Districts

മലബാറിന് എമിഗ്രേഷന്‍ ഓഫിസ്; വാഗ്ദാനം പാഴ്‌വാക്കായി

കെ അഞ്ജുഷ

കോഴിക്കോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള മലബാറില്‍ എമിഗ്രേഷന്‍ ഓഫിസ് അനുവദിക്കുമെന്ന വാഗ്ദാനം വെറുംവാക്കായി. ഉദ്യോഗാര്‍ഥികളുടെയും യാത്രക്കാരുടെയും സൗകാര്യാര്‍ഥം എമിഗ്രേഷന്‍ ഓഫിസും ഗള്‍ഫ് കോണ്‍സുലേറ്റും മലബാറില്‍ വേണമെന്ന ഏറക്കാലമായുള്ള ആവശ്യമാണ് അധികൃതരുടെ നിസ്സംഗതമൂലം കടലാസിലൊതുങ്ങിയത്. മലബാറിലെ പ്രവാസികളുടെ എണ്ണം കണക്കിലെടുത്ത് എമിഗ്രേഷന്‍ ഓഫിസ് കോഴിക്കോട്ട് സ്ഥാപിക്കുമെന്നായിരുന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് കേന്ദ്രസര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നത്. മലബാറുകാര്‍ എമിഗ്രേഷന്‍ ആവശ്യങ്ങള്‍ക്ക് ഇന്നും ആശ്രയിക്കുന്നത് കൊച്ചിയിലെയും തിരവനന്തപുരത്തെയും ഓഫിസുകളെയാണ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നീ ഏഴു ജില്ലകളിലെ ആളുകളുടെ എമിഗ്രേഷന്‍ ആവശ്യങ്ങള്‍ക്കാണു ബുദ്ധിമുട്ടുള്ളത്. മലബാറില്‍ എമിഗ്രേഷന്‍ ഓഫിസ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പല സംഘടനകളും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ സമീപിച്ചിരുന്നു. എന്നാല്‍, തുടര്‍നടപടികള്‍ ഉണ്ടായില്ല. കോഴിക്കോട്ട് ഓഫിസ് സ്ഥാപിക്കുമെന്ന് വയലാര്‍ രവി കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ അറിയിച്ചിരുന്നു. എന്നാല്‍, അതിന്റെ പ്രാരംഭ നടപടികള്‍ പോലും ഉണ്ടായില്ല. കോഴിക്കോട്ട് എമിഗ്രേഷന്‍ ഓഫിസ് തുറക്കാത്തതിനു പിന്നില്‍ സ്വകാര്യലോബിക്കു പങ്കുണ്ടെന്ന് പ്രവാസി ഡെവലപ്‌മെന്റ് റിഹാബിലിറ്റേഷന്‍ ആന്റ് വെല്‍ഫെയര്‍ സെന്റര്‍ ആരോപിക്കുന്നു.
Next Story

RELATED STORIES

Share it