kannur local

മലയാളം പഠിക്കാന്‍ 563 ഇതര സംസ്ഥാന തൊഴിലാളികള്‍

കണ്ണൂര്‍: സംസ്ഥാന സാക്ഷരതാ മിഷന്‍ ചിറക്കല്‍ പഞ്ചായത്തില്‍ നടപ്പാക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള സാക്ഷരതാ പദ്ധതിയായ ചങ്ങാതി പദ്ധതിയില്‍ പഠിതാക്കളായി 563 ഇതരസംസ്ഥാന തൊഴിലാളികളെ സര്‍വേയിലൂടെ കണ്ടെത്തി. ക്ലാസുകളുടെ ഉദ്ഘാടനം 11ന് ഉച്ചയ്ക്കു രണ്ടിനു കാട്ടാമ്പള്ളി സ്‌കൂളില്‍ നടക്കും. ചിറക്കല്‍ പഞ്ചായത്തില്‍ സര്‍വേയിലൂടെ കണ്ടെത്തിയ ആകെ ഇതര സംസ്ഥാന തൊഴിലാളികള്‍ 777 പേരാണ്. ഇതില്‍ 611 (78.6 %) പുരുഷന്‍മാരും 166 (21.36 %) സ്ത്രീകളുമാണ്. ഇതില്‍ 605 പുരുഷന്‍മാരും 160 സ്ത്രീകളും പഞ്ചായത്തില്‍ തന്നെ താമസിച്ച് ജോലി ചെയ്യുന്നവരാണ്. ആകെയുള്ള 777 പേരില്‍ 607 പേരും(78.83 %) ഹിന്ദിയോ മലയാളമോ എഴുതാനും വായിക്കുവാനും അറിയാത്തവരാണ്. പഠിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച 563 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. കണ്ടെത്തിയവരില്‍ 233 പേര്‍ തമിഴ്‌നാട് സ്വദേശികളും 182 പേര്‍ ഒഡീഷയില്‍ നിന്നുള്ളവരും 12 പേര്‍ ആന്ധ്ര സ്വദേശികളും 79 പേര്‍ അസം സ്വദേശികളും 62 പേര്‍ ബീഹാറില്‍ നിന്നുള്ളവരും 56 പേര്‍ ഉത്തര്‍പ്രദേശുകാരും 88 പേര്‍ ബംഗാളികളുമാണ്. 15 പേര്‍ മധ്യപ്രദേശുകാരും 13 പേര്‍ ഡല്‍ഹിക്കാരും അഞ്ചുപേര്‍ കര്‍ണാടകക്കാരും രണ്ടു പഞ്ചാബികളും ഒരാള്‍ വീതം ഗുജറാത്തില്‍ നിന്നും പുതുച്ചേരിയില്‍ നിന്നുമുള്ളവരാണ്. കൂടാതെ അഞ്ചു പേര്‍ നേപ്പാള്‍ സ്വദേശികളുമാണ്. സര്‍വേയില്‍ കണ്ടെത്തിയ 291 പേര്‍(37.45 %) മാത്രമാണ് കുടുംബമായി താമസിക്കുന്നത്. സര്‍വേയില്‍ കണ്ടെത്തിയവരില്‍ 186 പേര്‍(24.15 %) ഇതുവരെ ഒരു സ്‌കൂളിലും പഠിക്കാത്തവരാണ്.  നാലില്‍ താഴെ വിദ്യാഭ്യാസമുള്ളവര്‍ 83ഉം ഏഴില്‍ താഴെ വിദ്യാഭ്യാസമുള്ളവര്‍ 170ഉം പത്തില്‍ താഴെ വിദ്യാഭ്യാസമുള്ളവര്‍ 232ഉം പത്തിന് മുകളില്‍ വിദ്യാഭ്യാസമുള്ളവര്‍ 99 പേരുമാണ്. ഹിന്ദി, മലയാളം ഭാഷകളില്‍ നിരക്ഷരരായവരില്‍ 24 പേര്‍ 15ന് താഴെ പ്രായമുള്ളവരും 459 പേര്‍ 15നും 40നും ഇടയില്‍ പ്രായമുള്ളവരും 40ന് മുകളില്‍ പ്രായമുള്ളവര്‍ 80 പേരുമാണ്. പഞ്ചായത്തിലെ 4, 5 വാര്‍ഡുകളിലാണ്(115, 107 ) ഏറ്റവുമധികം ഇതര സംസ്ഥാനതൊഴിലാളികള്‍ ഉള്ളത്. സാക്ഷരതാ മിഷന്‍ തയ്യാറാക്കിയ ഹമാരി മലയാളം പാഠാവലിയാണ് പഠനത്തിനായി ഉപയോഗിക്കുന്നത്.

.
Next Story

RELATED STORIES

Share it