palakkad local

മലബാറില്‍ പാല്‍ പ്രളയം : പാല്‍ കൈകാര്യം ചെയ്യാന്‍ മില്‍മ പ്രയാസപ്പെടുന്നു



ആലത്തൂര്‍:കേരളം  പാലുല്‍പ്പാദനത്തില്‍ സ്വയം പര്യപ്തതയിലേക്ക് നീങ്ങുമ്പോള്‍ മലബാര്‍ പാല്‍ പ്രളയത്തിലേക്ക്. വേനല്‍ മഴ നേരത്തെ ലഭിച്ചതിനാല്‍ പശുക്കള്‍ക്കും തൊഴുത്തിലും  ആവശ്യത്തിന് വെള്ളം ലഭിച്ചതും പച്ചപ്പുല്‍ മുളച്ചു തുടങ്ങിയതുമാണ് പാല്‍ ഉത്പ്പാദനത്തില്‍ പൊടുന്നനെയുള്ള വര്‍ദ്ധനവിനിടയാക്കിയത്. കാലവര്‍ഷത്തിന്റെ ആരംഭവും നോമ്പും ഒരുമിച്ചു വന്നതിനാല്‍ വിപണിയില്‍ ക്ഷീരസംഘങ്ങളുടെ പ്രാദേശിക പാല്‍ വില്‍പ്പന കുറഞ്ഞതും മില്‍മക്ക് ഇരുട്ടടിയായി.മലബാര്‍ മില്‍മയില്‍ ഇപ്പോള്‍ കഴിഞ്ഞ വര്‍ഷം സംഭരിച്ചിരുന്ന പാലിനെക്കാള്‍ 65,000 ലിറ്റര്‍ പാല്‍ പ്രതിദിനം അധികമാണ് സംഭരിക്കുന്നത്.ഇപ്പോഴത്തെ പ്രതിദിനപാല്‍ സംഭരണം 6.5 ലക്ഷം ലിറ്ററിന് മുകളിലാണ്. വരും നാളുകളില്‍ അത് ഏഴ് ലക്ഷം കവിയുമെന്നാണ് പ്രതീക്ഷ. പാല്‍ സംഭരണത്തില്‍ ഓരോ ദിവസവും പുതിയ റിക്കാര്‍ഡുകളാണ്.പാല്‍ സംഭരണം ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യത. പാലക്കാട്, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടിയ വര്‍ദ്ധനവ് വന്നിട്ടുള്ളത്.തിരുവന്തപുരം മില്‍മയിലേക്കും, പാല്‍പ്പൊടിയാക്കി സൂക്ഷിക്കുന്നതിന് ആലപ്പുഴ, തമിഴ്‌നാട്ടിലെ ഈറോഡ് പൗഡര്‍ പ്ലാന്റിലേക്കുമായി പ്രതിദിനം ഒരു ലക്ഷം ലിറ്ററിന് മുകളിലാണ് മലബാറില്‍ നിന്നും അയക്കുന്നത്.ഒരു ലിറ്റര്‍ പാല്‍ പൊടിയാക്കുമ്പോള്‍ 10 രൂപയിലധികമാണ് ചെലവ് വരുന്നത്.പാലക്കാട് ഡെയറിയില്‍ മാത്രം ഒരുലക്ഷത്തി തൊണ്ണൂറായിരം ലിറ്റര്‍ കവിഞ്ഞു.ഇത് കഴിഞ്ഞ വര്‍ഷം ഈ സമയത്തെക്കാള്‍ മുപ്പതിനായിരം ലിറ്റര്‍ അധികമാണ്. കൂടാതെ പട്ടാമ്പി, അട്ടപ്പാടി ചില്ലിംഗ് പ്ലാന്റുകളിലും പാല്‍ സംഭരണം കൂടിവരുന്നു. പട്ടാമ്പി ചില്ലിംഗ് പ്ലാന്റിലെ പാല്‍ സംഭരണം 30,000 ലിറ്റര്‍ കവിഞ്ഞു. പാലക്കാട് ഡെയറിയുടെ 52 ബള്‍ക്ക് മില്‍ക്ക് കൂളറുകളിലുടയാണ് പാല്‍  സംഭരിക്കുന്നത്. പാല്‍ സംഭരണശേഷി 1, 83,000 ലിറ്ററാണ്. ഇപ്പോള്‍ തന്നെ പാലിന്റെ അളവ് സംഭരണശേഷിയിലും കൂടുതലാകയാല്‍ പാല്‍ കൈകാര്യം ചെയ്യാന്‍ പ്രയാസം ഏറെയാണ്. പതിമൂന്ന് മില്‍ക്ക് ടാങ്കറുകള്‍ ഇരുപത്തയഞ്ചിലേറെ ട്രിപ്പുകളിലൂടെയാണ് പാല്‍ ഡെയറിപ്ലാന്റിലെത്തിക്കുന്നത്. നിലവില്‍ 53 സംഘങ്ങള്‍ക്ക് മില്‍ക്ക് ക്വാട്ട ഉണ്ടായിരിക്കുമ്പോളാണ് ഈവര്‍ദ്ധനവ്.ക്വാട്ട ഉയര്‍ത്തി നല്‍കണമെന്ന ആവശ്യം പല സംഘങ്ങളും ഉന്നയിച്ചു തുടങ്ങി. പാല്‍  ഉല്‍പ്പാദനം ഗണ്യമായി വര്‍ദ്ധിക്കുകയും നോമ്പിനോടനുബന്ധിച്ച് വില്‍പ്പനയില്‍ കുറവ് വരികയും വന്ന സാഹചര്യത്തില്‍ അധികമുള്ള പാല്‍  കൈകാര്യം ചെയ്യാനാവാത്ത അവസ്ഥയിലാണ് മലബാര്‍ മില്‍മ.
Next Story

RELATED STORIES

Share it