Flash News

മലബാര്‍ ലോബി പിടിമുറുക്കുന്നു; ബിജെപിയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുന്നു

മലബാര്‍ ലോബി പിടിമുറുക്കുന്നു; ബിജെപിയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുന്നു
X
bjp-keralaകെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: ബിജെപിയുടെ സംസ്ഥാന ഘടകത്തില്‍ നിലനില്‍ക്കുന്ന പടലപ്പിണക്കങ്ങളും ഗ്രൂപ്പിസവും അവസാനിപ്പിക്കാന്‍ ദേശീയ നേതൃത്വം ഇടപെട്ട് നടത്തിയ പരിഹാരക്രിയകള്‍ ഫലം കാണുന്നില്ല സൂചന. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് ഒരു വിഭാഗം നേതാക്കളിലൂണ്ടായ അസംതൃപ്തിയാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കിയിരിക്കുന്നത്.
ഏറെ സാധ്യതയുണ്ടെന്ന് പാര്‍ട്ടി കരുതുന്ന തെക്കന്‍ കേരളത്തിലെ പ്രധാന മണ്ഡലങ്ങളില്‍ മലബാറില്‍നിന്നുള്ള നേതാക്കള്‍ മല്‍സരിക്കാന്‍ നീക്കം നടത്തുന്നത് ഇവിടെനിന്നുമുള്ള നേതാക്കളില്‍ വലിയ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. പാര്‍ട്ടി പ്രതീക്ഷ വയ്ക്കുന്ന നേമം, പാറശാല, തിരുവനന്തപുരം, ആറന്‍മുള മണ്ഡലങ്ങളില്‍ വടക്കുനിന്നുള്ള നേതാക്കളെയാണ് പരിഗണിക്കുന്നത്. നേമം മണ്ഡലത്തില്‍ കുമ്മനം രാജശേഖരനായിരിക്കും മല്‍സരിക്കുകയെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ആറന്‍മുളയില്‍ എം ടി രമേശിനെയാവും മല്‍സരിപ്പിക്കുക.

മുന്‍ അധ്യക്ഷന്‍ മുരളീധരന്‍ തെക്കന്‍കേരളത്തിലെ പാര്‍ട്ടിക്ക് ജയസാധ്യതയുണ്ടെന്ന് അദ്ദേഹം കരുതുന്ന ഒരു പ്രത്യേക മണ്ഡലത്തില്‍ മല്‍സരിക്കാനാണ് താല്‍പ്പര്യം അറിയിച്ചിട്ടുള്ളത്. എന്നാല്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് പ്രവര്‍ത്തക കണ്‍വെന്‍ഷനും തെക്കന്‍ജില്ലകളിലെ മുതിര്‍ന്ന നേതാക്കളുമായുള്ള സമ്പര്‍ക്കത്തിനുശേഷം മാത്രമേ നിശ്ചയിക്കാവൂവെന്നാണ് തെക്കന്‍ജില്ലാ നേതൃത്വങ്ങളുടെ ആവശ്യം. സ്ഥാനാര്‍ഥികളെ മലബാര്‍ ലോബി തങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇവര്‍ പറയുന്നു.
ഇക്കാര്യം ഈമാസം 17ന് ചേരുന്ന പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റിയില്‍ അറിയിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് വെളിപ്പെടുത്തി. അതേസമയം വെള്ളപ്പാള്ളിയുടെ ബിഡിജെഎസുമായി സീറ്റ് ചര്‍ച്ചകള്‍ ഈയാഴ്ച നടക്കുമെന്നാണ് സൂചന. നേരെത്തെ ഇതുസംബന്ധിച്ച് അനോദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും സീറ്റുകളുടെ കാര്യത്തില്‍ അന്തിമതീരുമാനത്തിനത്തിയിരുന്നില്ല. 65 സീറ്റുകള്‍ ബിഡിജെഎസിന് വേണമെന്നാണ് അവരുടെ നിലപാട്. എന്നാല്‍ ഇതിന് ബിജെപി തയാറായിട്ടില്ല. ഇതിനെതുടര്‍ന്നാണ് തുടര്‍ചര്‍ച്ചകള്‍ വഴിമുട്ടിയത്. കുമ്മനം നയിച്ച കേരള മോചനയാത്രയുടെ വിവിധ വേദികളില്‍ വെള്ളപ്പള്ളിയടക്കമുള്ള ബിഡിജെഎസ് നേതാക്കളെ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നെങ്കിലും അവര്‍ വിട്ടുനിന്നു. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന യാത്രയുടെ സമാപനത്തിലും പങ്കെടുക്കാന്‍ കഴിയില്ലെന്ന് വെള്ളാപ്പള്ളി അറിയിച്ചിട്ടുണ്ട്.

[related] സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇരുപാര്‍ട്ടികള്‍ക്കിടയിലും ഉയര്‍ന്ന വിയോജിപ്പുകളാണ് വെള്ളാപ്പള്ളിയുടെ നിലപാടിന് പിന്നിലെന്നാണ് സൂചന. പ്രശ്‌നം പരിഹരിക്കാനായാണ് ബിജെപി അധ്യക്ഷന്‍ തന്നെ മുന്‍കൈയെടുത്ത് സീറ്റ് വിഭജന ചര്‍ച്ച പുനരാരംഭിക്കുന്നത്.
Next Story

RELATED STORIES

Share it