Flash News

മലയാളപാഠം : മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും



തിരൂര്‍: മലയാളപഠനം അനായാസവും രസകരവുമാക്കുകയെന്ന ലക്ഷ്യത്തോടെ മലയാളസര്‍വകലാശാല രൂപംനല്‍കിയ മലയാളപാഠം കര്‍മപദ്ധതി 29ന് 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സര്‍വകലാശാലയുടെ അക്ഷരം കാംപസില്‍ സി മമ്മൂട്ടി എംഎല്‍എയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ സര്‍വകലാശാല പുനപ്രസിദ്ധീകരിക്കുന്ന കേരളം, പ്രാചീനസുധ എന്നീ പുസ്തകങ്ങളുടെയും ഭാഷാശാസ്ത്രം വിദ്യാര്‍ഥികളുടെ ഗവേഷണ ജേണലിന്റെയും പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിക്കും. സി രാധാകൃഷ്ണന്‍ പുസ്തകങ്ങളും ജേണലും ഏറ്റുവാങ്ങും. വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍, രജിസ്ട്രാര്‍ ഡോ. കെ എം ഭരതന്‍, അക്കാഡമിക് ഡീന്‍ പ്രഫ. എം ശ്രീനാഥന്‍, പഞ്ചായത്ത് പ്രസിഡന്റ് മെഹറുന്നിസ, വിദ്യാര്‍ഥി യൂനിയന്‍ ചെയര്‍മാന്‍ പി കെ സുജിത്ത് സംസാരിക്കും.സിബിഎസ്‌സി അടക്കം എല്ലാ വിദ്യാലയങ്ങളിലും മലയാളപഠനം സാധ്യമാക്കുന്നതിനു കേരള സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനു പ്രായോഗിക പശ്ചാത്തലം ഒരുക്കാന്‍ ഉദ്ദേശിച്ചാണു മലയാളപാഠം പദ്ധതി രൂപകല്‍പന ചെയ്തിരിക്കുന്നത്. ആധുനിക സാങ്കേതികവിദ്യയുടെ സമര്‍ഥമായ ഉപയോഗത്തിലൂടെ ഭാഷാപഠനത്തെക്കുറിച്ചുള്ള മുന്‍ധാരണകള്‍ തിരുത്തുന്നതിന് കര്‍മപദ്ധതി വഴി ഒരുക്കും.  ഇന്റര്‍നെറ്റ്, മൊബൈല്‍ഫോണ്‍, ടാബ് എന്നിവയിലൂടെ അക്ഷരമാലയും വാക്കുകളും വാക്യങ്ങളും പഠിക്കാന്‍ സാധിക്കുന്ന ആപ്‌സ്, പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും. പ്രൈമറി തലത്തില്‍ കുട്ടികളുടെ കൗതുകം നിലനിര്‍ത്തുംവിധം രസകരമായ ഗെയിംസ് വികസിപ്പിച്ച്, വിദ്യാലയങ്ങള്‍ക്കു ലഭ്യമാക്കും. പുതിയ ഭാഷാബോധന രീതികളില്‍ അധ്യാപകര്‍ക്കു പരിശീലനം നല്‍കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. സര്‍വകലാശാലയില്‍ നിലവിലുള്ള ഭാഷാ ടെക്‌നോളജി കേന്ദ്രം ആധുനിക സാങ്കേതികവിദ്യയിലൂടെ ഭാഷാപഠനം സുഗമമാക്കുന്നതിനുള്ള ഗവേഷണവും ഉല്‍പ്പന്ന വികസനവും ഏറ്റെടുക്കും. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്ക് മലയാളം പഠിപ്പിക്കുന്നതിനു വേണ്ട പ്രത്യേക പാക്കേജ് തയ്യാറാക്കും. കര്‍മപദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിനായി ഭാഷാശാസ്ത്രം, സാഹിത്യപഠനം, സംസ്‌കാര പൈതൃകം എന്നീ വിഭാഗങ്ങളിലെ അധ്യാപകരെയും പുറമേനിന്നുള്ള വിദഗ്ധരെയും ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ചിട്ടുണ്ട്. 2017-18 സാമ്പത്തികവര്‍ഷത്തില്‍ സര്‍വകലാശാല ബജറ്റിലെ വിവിധ ശീര്‍ഷകങ്ങളില്‍ നിന്ന് ഇതിനായി 50 ലക്ഷം രൂപ ചെലവഴിക്കും.
Next Story

RELATED STORIES

Share it