദ് മരക്കാര്‍ പിഷാരടി, തങ്ങള്‍ കുഞ്ഞു മുസ്‌ല്യാര്‍ ഭട്ടതിരിപ്പാട്, മരക്കാര്‍പിള്ള വാര്യര്‍... പിന്നെ സ്ത്രീ ജനങ്ങള്‍ അവരുടെ പേരോടുകൂടി അന്തര്‍ജനം, അമ്മ, തങ്കച്ചി, നങ്ങ, തമ്പുരാട്ടി, വാരസ്യാര്‍ ഇതെല്ലാം ചേര്‍ക്കണം. ആയിഷാ തങ്കച്ചി, ലൈലാച്ചോത്തി, നബീസാ വാരസ്യാര്‍, സൈനബ അന്തര്‍ജനം... ഇതെല്ലാംകൊണ്ടുള്ള ഗുണം. അതാണ് ചരിത്രത്തിലെ മുസ്‌ലിംകള്‍. ജാതി-മത ശ്രേണിയില്‍ അധിഷ്ഠിതമായ വ്യക്തിനാമങ്ങളുടെ അര്‍ഥഘടനയെ അപഹസിക്കുകയാണ് ബഷീര്‍ ഇവിടെ.
വര്‍ഷങ്ങള്‍ക്കുമുമ്പ,് കെഎസ് സുദര്‍ശന്‍ ഇന്തോനേസ്യന്‍ മുസ്‌ലിംകളുടെ പേരുകളെ പരാമര്‍ശിച്ചുകൊണ്ട് ഇന്ത്യയിലെ മുസ്‌ലിംകളും തദ്ദേശിയ പേരുകള്‍ സ്വീകരിക്കേണ്ടതിന്റെ യുക്തിയെക്കുറിച്ച് പറയുകയുണ്ടായി. ഉദാഹരണമായി മുന്‍ ഇന്തോനേസ്യന്‍ പ്രസിഡന്റ് സുകാര്‍ണോ, മകള്‍ മേഘാവതി, ഭാര്യ ഫത്ത്മാവതി ഇവരെല്ലാം മുസ്‌ലിംകളാണ്. പക്ഷേ പേരുകള്‍ തദ്ദേശീയം. ഇത്തരത്തില്‍ വേണമെന്നാണ് സുദര്‍ശന്‍ ഇന്ത്യന്‍ മുസ്‌ലിംകളോട് ആവശ്യപ്പെട്ടത്. ഇവയെല്ലാം സംസ്‌കൃത നാമങ്ങളാണ്. എന്നാല്‍ ഇവ ഹിന്ദുമതം വഴി പ്രചരിച്ച സംസ്‌കൃതമല്ല, മറിച്ച് ബുദ്ധമത പ്രചാരണത്തിനെത്തിയ സന്യാസികള്‍ കൊണ്ടുവന്നതാണ്. വേറിട്ടൊരു സാമൂഹികാന്തരീക്ഷമാണ് ഇവിടെ നിലനില്‍ക്കുന്നത്.
ഇന്തോനേസ്യന്‍ ഭാഷയിലെ സംസ്‌കൃതവല്‍കരണത്തെപ്പറ്റി മലയളത്തില്‍ പഠനങ്ങളുണ്ടായിട്ടുണ്ട്. ''ഭാഷയിലുള്ള ഭാരതവത്ക്കരണത്തിന് നല്ല ഉദാഹരണമാണ് ഇന്തോനേസ്യയിലെ സമ്പര്‍ക്കഭാഷയായി ഉടലെടുത്തിട്ടുള്ള 'ബഹാസ ഇന്തോനേസ്യ' മലയോ-പോലിനേസ്യന്‍ കുടുംബത്തില്‍പെട്ട ഈ ഭാഷയിലെ പദാവലിയില്‍ ഗണ്യമായ ഒരു പങ്ക് സംസ്‌കൃതജന്യമാണ്. ബഹാസ്തന്നെ ഭാഷയെ അടിച്ചുപരത്തിയതു മാത്രമാണ്.
വാക്യരചനയിലോ വ്യാകരണരൂപാവലിയിലോ ഗണ്യമായ ഒരു പ്രഭാവവും സംസ്‌കൃതത്തിനില്ല. സംസ്‌കൃതം വരുത്തിയ എടുത്തുപറയാവുന്ന ഒരു വ്യാകരണ പരിണാമം സമസ്തപദരചനയില്‍ മാത്രമാണ്. ദീര്‍ഘകാല സമ്പര്‍ക്കംമൂലം ഇന്തോനേസ്യക്കാര്‍ക്ക് പ്രാകൃതത്തിന്റെയും പില്‍ക്കാല ആര്യ ഭാഷകളുടെയും ഉച്ചാരണശീലങ്ങള്‍ കിട്ടി. ഇതും ദേശ്യഭാഷാശീലങ്ങളും നിമിത്തം സംസ്‌കൃത പദങ്ങളുടെ ഉച്ചാരണം മാറിയിട്ടുണ്ട്.  എണ്ണമറ്റ പദങ്ങളില്‍ എന്നിട്ടും അര്‍ഥവ്യത്യാസമില്ല.
ഉദാഹരണം: പെര്‍തമ-പ്രഥമ, സുക-സുഖ, ദുക-ദുഃഖ, ബുമി-ഭൂമി, രജ-രാജ, മെന്തിരി-മന്ത്രി. പദ്മ, എക, ദ്വി, ഗിരി ഇവയില്‍ രൂപത്തിനും മാറ്റമില്ല. വ്യക്തിസംജ്ഞകള്‍ പൂര്‍വേന്ത്യാഭാഗത്ത് ഭാരതീയ പാരമ്പര്യത്തില്‍പെട്ടതാണ്. 'സുകര്‍ണന്‍'തന്നെ ''സുകാര്‍ണോ''. സുഹൃത്തുതന്നെ 'സുഹാര്‍ത്തോ'' (വാക്കിന്റെ വഴികള്‍ -ടിബി വേണുഗോപാലപണിക്കര്‍)
സംസ്‌കൃതത്തിലെ ഹരിദാസ്, ദേവദാസ് എന്നിവ മലയാളീകരിക്കുമ്പോഴുണ്ടാകുന്ന സങ്കല്‍പനമല്ല അബ്ദുള്ള എന്ന പേരിലുള്ള സങ്കല്‍പനം. വ്യതിരിക്തമായ നിലയിലാണ് സങ്കല്‍പനം സംഭവിക്കുന്നത്. നിരക്ഷരരായ വ്യക്തിയുടെ മുമ്പില്‍ അബ്ദുള്ളയും ഈശ്വരദാസും ഒരേപോലെയല്ല സങ്കല്‍പനം ചെയ്യുന്നത്. ഇവിടെ തിരിച്ചറിയുന്നതില്‍ നടക്കുന്ന സങ്കല്‍പനമാണ് പ്രധാനം. സാമാന്യമായ അറിവാണ് ഇതിന് നിദാനം. ഇതിനെ അപ്രധാനമാക്കികൊണ്ടുള്ള സങ്കല്‍പനം മതേതരമാകും എന്നുള്ള വാദം നിലനില്‍ക്കുന്നതല്ല.  സാമൂഹിക സങ്കല്‍പനം ക്രമപ്പെട്ടതിന്റെ നിര്‍മ്മിതിയും പ്രധാനമാണല്ലോ.
അര്‍ത്ഥങ്ങളും, അര്‍ത്ഥസങ്കല്‍പനങ്ങളും തിരിച്ചറിയാത്തവര്‍ക്കും ലളിതമായി പറഞ്ഞാല്‍ നിരക്ഷരരായ വ്യക്തിക്കുപോലും തിരിച്ചറിവ് ലഭിക്കുന്നത് പേരിലുള്ള വ്യത്യാസമാണ്.  ഇതിനുതകുന്ന തരത്തിലാണ് പേരുകള്‍ നല്‍കപ്പെട്ടിരിക്കുന്നത്.  മതപേരുകള്‍ തമ്മിലുളള വിനിമയമാണ് മതേതര മാര്‍ഗമെങ്കില്‍, ഹിന്ദുക്കള്‍ക്ക് ഹമീദ് നായര്‍ എന്നും അബ്ദുല്ല നമ്പൂതിരിയെന്നും പേരിടാമല്ലോ. ഉയര്‍ന്ന ജാതിക്കാര്‍ മാത്രമാണ് പേരിനോടൊപ്പം ജാതിപ്പേര്‍ ചേര്‍ക്കുക എന്ന യാഥാര്‍ത്ഥ്യത്തെ സ്വീകരിക്കുകയാണെങ്കില്‍ ജാതി പദവി പേരിലില്ലാത്ത ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക്, മുസ്‌ലിം വ്യക്തി നാമങ്ങളുടെ അടിസ്ഥാന സ്രോതസ്സായ അറബ്-പേര്‍ഷ്യന്‍ ഭാഷകളില്‍നിന്നുള്ള നാമങ്ങള്‍ സ്വീകരിക്കാവുന്ന കാര്യം ലേഖകന്‍ നിര്‍ദ്ദേശിച്ചതായി കാണുന്നില്ല. ഭൂരിപക്ഷത്തിലേക്ക് കൂട്ടിചേര്‍ത്ത് കൂറിപ്പടി തയ്യാറാക്കുമ്പോഴാണല്ലോ കുറേക്കൂടി സാധ്യതകളും മതേതര പെരുമയും ലഭ്യമാകുന്നത്.
ഒരു വ്യക്തിയില്‍നിന്ന് മറ്റൊരു വ്യക്തിയെ തിരിച്ചറിയാനുള്ള ഭാഷാപരമായ ഉപാധിയാണ് നാമം. ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് അവരുടെ സാമൂഹിക സാംസ്‌കാരിക പശ്ചാതലത്തിനും പരമ്പരാഗത രീതിക്കുമനുസരിച്ച് വ്യത്യസ്ത പേരുകള്‍ തന്നെയുണ്ട്. ഹിന്ദുമതവിശ്വാസികള്‍ സംസ്‌കൃതം, പുരാണ ഇതിഹാസങ്ങള്‍ എന്നിവയില്‍നിന്ന് നിരവധി നാമങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. കേരളീയ മുസ്‌ലിംകള്‍ നാമങ്ങള്‍ക്കായി അറബി പദങ്ങള്‍തന്നെയാണ് ഉപയോഗിക്കുന്നത്. (അധികാരവും ഭാഷയും -പിഎം ഗിരീഷ്). 'മതേതരത്വത്തെ' പ്രതിനിധീകരിക്കുന്ന പാന്‍ ഇന്‍ഡ്യന്‍ പേരുകള്‍ വളരെ വിരളമാണ്. ഷാജി, സലിം, സുധീര്‍, ബാബു, അനുപ്, സൂരജ്, ഡാനിഷ് പോലുള്ളവ മതവ്യത്യാസമില്ലാതെ ആളുകള്‍ ഉപയോഗിക്കുന്നു. മതേതരബോധത്തേക്കാള്‍ സ്റ്റൈലിന്റെ ഭാഗമായി വന്നതാകാം കാരണം. വിരളമായി മാത്രമേ ഇവ സ്വീകരിക്കപ്പെടുന്നുള്ളൂ. പ്രചുരപ്രചാരമില്ലെന്നര്‍ത്ഥം. മതങ്ങളെ ആവിഷ്‌കരിക്കുന്ന പേരുകളാണ് ഏറെ ഉപയോഗിക്കുന്നതും പ്രചാരമുള്ളതും.
കേരള ക്രിസ്ത്യാനികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന നാമങ്ങള്‍ അധികവും ഹീബ്രുവില്‍നിന്ന് സുറിയാനി വഴി വന്നതാണ്. ഗ്രീക്ക്, ലത്തീന്‍, ഹീബ്രു തുടങ്ങിയ ഭാഷകളില്‍നിന്ന് ആദാനം ചെയ്യപ്പെട്ട നാമങ്ങളുടെ ഇംഗ്ലീഷ് രൂപങ്ങളാണ് പൊതുവെ സ്വീകാര്യമായിരിക്കുന്നത്. ഇതില്‍നിന്നും വ്യതിരിക്തമായി ദീപ, സാബു, അരുണ്‍, തുടങ്ങിയവ നാമങ്ങളായി ക്രിസ്ത്യാനികള്‍ സ്വീകരിച്ച് പോരുന്നു. എന്നാല്‍ ഇവയുടെകൂടെ മേരി, സക്കറിയ, സെബാസ്റ്റ്യന്‍ മുതലായവ കൂട്ടിചേര്‍ത്താണ് ഉപയോഗിക്കുന്നത്. അതായത് മതസംഹിതക്കുള്ളിലെ നാമങ്ങള്‍ പൊതുനാമത്തിന്റെ കൂടെ ചേര്‍ക്കുന്നു. ഇവയെല്ലാം ചേര്‍ത്ത് വായിച്ചാല്‍ മത പ്രത്യയ ശാസ്ത്രത്തിന്റെ ലളിതമായ ആവിഷ്‌കാരങ്ങളാണ് വ്യക്തിനാമങ്ങള്‍ എന്നു മനസ്സിലാക്കാനാകും.
വ്യക്തിനാമത്തെ മനസ്സിലാക്കേണ്ടത് അതിന്റെ ചരിത്രപശ്ചാത്തലത്തെയുംകൂടി ആസ്പദമാക്കിയാവണം. ഇസ്‌ലാംമത വിശ്വാസം ഏകദൈവസംഹിതയാണ്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ മുന്‍ഗാമികളുടെയും പേരുകള്‍ മുസ്‌ലിംകള്‍ സ്വീകരിക്കാറുണ്ട്. അതിനാല്‍തന്നെ വിശ്വാസത്തിന്റെ പ്രാധാന്യം പേരുകളില്‍ സ്വീകരിച്ചിരിക്കുന്നു എന്നുള്ളതിന് തെളിവാണിത്. യൂസുഫ്, സുലൈമാന്‍ (സോളമന്‍), ദാവൂദ്, ഇബ്‌റാഹീം (അബ്രഹാം) തുടങ്ങിയവരെല്ലാം പ്രവാചകന്മാരായിരുന്നു. ഇവിടെ സുലൈമാന്‍ എന്നാണോ അല്ലെങ്കില്‍ സോളമന്‍ എന്നാണോ വരിക എന്നുള്ളതിന് ഇബ്‌നുസീനയെ അവിസെന്ന എന്ന് നാമവത്ക്കരണം ചെയ്ത സാമൂഹിക പശ്ചാത്തലത്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടത്. മുകളില്‍ സൂചിപ്പിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ പേരില്‍ അറബിവത്ക്കരണമല്ല മറിച്ച് നാമങ്ങള്‍ രൂപപ്പെട്ട പശ്ചാതലവും വളര്‍ച്ചാഘട്ടവും പ്രാധാന്യമുള്ളതാണെന്ന് വിലയിരുത്തുന്നതാണ് യുക്തി.
ഇതിനോടൊപ്പം പരിശോധിക്കേണ്ട വസ്തുതയാണ് പേരുകള്‍ സ്വീകരിക്കുന്നതിലെ ഏകീകൃതസ്വഭാവത്തിന്റെ അഭാവം. കേരളീയ പശ്ചാതലത്തില്‍ ഉപയോഗിക്കപ്പെടുന്ന മുസ്‌ലിം നാമങ്ങളും മറ്റ് പ്രദേശങ്ങളിലെ മുസ്‌ലിംനാമങ്ങളും തമ്മില്‍ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നു. അറബികളുടെ പേരിടല്‍ സ്വഭാവമല്ല കേരളീയ മുസ്‌ലിംകള്‍ക്ക്.  ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ ഇതില്‍നിന്നും വ്യത്യസ്തമാണ്. കേരളം ഒഴികെയുള്ള സൗത്ത് ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് വേറിട്ടൊരു രീതിയാണ്. വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതുപോലെതന്നെ ഐക്യരൂപങ്ങളുടെ അംശങ്ങളും നാമസ്വീകരണത്തിലുണ്ട്. പ്രാദേശിക സ്വഭാവങ്ങളും നാമസ്വീകരണത്തില്‍ സ്വാധീനം ചെലുത്തിയിരിക്കുന്നു.
കുഞ്ഞിമുഹമ്മദ്, കുഞ്ഞിരായിന്‍, കുഞ്ഞാലി, കുട്ട്യാലി, കുട്ടി, അഹമ്മദ് കുട്ടി, മുഹമ്മദ് കുട്ടി, മമ്മുട്ടി, മമ്മദ്, കുഞ്ഞിമൊയ്തീന്‍ തുടങ്ങിയവയെല്ലാം ഒരു പക്ഷേ കേരള മുസ്‌ലിം/മലയാളി മുസ്‌ലിംകളുടെ പേരുകളുടെ പ്രത്യേകതയാണ്.
പേരിന്റെ അര്‍ത്ഥതലങ്ങളുടെ പ്രാധാന്യം വിലയിരുത്തുമ്പോള്‍ ഒരു നാമത്തോട് അനുബന്ധിച്ച് വരുന്ന സര്‍വ്വവിജ്ഞാന സ്പര്‍ശിയും വിവിധതരത്തിലുള്ള സങ്കല്‍പനതലങ്ങളും ഇവയില്‍നിന്ന് രൂപപ്പെടുന്ന ധാരാളം ഘടകങ്ങളും ഉണ്ടെന്ന് മനസ്സിലാക്കണം. ഇതിനെ ആസ്പദമാക്കിയാവണം അതിന്റെ ജ്ഞാനതലത്തെ മനസ്സിലാക്കേണ്ടത്.
അനുഭവജ്ഞാനവുമായി ജ്ഞാനാര്‍ഥത്തെ ബന്ധിപ്പിക്കണം. വ്യക്തി ആര്‍ജിച്ചെടുത്ത അനുഭവജ്ഞാനവുമായി ബന്ധപ്പെടുത്തിയാണ് ഇവ നിലകൊള്ളുന്നത്. ഇവിടെ 'അബ്ദുള്ള'എന്നു പറയുമ്പോള്‍ കേവലം ദേവദാസന്‍, കൃഷ്ണദാസന്‍ എന്നീ അര്‍ത്ഥങ്ങളല്ല ഉള്ളത്. പകരം അള്ളാഹുവിന്റെ ദാസന്‍ എന്നുതന്നെയാണ് വിവക്ഷ. കൃത്യമായി ഇതിനെ മലയാളവല്‍ക്കരിച്ച്‌കൊണ്ട് പദം കണ്ടെത്തിയാലും മുകളില്‍ പരാമര്‍ശിച്ച ജ്ഞാനാര്‍ഥ ഘടനയെ അടിസ്ഥാനമാക്കി ചിന്തിച്ചാല്‍ വ്യക്തിയുടെ ധാരണയില്‍ അപര്യാപ്തത സൃഷ്ടിക്കപ്പെടുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാം. അള്ളാഹു (അബ്ദുള്ള) എന്ന് പറയുമ്പോള്‍ അതുമായി ബന്ധപ്പെട്ടിരിക്കുന്ന ഏകദൈവ ആശയം, എല്ലാ വസ്തുക്കളെയും നിയന്ത്രിക്കുന്നവന്‍, നന്മയുടെയും തിന്മയുടെയും വിധികര്‍ത്താവ്, ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവ്, സ്വര്‍ഗവും നരകവും എന്ന ആശയം, അരൂപിയായവന്‍ തുടങ്ങിയ പലതും  പശ്ചാതലമായി വരും. ഈ പശ്ചാതലത്തെ അടിസ്ഥാനമാക്കിയുള്ള ജ്ഞാനത്തെയാണ് വ്യക്തിനാമങ്ങള്‍ ഉള്‍കൊള്ളുന്നത്. ഈ ധാരണയുടെ അടിസ്ഥാനത്തില്‍ വ്യക്തി ആര്‍ജിച്ചെടുത്ത അറിവാണ് പേരിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ സഹായിക്കുന്നത്. അങ്ങനെയുള്ള സ്ഥിതിവിശേഷത്തില്‍ 'അബ്ദുള്ള' എന്നത് 'ദേവദാസ്' എന്നതിന് തുല്യമാകുന്നില്ല. നാമത്തിന് തുല്യത കല്‍പ്പിക്കുന്നതില്‍ അപാകതയുണ്ട് എന്നു വേണം മനസ്സിലാക്കാന്‍.
ദേവദാസും അബ്ദുള്ളയും വ്യത്യസ്ത ജ്ഞാന പശ്ചാതലത്തിലൂടെയാണ് വ്യക്തി മനസ്സില്‍ അര്‍ത്ഥം സൃഷ്ടിക്കുന്നത്. പേരിന്റെ സ്വീകാര്യത ഇവ നിര്‍മ്മിക്കപ്പെട്ട ജ്ഞാനബോധവുമായിട്ടാണ് സാമീപ്യം പുലര്‍ത്തുന്നത്. അതിനാല്‍തന്നെ ആശയത്തിന്/നാമത്തിന് 'തുല്യപദത്തില്‍' കൂട്ടിക്കെട്ടുന്നതിന്റെ യുക്തിയാണ് ഇവിടെ പരാജയപ്പെടുന്നത്.
ദൈവം എന്നുള്ളതിന് ഇംഗ്ലീഷില്‍ ഗോഡ് എന്ന പദമാണ് ഉപയോഗിക്കുന്നത്. ഇതിനു തുല്യമായി മലയാളത്തില്‍ ദൈവം എന്ന വാക്ക് നിലനില്‍ക്കുന്നു. ഓരോ ഭാഷയിലും നിലനില്‍ക്കുന്ന ആശയവ്യതിചലനത്തെയുംകൂടി മനസ്സിലാക്കി വേണം അര്‍ത്ഥസങ്കല്‍പനത്തെ വിലയിരുത്താന്‍. ഏകദൈവം എന്നുള്ളതിന് കൃത്യമായി സങ്കല്‍പനം ചെയ്തിരിക്കുന്ന ആശയമാണ് അള്ളാഹു എന്നുള്ളത്. 'യേശുദാസ്', 'ദേവദാസ്' എന്നതുപോലെ കരുതാവുന്ന ഒരു ആശയമല്ല അള്ളാഹു എന്നുള്ളതില്‍ സങ്കല്‍പ്പിക്കപ്പെട്ടുപോരുന്നത്.
ദേവദാസും, യേശുദാസും, അബ്ദുള്ളയും ഏകോപനത്തിന്റെ സാധ്യത ആരാധ്യന്‍ (ദൈവം) എന്ന സാങ്കേതികാര്‍ത്ഥത്തില്‍ ഒതുങ്ങി നില്‍ക്കുന്നതും, അര്‍ത്ഥവ്യാപനത്തെ പരിശോധിച്ചാല്‍ വ്യത്യസ്ത സങ്കല്‍പനങ്ങളില്‍ അധിഷ്ഠിതമാണെന്നും ജ്ഞാനാര്‍ത്ഥവിചാരത്തെ അടിസ്ഥാനമാക്കി കാണാവുന്നതാണ്. ഇത്തരം ഭാഷാപരികല്‍പനങ്ങള്‍ കൂട്ടിവായിക്കുമ്പോള്‍, കൃത്യമായി പറഞ്ഞാല്‍ കേവലം നാമം സ്വീകരിക്കുക എന്നതിനപ്പുറത്തേക്ക് വലിയൊരു ആശയസംഹിതയെ നാമകരണം ഉള്‍കൊള്ളുന്നുണ്ടെന്നു കാണാം. അബ്ദുള്ള എന്ന ആശയത്തെ സങ്കല്‍പനം ചെയ്യുന്നതലത്തിലേക്ക് ദേവദാസോ, ദേവദാസ് എന്ന ആശയ സങ്കല്‍പനതലത്തിലേക്ക് അബ്ദുള്ള എന്നുള്ളതോ എത്തിച്ചേരണമെന്നില്ല. ഈ വൈവിധ്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് വ്യത്യസ്ത മതചിന്തകളും നിലനില്‍ക്കുന്നത്. ഇത് തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്നതാണ് മതേതരത്വത്തിന്റെ ഭാഷാവഴി. അല്ലാതെ ഭൂരിപക്ഷ മതനാമ സ്വീകരണമാണ് മതേതര ലക്ഷണമെന്ന് പറയുന്നതില്‍ അര്‍ത്ഥമൊന്നുമില്ല.
ഒരു കാര്യംകൂടി സൂചിപ്പിച്ചിട്ട് നിര്‍ത്താം. ഇടതുപക്ഷ/വിമതഇടതുപക്ഷ ബുദ്ധിജീവികളുടെ പല ആശയങ്ങളുടെയും പ്രധാനപരിമിതി ഭാഷയെ അവഗണിച്ചുകൊണ്ടുള്ള ആവിഷ്‌കാരങ്ങളാണ്. കുറഞ്ഞപക്ഷം അവര്‍ സാമൂഹിക ഭാഷാശാസ്ത്രത്തിന്റെ അടിസ്ഥാനപാഠങ്ങളെങ്കിലും പഠിക്കേണ്ടതുണ്ട്. എങ്കിലേ പിരിച്ചുപറയേണ്ടതിന്റെയും തെളിച്ചുപറയേണ്ടതിന്റെയും സാമാന്യഭാഷാവബോധം അവര്‍ക്ക് തിരിഞ്ഞു കിട്ടൂ.
Next Story

RELATED STORIES

Share it