palakkad local

മലമ്പുഴ, ശിരുവാണി ഡാമുകള്‍ തുറന്നു: കുടിവെള്ളക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം

പാലക്കാട്: മലമ്പുഴ ഡാം തുറന്നതോടെ ജില്ലയിലെ കുടിവെള്ളക്ഷാമത്തിന് താല്‍ക്കാലിക ശമനമായി. രണ്ടു ദിവസമായി 41 ഡിഗ്രി ചൂടില്‍ നി ന്നും 40.5 ഡിഗ്രിയിലേക്ക് ചൂട് കുറയുന്നതിന് മലമ്പുഴഡാം തുറന്നത് ഇടയാക്കിയെന്നും കരുതാം. ഇന്നലെ പുലര്‍ച്ചെതന്നെ മലമ്പുഴ ഡാം തുറന്നുവിട്ടതോടെ കല്‍പാത്തിപുഴ, കണ്ണാടി, ചിറ്റൂര്‍ പുഴ പ്രദേശങ്ങളില്‍ ജലം എത്തിക്കഴിഞ്ഞു.
ഇന്ന് ഷൊര്‍ണൂരില്‍ മലമ്പുഴ ജലം എത്തുന്നതോടെ ഡാം അടയ്ക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ഷൊര്‍ണൂരില്‍ കുടിവെള്ളം ഇല്ലാത്തതിനെ തുടര്‍ന്ന നഗരത്തിലെ ഏതാനും ഹോട്ടലുകളും സോഡാ ഫാക്ടറികളും കഴിഞ്ഞ മൂന്നു ദിവസമായി അടഞ്ഞു കിടക്കുകയായിരുന്നു. മലമ്പുഴ ഡാമിലും ഒരുമാസം ഉപയോഗിക്കാനുള്ള വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ 15 ദിവസമായി ജില്ലയില്‍ ചൂട് 40 ഡിഗ്രിയില്‍ തുടരുകയാണ്. കനത്തചൂടില്‍ ജില്ല ഉരുകുമ്പോള്‍ കുടിവെള്ളത്തിനായി ജനങ്ങള്‍ നാടുനീളെ അലയുന്ന കാഴ്ചയാണ് പലമേഖലകളിലും ദൃശ്യമായത്.
ചിറ്റൂര്‍, ആലത്തൂര്‍, പാലക്കാട് താലൂക്കുകള്‍ വന്‍വറുതിയുടെ പിടിയിലായതോടെ കുടിവെള്ളത്തിനായി ജനങ്ങള്‍ പലപ്രദേശങ്ങളിലും കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട സ്ഥിതിയിലായി. തുടര്‍ന്നാണ് മലമ്പുഴ ഡാം തുറന്നുവിടണമെന്ന് ആവശ്യമുയര്‍ന്നത്.പാലക്കാട് നഗരസഭ, മലമ്പൂഴ അകമലവാരം, കവ, പുതുശ്ശേരി മേഖലകളിലുള്ളവര്‍ മലമ്പുഴ വെള്ളത്തെയായിരുന്നു ആശ്രയിച്ചത്. ഇന്നലെ മലമ്പുഴ തുറന്നുവിട്ടതോടെ കിണറുകളിലും ജലനിരപ്പ് ഉയര്‍ന്നതായി ഈ മേഖലകളിലുള്ളവര്‍ പറഞ്ഞു.
മലമ്പുഴയില്‍ 30 ദിവസത്തേക്കുള്ള ജലമാണ് ഇപ്പോള്‍ സ്റ്റോക്കുള്ളതെന്ന് അധികൃതര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മലമ്പുഴ ഡാമില്‍ കൊച്ചിയില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ദ്ധരെത്തി അഞ്ചുമീറ്റര്‍ ആഴത്തില്‍ കിണര്‍ എടുത്താണ് കുടിക്ഷാമത്തിന് പരിഹാരം കണ്ടത്.
ജില്ലയിലെ കുളങ്ങളും അരുവികളും കനത്ത ചൂടില്‍ വറ്റിവരണ്ടതോടെ മലമ്പുഴ മാത്രമായി ജില്ലയിലെ പ്രധാന കുടിവെള്ള വിതരണ കേന്ദ്രം. മലമ്പുഴ ഡാമും പരിസരങ്ങളും വരള്‍ച്ചയുടെ പിടിയിലായതോടെ ഇരു കരകളിലേക്കും കാലുനനയാതെ നടന്നുപോകാമെന്ന അവസ്ഥയാണ്.
ജില്ലയില്‍ ഈ ആഴ്ച വേനല്‍മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അധികൃതര്‍ പറയുന്നു. ഏപ്രില്‍ 15ന് മുമ്പ് മഴയുണ്ടാകുമെന്നും അതോടെ ജില്ലയിലെ കുടിവെള്ളക്ഷാമത്തിനും ചൂടിനും ആശ്വാസം ലഭിക്കുമെന്നുമാണ് പ്രതീക്ഷ.
വിഷു അടുത്തെത്തിയതോടെ പച്ചക്കറിവില പിടിച്ചു നിര്‍ത്തുന്നതിനും അവയുടെ ഉല്‍്പാദനം ഉയര്‍ത്തുന്നതിനും മലമ്പുഴ ഡാം തുറന്നുവിട്ടത് സഹായമായി. കുഴല്‍ കിണറിനെ ആശ്രയിച്ചായിരുന്നു കര്‍ഷകര്‍ കൃഷി ഇറക്കിയിരുന്നത്. ശിരുവാണി ഡാം കൂടി തുറന്നതോടെ അട്ടപ്പാടി മേഖലയിലെ കുടിവെള്ളക്ഷാമത്തിനും താല്‍ക്കാലിക പരിഹാരമായിട്ടുണ്ട്.
Next Story

RELATED STORIES

Share it