kasaragod local

മലബാറിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മെട്രോ ആശുപത്രിയില്‍

കോഴിക്കോട്: മലബാറിലെ ആദ്യത്തേതും കേരളത്തിലെ മൂന്നാമത്തേതുമായ ഹൃദയമാറ്റ ശസ്ത്രക്രിയക്കുള്ള എല്ലാ ഒരുക്കങ്ങളും കോഴിക്കോട്ടെ മെട്രോ ഇന്റര്‍നാഷനല്‍ കാര്‍ഡിയാക് സെന്ററില്‍ പൂര്‍ത്തിയായി. കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മസ്തിഷ്‌കമരണം സംഭവിച്ച കണ്ണൂര്‍ സ്വദേശി വിജേഷി(30)ന്റെ ഹൃദയമാണ് മലപ്പുറം മഞ്ചേരി മുള്ളമ്പാറ സ്വദേശി കെ ടി ഷംസുദ്ദീ(54)നു നല്‍കുക.

പതിനഞ്ച് ഡോക്ടര്‍മാരുള്‍പ്പെട്ട വിദഗ്ദ സംഘം ഹൃദയം കൊണ്ടുവരാനായി ഇന്നലെ രാത്രി ഏഴരയോടെ കണ്ണൂരിലേക്കു പുറപ്പെട്ടു. വേര്‍പെടുത്തുന്ന ഹൃദയം പ്രത്യേക ആംബുലന്‍സില്‍ റോഡുമാര്‍ഗമാണ് കൊണ്ടുവരിക. ഇതിനുള്ള എല്ലാവിധ പോലിസ് സഹായവും പൈലറ്റ് വാഹനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഹൃദയം എത്രയും വേഗത്തില്‍ കോഴിക്കോട് എത്തിക്കുന്നതിനായി കോഴിക്കോട്, കണ്ണൂര്‍ ജില്ലാ ഭരണകൂടം, പോലിസ് മേധാവികള്‍, മാഹി പോലിസ് തലവന്‍ എന്നിവരുടെ സഹായം തേടിയിട്ടുണ്ട്.

നിശ്ചയിച്ചതു പ്രകാരം കാര്യങ്ങള്‍ നീങ്ങുകയാണെങ്കില്‍ പുലര്‍ച്ച 1.30ഓടെ ശസ്ത്രികക്രിയ ആരംഭിക്കാനാവുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ചീഫ് കാര്‍ഡിയാക് സര്‍ജന്‍ ഡോ. വി നന്ദകുമാര്‍, ചീഫ് കാര്‍ഡിയോളജിസ്റ്റ് ഡോ. പി പി മുഹമ്മദ് മുസ്തഫ, ചീഫ് അസ്‌ത്യേഷോളജിസ്റ്റ് ഡോ. അശോക് ജയരാജ് എന്നിവരുടെ മേല്‍നോട്ടത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കുന്നത്. ഹൃദയസംബന്ധമായ അസുഖം മൂലം ഏറെ നാളായി കോഴിക്കോട് മെട്രോ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഷംസുദ്ദീന്‍.

അവയവദാനത്തിനുള്ള സര്‍ക്കാര്‍ പദ്ധതിയായ മൃതസഞ്ജീവനിയില്‍ ഷംസുദീന്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതുപ്രകാരം കണ്ണൂരിലെയും കോഴിക്കോട്ടെയും ആശുപത്രി അധികൃതര്‍ പരസ്പരം ബന്ധപ്പെടുകയായിരുന്നു. ഏകദേശം നാലു മണിക്കൂര്‍ സമയമെടുക്കുന്ന ശസ്ത്രക്രിയ വിജയത്തിലെത്താന്‍ പ്രാര്‍ഥനയിലാണ് ഷംസുദ്ധീന്റെ കുടുംബാംഗങ്ങളും ഡോക്ടര്‍മാരും.
Next Story

RELATED STORIES

Share it