palakkad local

മലമ്പുഴ ഉദ്യാനത്തിലെ കൊച്ചു മെട്രോ പണിമുടക്കില്‍

മലമ്പുഴ: ഉദ്യാനറാണിയിലെത്തുന്ന സന്ദര്‍ശകരുടെ കുഞ്ഞുമക്കള്‍ കളിച്ചുല്ലസിക്കുന്ന മെട്രോ കളിത്തീവണ്ടിക്ക് ഇടക്കിടെ റെഡ് സിഗ്നല്‍. കുട്ടികളുടെ പാര്‍ക്കില്‍ ലക്ഷങ്ങള്‍ ചെലവിട്ട കൊച്ചി മെട്രോ തീവണ്ടിയുടെ മാതൃകയില്‍ നിര്‍മിച്ച കളിത്തീവണ്ടിയാണ് കഴിഞ്ഞ നാലുമുതല്‍ പണി മുടക്കിയത്. അറ്റകുറ്റപ്പണികള്‍ യഥാക്രമം നടത്താത്തതാണ് കൊച്ചുമെട്രോയെ കട്ടപ്പുറത്താക്കുന്നത്. നേരത്തെയുണ്ടായിരുന്ന പഴഞ്ചന്‍ തീവണ്ടി കാലപ്പഴക്കമെടുത്ത് തുരുമ്പെടുത്തു നശിച്ചതേടെ 2012 ലാണ് പാര്‍ക്കിനകത്തെ കൊച്ചുറെയില്‍ പാളത്തില്‍  മെട്രോ സ്ഥാനം പിടിച്ചത്. സ്ഥലം എംഎല്‍എ കൂടിയായിരുന്ന വി എസ് അച്യുതാനന്ദന്‍ മുന്‍കൈയെടുത്താണാണ് കുട്ടികളുടെ പാര്‍ക്കില്‍ 45 ലക്ഷത്തോളം ചെലവിട്ട് മെട്രോ ട്രെയിന്‍ മാതൃകയില്‍ പുതിയ കളിത്തീവണ്ടി പ്രവര്‍ത്തനസജ്ജമാക്കിയത്. കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവര്‍ക്കും ഒരേസമയം സവാരി നടത്താവുന്ന കൊച്ചുമെട്രോയില്‍ 6 സീറ്റുകളടങ്ങുന്ന 6 ബോഗികളാണുള്ളത്. ഒരേ സമയം ശരാശരി 30 പേര്‍ക്ക് സഞ്ചരിക്കാം. ഉദ്യാനം മുഴുവന്‍ ചുറ്റിയടിക്കുന്ന കൊച്ചുമെട്രോയില്‍ കയറാന്‍ മുതിര്‍ന്നവര്‍ക്ക് 10 രൂപയും കുട്ടികള്‍ക്ക് 5 രൂപയുമാണ്. ഇത്തരത്തില്‍ ടിക്കറ്റ് വില്‍പനയിലൂടെ പ്രതിദിനം 500 രൂപയാണ് കൊച്ചുമെട്രോയുടെ ശരാശരി വരുമാനം. പെരുന്നാള്‍ - ഓണം ദീപാവലി സമയത്തും വെക്കേഷനുകളിലും ഇതിലും കൂടുതല്‍ കൂടുതല്‍ വരുമാനം ലഭിച്ചിട്ടും യഥാസമയം കളിത്തീവണ്ടിയുടെ അറ്റകുറ്റപ്പണിയില്‍ വീഴ്ചവരുത്തുന്നതുമൂലം ട്രെയിന്‍ ഇടക്കിടെ കേടാവുന്നതായി പരക്കെ ആരോപണങ്ങളുയരുന്നുണ്ട്. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രതിമയും നെഹ്‌റു മലമ്പുഴ അണക്കെട്ടും ഉദ്യാനവും സന്ദര്‍ശിച്ചതിന്റെ ഓര്‍മ്മക്കായി കൊച്ചുമെട്രോ ഓടുന്ന പാര്‍ക്കിനകത്ത് സ്ഥാപിച്ചിട്ടുണ്ട്. കളിത്തീവണ്ടി കേടായതിനാല്‍ ഉടനടി നന്നാക്കുന്നതിനു പകരം ആഴ്ചകളോളം കൊച്ചുമെട്രോ നിര്‍ത്തിയിടുന്നതിനു പിന്നില്‍ ജലസേചനവകുപ്പിന്റെ അനാസ്ഥയാണെന്നാണ് ആരോപണങ്ങളുയരുന്നത്.
Next Story

RELATED STORIES

Share it