wayanad local

മലമ്പനി: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

കല്‍പ്പറ്റ: മലമ്പനി പ്രതിരോധിക്കാന്‍ കൊതുകു നശീകരണത്തില്‍ പങ്കാളികളാവണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. വീടിനു പരിസരത്ത് വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കണം. വെള്ളക്കെട്ടുകള്‍ മണ്ണിട്ട് നികത്തുകയോ ഒഴുക്കിക്കളയുകയോ ചെയ്യുക, കിണറുകള്‍, ടാങ്കറുകള്‍, വെള്ളം സംഭരിച്ചുവയ്ക്കുന്ന പാത്രങ്ങള്‍ എന്നിവ കൊതുക് കടക്കാത്ത വിധം വലയിയോ തുണിയോ കൊണ്ട് മൂടുക, വീടിന്റെ ടെറസിലും സണ്‍ഷേഡിലും മറ്റും കെട്ടികിടക്കുന്ന വെള്ളം ഒഴുക്കിക്കളയുകയും വേണം.
വെള്ളക്കെട്ടുകളില്‍ മണ്ണെണ്ണയോ എംഎല്‍ഒ (മൊസ്‌ക്വിറ്റോ ലാര്‍വിസിഡല്‍ ഓയില്‍) തുടങ്ങിയവ ഒഴിക്കുന്നതുവഴി കൂത്താടികളെ നശിപ്പിക്കാന്‍ കഴിയും. കൂത്താടികളെ തിന്നൊടുക്കുന്ന ഗപ്പി, ഗാമ്പൂസിയ, മാനത്തുകണ്ണി തുടങ്ങിയ മല്‍സ്യങ്ങളെ ജലാശയങ്ങളിലും ആഴംകുറഞ്ഞ കിണറുകളിലും വളര്‍ത്തുന്നതും ഗുണകരമാണ്.
ജൈവകീടനാശിയായ ബാസിലസ് തൂറിന്‍ചിയന്‍സിസ്, രാസവസ്തുവായ ടെമിഫൊസ് തുടങ്ങിയവ ഉപയോഗിച്ചും കൂത്താടികളെ നശിപ്പിക്കാം. ജനാലകളും മറ്റും കൊതുക് കടക്കാത്ത വിധം വലയടിച്ച് സുരക്ഷിതമാക്കുക, ഉറങ്ങുമ്പോള്‍ കൊതുകുവല ഉപയോഗിക്കുക, കൊതുകിനെ അകറ്റിനിര്‍ത്തുന്ന ലേപനങ്ങള്‍, കൊതുകുതിരികള്‍, വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കൊതുക് റിപ്പലന്റുകള്‍ തുടങ്ങിയവ ഉപയോഗിക്കുക, ശരീരം പരാമവധി മൂടുന്ന തരത്തിലുളള വസ്ത്രങ്ങള്‍ ധരിക്കുക, വീടിനു പുറത്ത് കിടന്നുറങ്ങാതിരിക്കുക, അങ്ങനെ ഉറങ്ങേണ്ടി വന്നാല്‍ കൊതുകുവല ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങള്‍ മലമ്പനി പടരുന്നതിനുള്ള പ്രതിരോധത്തിന് അനിവാര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ലോക മലമ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പുല്‍പ്പള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജെ പോള്‍ നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ ശോഭനാ പ്രസാദ് അധ്യക്ഷത വഹിച്ചു.
വാര്‍ഡ്‌മെമ്പര്‍ അജിത്കുമാര്‍, ജില്ലാ മാസ് മീഡിയാ ഓഫിസര്‍ കെ ഇബ്രാഹിം,  നൂല്‍പ്പുഴ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ, മുരളി എന്നിവര്‍ സംസാരിച്ചു.
പുല്‍പ്പളളി സിഎച്ച്‌സി മെഡിക്കല്‍ ഓഫിസര്‍ ഡോ. അബ്ദുല്‍ ജലീല്‍, ഡോ. കെ എസ് അജയന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it