Flash News

മലബാര്‍ സിമന്റ്‌സ് അഴിമതി : കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം നടപടിക്ക് അര്‍ഹമായ കുറ്റകൃത്യമെന്ന്



കൊച്ചി: മലബാര്‍ സിമന്റ്‌സുമായി ബന്ധപ്പെട്ട അഴിമതി ഇടപാട് കള്ളപ്പണം വെളുപ്പിക്കല്‍ നിയമം (മണി ലോന്‍ഡറിങ് ആക്ട്) പ്രകാരം നടപടിക്ക് അര്‍ഹമായ കുറ്റകൃത്യമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍. ഇടപാട് നടന്ന കാലത്ത് ഈ കുറ്റകൃത്യങ്ങള്‍ ഷെഡ്യൂള്‍ഡ് പട്ടികയില്‍ വരുന്നതല്ലെങ്കില്‍പോലും നിക്ഷേപമായോ മറ്റോ ഇതേ തുകയുടെ ആനുകൂല്യങ്ങള്‍ പ്രതികള്‍ക്ക് ഇപ്പോഴും ലഭിക്കുന്നുണ്ട്. അതിനാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ അനിവാര്യമാണ്. കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ മാത്രമല്ല; അഖണ്ഡതയേയും ഐക്യത്തെയും ബാധിക്കുന്നതാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് കോഴിക്കോട് സബ്‌സോണല്‍ ഓഫിസിലെ ഡെപ്യൂട്ടി ഡയറക്ടര്‍ വി പ്രവീണ്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. മലബാര്‍ സിമന്റസ് അഴിമതിക്കേസിലെ വിജിലന്‍സ് കേസിന്റെ പശ്ചാത്തലത്തില്‍ തങ്ങള്‍ക്കെതിരായ സ്വീകരിച്ചിട്ടുള്ള എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികളായ മുംബൈ ഋഷി പാക്കേഴ്‌സ് മാനേജിങ് ഡയറക്ടര്‍ ഹര്‍ഷദ് ബി പട്ടേല്‍, കരാറുകാരായ എ ആര്‍ കെ വുഡ് ആന്റ് മെറ്റല്‍സ് എക്‌സി. ഡയറക്ടര്‍ എസ് വടിവേലു, ഇടനില കമ്പനിയായ പയനീര്‍ എന്റര്‍പ്രൈസസ് മാനേജിങ് പാര്‍ട്ണര്‍ ചന്ദ്രമൗലി എന്നിവര്‍ നല്‍കിയ ഹരജിയിലാണ് വിശദീകരണം. കേസ് 29ന് പരിഗണിക്കും.
Next Story

RELATED STORIES

Share it