ernakulam local

മലയാറ്റൂര്‍ പള്ളിയില്‍ എട്ടാമിടം തിരുനാള്‍ സമാപിച്ചു

മലയാറ്റൂര്‍: അന്തര്‍ദേശീയ തീര്‍ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയിലും സെന്റ്. തോമസ് പള്ളിയിലും മാര്‍തോമാശ്ലീഹായുടെ തിരുനാളിന്റെ എട്ടാമിടത്തിനു വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.
പൊന്നിന്‍കുരിശു മല മുത്തപ്പോ പൊന്‍മല കയറ്റം എന്ന ശരണ മന്ത്രവുമായി ആയിരക്കണക്കിനു വിശ്വാസികള്‍ മലകയറി. അന്യ സംസ്ഥാനങ്ങളില്‍നിന്നുള്ളവരും ഈ വര്‍ഷം കൂടുതലായി മല കയറാനെത്തി.
കടുത്ത ചൂട് കാരണം രാത്രിയിലാണ് മല കയറാന്‍ തിരക്ക് അനുഭവപ്പെട്ടത്. ക്രിസ്തുവിന്റെ പീഢാനുഭവ സ്മരണകള്‍ ഓര്‍മപ്പെടുത്തുന്ന കുരിശിന്റെ വഴിയിലെ 14 സ്ഥലങ്ങളിലും മെഴുകുത്തിരി കത്തിച്ച് മനമുരുകി പ്രാര്‍ഥിച്ചാണ് പാപപരിഹാരമായി വിശ്വാസികള്‍ മല കയറിയത്.
മലയടിവാരത്തില്‍ പ്രാര്‍ഥനയര്‍പ്പിച്ചു നേര്‍ച്ചയായി ആടുകളെകൊണ്ടും മലകയറുന്ന വിശ്വാസികളും ഇക്കൂട്ടത്തിലുണ്ട്. പ്രധാന ചടങ്ങായ പൊന്‍പണം ഇറക്കല്‍ നടത്തുന്നതിനു നേര്‍ച്ചയായി ലഭിക്കുന്ന ഈ ആടുകളെ ഉപയോഗിക്കാറുണ്ട്. ആടുകളുടെ പുറത്ത് പട്ടില്‍ പൊന്‍പണം പൊതിഞ്ഞ് വയ്ക്കുകയും അതിനു പുറകെ വിശ്വാസികളും പൊന്‍പണം തലച്ചുമടായി താഴേയ്ക്കിറക്കുകയാണ് ചെയ്യുന്നത്. ഇന്നലെ എട്ടാമിടത്തി ല്‍ കുരിശുമുടിയില്‍ രാവിലെ നടന്ന ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന, പ്രസംഗം എന്നിവയ്ക്കു ഫാ. മനു കാലായില്‍ കാര്‍മികനായി. തുടര്‍ന്ന് പ്രദക്ഷിണം നടന്നു.
വൈകീട്ട് മൂന്നിനു എട്ടാമിടത്തിനു സമാപനം കുറിച്ചുകൊണ്ട് പൊന്‍പണം തലച്ചുമടായി ഇറക്കുന്ന പ്രധാന ചടങ്ങിനു നിരവധി വിശ്വാസികളും പങ്കുചേര്‍ന്നു.
സെന്റ്. തോമസ് പള്ളിയില്‍ വൈകീട്ട് 5.30ന് പൊന്‍പണം സ്വീകരിക്കലും ആഘോഷമായ വിശുദ്ധ കുര്‍ബാനയും പ്രസംഗവും തിരുസ്വരൂപം എടുത്തു വയ്ക്കലും തുടര്‍ന്ന് തിരുനാള്‍ കൊടിയിറക്കവും നടന്നു.
Next Story

RELATED STORIES

Share it