ernakulam local

മലയാറ്റൂര്‍ കുരിശുമുടി തീര്‍ഥാടനം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാലടി: ക്രിസ്തു ശിഷ്യനായ മാര്‍ തോമാശ്ലീഹായുടെ പാദസ്പര്‍ശനത്താല്‍ പുണ്യമായി തീ ര്‍ന്ന മലയാറ്റൂര്‍ കുരിശുമുടിയി ല്‍ വിശുദ്ധവാരാചരണത്തിനും പുതുഞായര്‍ തിരുനാളിനുമുളള ഒരുക്കങ്ങള്‍ പൂര്‍ത്തീയായതായി സെന്റ് തോമസ് അന്തര്‍ദേശീയ തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടും മലയാറ്റൂര്‍ സെന്റ് തോമസ് പളളി (താഴത്തെ പളളി) വികാരി റവ.ഡോ. ജോണ്‍ തേയ്ക്കാനത്തും വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു. 20 മുതല്‍ 26 വരെ വിശുദ്ധവാരാചരണവും 31 മുതല്‍ ഏപ്രില്‍ മൂന്നു വരെ പുതുഞായര്‍ തിരുനാളും എട്ടു മുതല്‍ പത്ത് വരെ എട്ടാമിടം തിരുനാളും നടക്കും.
മറ്റു വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി നോമ്പു ആരംഭിച്ചതോടെ കുരിശുമുടിയില്‍ തീര്‍ഥാടകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
നോമ്പിന്റെ ആദ്യ ഞായറാഴ്ച മഹാ ഇടവകയിലെ വിശ്വാസികള്‍ വൈദികരുടെ നേതൃത്വത്തില്‍ മലകയറി മാര്‍തോമാ മണ്ഡപത്തില്‍ മാര്‍ തോമാശ്ലീഹായുടെ തിരുശേഷിപ്പു സ്ഥാപിച്ചതോടെയാണ് ഈ വര്‍ഷത്തെ മലകയറ്റത്തിനു ഔദ്യോഗികമായ തുടക്കം ആരംഭിച്ചത്.
അതിരൂപതയിലെ വിവിധ ഫൊറോനകളിലെ വൈദീകരുടെ നേതൃത്വത്തിലും ഞായറാഴ്ചകളില്‍ മലകയറ്റം ഉണ്ടായിരുന്നു. വിശുദ്ധ വാരത്തിനു തുടക്കമാവുന്നതോടെ ഭക്തജനതിരക്ക് ക്രമാതീതമാകും. പൊന്നിന്‍ കുരിശു മലമുത്തപ്പോ പൊന്‍മല കയറ്റം എന്ന പ്രാര്‍ഥനമന്ത്രങ്ങള്‍ ഉരുവിട്ട് കൊണ്ട് ഭാരമേറിയ മരകുരിശുകളുമേന്തി കാവി വസ്ത്രവും ധരിച്ച് കാല്‍നടയായി മലകയറുന്ന വിശ്വാസികളുടെ എണ്ണവും അനുദിനം കൂടി വരികയാണ്.
വിവിധ ജില്ലകളില്‍ നിന്നും നോമ്പുനോറ്റ് വിശ്വാസ തീക്ഷണതയോടെയാണ് ഭക്തജനങ്ങള്‍ കുരിശുമുടിയിലെത്തുന്നത്. തീര്‍ഥാടകര്‍ക്കു സെന്റ് തോമസ് പളളിയിലും(താഴത്തെപളളി) അടിവാരത്തും വിപുലമായ സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാത്രി കാലങ്ങളില്‍ മലകയറുന്നതിനു വൈദ്യുത ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തീര്‍ഥാടകര്‍ക്കു വൈദ്യസഹായം നല്‍കുന്നതിനു അടിവാരത്തും കുരിശുമുടിയിലും മുഴുവന്‍ സമയവും മെഡിക്കല്‍ വിഭാഗത്തിന്റെ സേവനം ഉണ്ടാവും.
മണപ്പാട്ടുചിറയില്‍ ധാരാളം വെള്ളമുള്ളതിനാല്‍ തീര്‍ഥാടകര്‍ യാതൊരു കാരണവശാലും ചിറയില്‍ ഇറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ സൂചന ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. മിതമായ നിരക്കില്‍ ഭക്ഷണവും വെള്ളവും ലഭ്യമാക്കുന്നതിനു പള്ളിയുടെ നേതൃത്വത്തില്‍ ലഘുഭക്ഷണ ശാലകള്‍ ആരംഭിച്ചിട്ടുണ്ട്. അടിവാരത്തും സമീപ പ്രദേശങ്ങളിലും ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധനയുണ്ടാവും.
തിരുനാളിനോടനുബന്ധിച്ചുളള സ്റ്റാളുകളില്‍ ആവശ്യ സാധനങ്ങള്‍ മിതമായ വിലയില്‍ വില്‍ക്കുന്നതിനുളള വിലവിവര പട്ടിക കുരിശുമുടി മുഴുവന്‍ സ്റ്റാളുകള്‍ക്കും നല്‍കിയിട്ടുണ്ട്. വില നിലവാരം പ്രദര്‍ശിപ്പിക്കുകയും ചെയ്യും. വിശ്വാസികള്‍ക്കു സെന്റ് തോമസ് പളളിയില്‍ വിശ്രമിക്കുന്നതിനും മറ്റുമുളള സൗകര്യങ്ങള്‍ ഉണ്ടാകും.
മുഴുവന്‍ സമയവും പോലിസ്, ഫയര്‍ഫോഴ്‌സിന്റെയും, വോളന്റീയര്‍മാരുടെയും സേവനം ലഭ്യമാണ്. കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ ബസുകളും പ്രത്യേക സര്‍വീസുകള്‍ നടത്തും. കുരിശുമുടിയിലും അടിവാരത്തും താഴത്തെ പളളി പരിസരത്തും സിസി ടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
അടിവാരത്തും മലയാറ്റൂര്‍ പളളി പ്രദേശങ്ങളിലും ഭിഷാടനം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. പ്രധാന ദിവസങ്ങളില്‍ വാഹനങ്ങള്‍ക്കു വണ്‍വേ സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനു സെന്റ് ജോസഫ്‌സ് സ്‌കൂള്‍, സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്‌കൂള്‍, സെന്റ് മേരീസ് സ്‌കൂള്‍, വിമലഗിരി ന്യൂമാന്‍ അക്കാദമി, ഇല്ലിത്തോട് കിന്‍ഫ്രാ, അച്ചന്‍പറമ്പ്, വാണിഭത്തടം എന്നിവിടങ്ങളിലെ ഗ്രൗണ്ടുകളില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശുചിത്വ മിഷന്‍ ഗ്രീന്‍പ്രോട്ടോകോള്‍ സംഘടനയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ കൈക്കാരന്‍മാരായ രാജു തറയില്‍, ജോബി പറപ്പിളളി, ജോണി പറപ്പിളളി എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it