ernakulam local

മലയാറ്റൂര്‍ പുതുഞായര്‍ തിരുനാളിന് ഭക്തജനത്തിരക്ക്

മലയാറ്റൂര്‍: അന്തര്‍ദേശീയ തീര്‍ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയിലും സെന്റ്. തോമസ് പള്ളിയിലും മാര്‍ തോമാശ്ലീഹായുടെ പുതുഞായര്‍ തിരുനാള്‍ ആഘോഷിച്ചു. ക്രിസ്തു ശിഷ്യനായ മാര്‍ തോമാശ്ലീഹാ നടത്തിയ വിശ്വാസ പ്രഖ്യാപനത്തിന്റെ ഓര്‍മ പുതുക്കലാണ് പുതുഞായര്‍ തിരുനാള്‍. ആയിരണകണക്കിനു വിശ്വാസികളാണ് മലയാറ്റൂര്‍ കുരിശുമുടിയില്‍ എത്തിച്ചേര്‍ന്നത്. മലയടിവാരത്തെ മാര്‍തോമാശ്ലീഹായുടെ തിരുസ്വരൂപത്തിന്റെ മുമ്പില്‍ പ്രാര്‍ഥിച്ച് മലകയറിയ വിശ്വാസികള്‍ മാര്‍തോമാ ശ്ലീഹായുടെ തിരുസ്വരൂപവും തിരുശേഷിപ്പു സൂക്ഷിച്ചിരിക്കുന്ന കുരിശുമുടിയിലെ മാര്‍ത്തോമ്മാ മണ്ഡപത്തിലെത്തി തിരുശേഷിപ്പും, ആന കുത്തിയ പള്ളി, അദ്ഭുത ഉറവ, പൊന്‍കുരിശ്, മാര്‍തോമാശ്ലീഹായുടെ കാല്‍പ്പാടുകള്‍ എന്നിവിടങ്ങളില്‍ തൊട്ടു വണങ്ങിയതിനുശേഷമാണ് മലയിറങ്ങുന്നത്.
പുതുഞായര്‍ പ്രധാന തിരുനാള്‍ ദിന രാത്രിയില്‍ കുരിശുമുടിയില്‍ തിരുകര്‍മങ്ങള്‍ നടന്നു. കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന നടന്നു. ഫാ. സ്മിന്റോ ഇടശേരി, ഫാ. ജില്‍സണ്‍ എന്നിവര്‍ സഹകാര്‍മികരായി. രാവിലെ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന, പ്രസംഗം എന്നിവയ്ക്കു ഫാ. സനു പുതുശേരി മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് പ്രദക്ഷിണം നടന്നു. ഉച്ചകഴിഞ്ഞ് മൂന്നിനു വിശ്വാസികള്‍ തലചുമടായി പൊന്‍പണം ഇറക്കി.
സെന്റ്. തോമസ് പള്ളിയില്‍ (താഴത്തെ പള്ളി) രാവിലെ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ജോണ്‍സണ്‍ പാലിയേക്കര മുഖ്യകാര്‍മികത്വം വഹിച്ചു. വൈകീട്ട് കുരിശുമുടിയിലെ പൊന്‍പണം സെന്റ്. തോമസ് പള്ളി വികാരി റവ. ഡോ. ജോണ്‍ തേയ്ക്കാനത്തിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. കുരിശുമുടിയിലും സെ ന്റ്. തോമസ് പള്ളിയിലും എട്ടാമിടം തിരുനാള്‍ 8 മുതല്‍ 10 വരെ ആഘോഷിക്കും.
Next Story

RELATED STORIES

Share it