palakkad local

മലമ്പുഴ കനാല്‍ തുറന്നിട്ടും എരിമയൂരില്‍ വെള്ളം എത്തിയില്ല

ആലത്തൂര്‍: മലമ്പുഴ കനാലുകള്‍ തുറന്ന് 10 ദിവസമായിട്ടും എരിമയൂരിലെ നെല്‍പാടങ്ങളില്‍ വെള്ളം എത്തിയില്ല.അറുപത് ദിവസത്തിലേറെ വളര്‍ച്ചയെത്തിയ നെല്‍ ചെടികള്‍ കരിഞ്ഞു തുടങ്ങി.ചെളി ഉണങ്ങി പാടത്ത് കട്ട വിണ്ടുതുടങ്ങി.ഇനി വെള്ളം എത്തിയാലും രക്ഷിച്ചെടുക്കാനാകാത്ത വിധം നാശോന്മുഖമാണ് ഇതില്‍ പകുതിയോളം പ്രദേശത്തെ കൃഷി. കൂട്ടാല, നവക്കോട്, മുട്ടിച്ചിറ, നെടുകപ്പാടം, മണിയില്‍പാടം, തേനാരിപ്പാടം, മരുതക്കോട് പാടശേഖരങ്ങളിലെ സ്ഥിതിയാണിത്. മലമ്പുഴ കനാലിലെ വെള്ളം കാക്കയൂരില്‍ നിന്നാണ് കുനിശ്ശേരി, എരിമയൂര്‍ പ്രദേശത്തേക്ക് എത്തേണ്ടത്. കുനിശ്ശേരി പ്രദേശത്ത് വെള്ളം എത്തിയിട്ടുണ്ട്. എരിമയൂര്‍ ഭാഗത്തേക്ക് ഇതേവരെ വെള്ളം തിരിച്ചിട്ടില്ല. പാടശേഖര സമിതികളും കൃഷി ഭവനും ഗ്രാമപ്പഞ്ചായത്തും എംഎല്‍എ  മുഖേനെയും അല്ലാതെയും കനാല്‍ വിഭാഗം എഞ്ചിനീയര്‍മാര്‍ക്ക് കൊടുത്ത നിവേദനങ്ങളൊന്നും ഫലം കണ്ടില്ല.ഓരോ പ്രദേശത്തേക്കും കനാല്‍ വെള്ളം നിശ്ചിത ഇടവേളകളില്‍ തിരിക്കുന്ന ജലസേചന വിഭാഗം ജീവനക്കാര്‍ ചില പ്രദേശങ്ങള്‍ക്ക് അധിക പരിഗണന നല്‍കുന്നുവെന്നാണ് വെള്ളം എത്താത്ത പ്രദേശത്തെ കര്‍ഷകര്‍ ഉന്നയിക്കുന്ന സംശയം. മലമ്പുഴ ഡാം തുറക്കുന്നതിനു മുമ്പേ തന്നെ കൊടുവായൂരില്‍ ജലസേചന വിഭാഗം വിളിച്ചു ചേര്‍ത്ത യോഗത്തിലടക്കം  കര്‍ഷകര്‍ മുന്‍കാല അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.80 ശതമാനം പ്രദേശത്തും നെല്‍കൃഷി ചെയ്യുന്ന ഗ്രാമപ്പഞ്ചായത്താണ് എരിമയൂര്‍. എരിമയൂര്‍ പ്രദേശത്ത് മലമ്പുഴ വെള്ളവും പുള്ളോട് പ്രദേശത്ത് പോത്തുണ്ടി വെള്ളവുമാണ് ജലസേചനത്തിന് ആശ്രയം.
Next Story

RELATED STORIES

Share it