palakkad local

മലമ്പുഴ കനാല്‍ജലം: ഈ മാസം അവസാനം വരെ വിട്ടുകിട്ടണമെന്നു വികസന സമിതി

ആലത്തൂര്‍: താലൂക്ക് പരിധിയില്‍ വരുന്ന കുഴല്‍മന്ദം, തേങ്കുറിശ്ശി, കുത്തന്നൂര്‍, മാത്തൂര്‍, കോട്ടായി, പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തുകളിലെ നെല്‍കൃഷി ഉണക്ക ഭീഷണി നേരിടുകയാണ്. നിറകതിരായി  നില്‍ക്കുന്ന കൃഷിയിടങ്ങളിലേക്ക് ആവശ്യമായ ജലം ലഭിക്കാത്ത പക്ഷം കൃഷി ഉണങ്ങിപ്പോകുന്നതിനുള്ള സാധ്യത നിലനില്‍ക്കുകയാണ്. ഇതുകാരണം മലമ്പുഴ കനാല്‍ ജലം നെല്‍ കൃഷിയുടെ ആവശ്യത്തിനായി ഈമാസം അവസാനം വരെ വിട്ടുകിട്ടാന്‍ നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ആലത്തൂര്‍ പഞ്ചായത്തിലെ എടാംപറമ്പ് തടയണയിലെ ജലം ആലത്തൂര്‍, എരിമയൂര്‍ പഞ്ചായത്തുകളിലെ ജനങ്ങളുടെ കുടിവെള്ള ആവശ്യത്തിനാല്‍ ഉപയോഗിക്കാന്‍ സഹായകമാകുന്ന വിധത്തില്‍ സൗകര്യമൊരുക്കണമെന്നും കാര്‍ഷികാവശ്യങ്ങള്‍ക്കായി മോട്ടോര്‍ പമ്പുകള്‍ ഉപയോഗിച്ച് തടയണയിലെ ജലം എടുക്കുന്നത് കര്‍ശനമായി നിയന്ത്രിക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. ഗായത്രിപ്പുഴയിലെ ജലം ഉപയോഗിച്ച് പാഴ് സ്ഥലങ്ങള്‍ നനയ്ക്കുന്നത് തടയണമെന്നും യോഗം ആവശ്യപ്പെട്ടു.ദേശീയപാത വഴി സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള്‍ക്ക് അനുവദിക്കപ്പെട്ട സ്‌റ്റോപ്പുകളില്‍ യാത്രക്കാരെ ഇറക്കിവിടുവാന്‍ നടപടി സ്വീകരിക്കണം. ദേശീയ പാതയില്‍ യാത്രക്കാരെ ഇറക്കിവിടുന്ന സാഹചര്യം വലിയ അപകടം വിളിച്ചു വരുത്തുകയാണ്. ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുവാന്‍ പോലിസ് അധികൃതരും ആര്‍ടിഒയും ശ്രദ്ധിയ്ക്കണം.  താലൂക്ക് പരിധിയില്‍ വിവിധ ഭാഗങ്ങളില്‍ റോഡുകള്‍ക്കിരുവശങ്ങളിലും വിവിധ ആവശ്യങ്ങള്‍ക്കായി സ്വകാര്യ വ്യക്തികള്‍ കയ്യേറ്റം നടത്തുന്നത് ഒഴിപ്പിക്കുക, ആലത്തൂര്‍, വടക്കഞ്ചേരി, കുഴല്‍മന്ദം ടൗണുകളില്‍ റോഡിനിരുവശത്തും അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
Next Story

RELATED STORIES

Share it