kozhikode local

മലബാര്‍ മാന്‍ഷന്‍ പൂട്ടി സീല്‍ വച്ചിട്ട് ഒരു വര്‍ഷം



കോഴിക്കോട്:  മിഠായ്‌ത്തെരുവിലെ കെടിഡിസിയുടെ ഹോട്ടലും ബിയര്‍ പാര്‍ലറും റീജനല്‍ ഓഫിസും ലോഡ്ജും പ്രവര്‍ത്തിച്ചിരുന്ന ‘മലബാര്‍ മാന്‍ഷന്‍’ അടച്ചു പൂട്ടിയിട്ട് ഒരു വര്‍ഷം തികയുന്നു. 2016 മെയ് 24ന് ചൊവ്വാഴ്ചയാണ് നഗരസഭ അടച്ചുപൂട്ടി സീല്‍ ചെയ്തത്. കോര്‍പറേഷനും കെടിഡിസിയും തമ്മിലുള്ള പാട്ടക്കരാറിന്റെ കാലാവധി കഴിഞ്ഞെന്ന കാരണത്താലായിരുന്നു അടച്ചുപൂട്ടല്‍. കോഴിക്കോട്ടെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് രാപാര്‍ക്കാനുണ്ടായിരുന്ന ഏക സര്‍ക്കാര്‍ സംരംഭമായിരുന്നു നഗരമധ്യത്തിലെ ഈ താവളം. യാതൊരു മുന്നറിയിപ്പുമില്ലാതെയായിരുന്നു അന്നേ ദിവസം രാവിലെ നഗരസഭാ അധികൃതരെത്തി മലബാര്‍ മാന്‍ഷന്‍ അടച്ചുപൂട്ടിയത്. മേഖലാ തലത്തില്‍ തന്നെ കെടിഡിസിയുടെ പ്രവര്‍ത്തനം അതോടെ നിലച്ചു. 35 ഓളം താല്‍ക്കാലിക ജീവനക്കാര്‍ തെരുവിലായി. നാഴികക്ക് നാല്‍പതുവട്ടം കോഴിക്കോടിന്റെ വിനോദ സഞ്ചാര മേഖലയിലെ സാധ്യതകളെക്കുറിച്ച് പറഞ്ഞ ജനപ്രതിനിധികളോ ജില്ലാ ഭരണകൂടമോ ടൂറിസം വകുപ്പോ പിന്നെ ഇത്തരമൊരു സ്ഥാപനം നഗരത്തില്‍ പടുത്തുയര്‍ത്തുന്നതിനെക്കുറിച്ച് ഒന്നും ഉരിയാടിയതുമില്ല. കോഴിക്കോട്ടെത്തുന്ന വിനോദ സഞ്ചാരികള്‍ കെടിഡിസിയെക്കുറിച്ചന്വേഷിച്ചാല്‍ കിട്ടുന്ന മറുപടി അത് രാമനാട്ടുകരയിലാണെന്നു മാത്രമാണ്. രാമനാട്ടുകരയില്‍ ഒരു ബീര്‍ പാര്‍ലറുണ്ടെന്നു മാത്രമാണ് രാമനാട്ടുകരക്കാരും പറയുക.  നഗരത്തില്‍ ബീര്‍ പാര്‍ലറുകള്‍ പിന്നീട് കൂണു മുളയ്ക്കുംപോലെ മുളച്ചു. ഇടക്കാലത്ത് എല്ലാം പൂട്ടി. പൂര്‍വാധികം ശക്തിയോടെ ബീര്‍ വൈന്‍ കച്ചവടം തിരിച്ചു വരികയും ചെയ്തു. എന്നിട്ടും സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്റെ നിയന്ത്രണത്തിലുള്ള മലബാര്‍ മാന്‍ഷന്‍ മാത്രം തുറന്നില്ല. നഗരസഭയുടെ പഴയകാല ‘സത്രം’ പൊളിച്ചുമാറ്റി ഉണ്ടാക്കിയ കെട്ടിടമായിരുന്നു ഇത്. കെട്ടിടം വാടകക്കെടുത്ത് ഒരു സ്വകാര്യ വ്യക്തി കിഡ്‌സണ്‍ ടൂറിസ്റ്റ് ഹോം തുടങ്ങി. അവരില്‍ നിന്നുമാണ് ടൂറിസം വകുപ്പിന് നഗരസഭ കൈമാറിയത്. നഗരത്തിന്റെ മാറില്‍ പൈതൃകതെരുവിലെ ഈ ടൂറിസ്റ്റ് കേന്ദ്രം കോഴിക്കോട്ടെത്തുന്ന ഏതൊരു സഞ്ചാരിക്കും ഏറെ ഇഷ്ടപ്പെട്ട താവളവുമായിരുന്നു. ഇതിന് പകരം മറ്റൊരു സ്ഥലം കണ്ടെത്തി ‘മലബാര്‍ മാന്‍ഷന്‍’ പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ യാതൊരു ചിന്തയും നടക്കുന്നില്ല എന്നാണറിഞ്ഞത്.
Next Story

RELATED STORIES

Share it