മലബാര്‍ മെഡിക്കല്‍ കോളജ് 10 വിദ്യാര്‍ഥികളുടെ പ്രവേശനം സുപ്രിംകോടതി അംഗീകരിച്ചു

ന്യൂഡല്‍ഹി: കോഴിക്കോട്ടെ മലബാര്‍ മെഡിക്കല്‍ കോളജിലെ 10 വിദ്യാര്‍ഥികളുടെ പ്രവേശനം സുപ്രിംകോടതി ശരിവച്ചു. 2016-17 അധ്യയന വര്‍ഷത്തിലെ വിദ്യാര്‍ഥികളുടെ പ്രവേശനം റദ്ദാക്കിയ മേല്‍നോട്ട സമിതിയുടെ തീരുമാനം ശരിവച്ച ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി.
ഓണ്‍ലൈനായി അപേക്ഷ നല്‍കാത്ത 10 വിദ്യാര്‍ഥികളുടെയും പ്രവേശനം റദ്ദാക്കണമെന്ന പ്രവേശന മേല്‍നോട്ട സമിതിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും വാദങ്ങള്‍ ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്. പ്രവേശനത്തില്‍ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി പ്രവേശന മേല്‍നോട്ട സമിതിയാണ് ആദ്യം വിദ്യാര്‍ഥികളുടെ പ്രവേശനം റദ്ദാക്കിയത്. ഇത് പിന്നീട് ഹൈക്കോടതിയും ശരിവയ്ക്കുകയായിരുന്നു. ഇതിനെതിരേയാണ് വിദ്യാര്‍ഥികള്‍ സുപ്രിംകോടതിയെ സമീപിച്ചത്.
സമയപരിധിക്കു ശേഷമാണ് വിദ്യാര്‍ഥികള്‍ അപേക്ഷിച്ചതെന്നും ഇവര്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കിയിരുന്നില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഓണ്‍ലൈനായി അപേക്ഷ നല്‍കാത്തവര്‍ക്കും മാനേജ്‌മെന്റ് ക്വാട്ടയില്‍ സ്‌പോട്ട് അഡ്മിഷന്‍ നല്‍കാമെന്ന സര്‍ക്കാരിന്റെ നേരത്തേയുള്ള ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി മേല്‍നോട്ട സമിതിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും വാദങ്ങള്‍ തള്ളിയത്. അതേസമയം, പണം വാങ്ങി തങ്ങള്‍ക്ക് തോന്നുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നസ്വകാര്യ മാനേജ്‌മെന്റുകളുടെ നടപടിയെ കോടതി നേരത്തേ വിമര്‍ശിച്ചിരുന്നു.
Next Story

RELATED STORIES

Share it