malappuram local

മലപ്പുറമെന്ന പച്ച കോട്ടയില്‍ ഇടത് തേടുന്നത് മരുപ്പച്ച

മലപ്പുറം: യുഡിഎഫിന്റെ പച്ച കോട്ടകളിലൊന്നാണ് മലപ്പുറം. ഇത്തവണയും ഇവിടെ അടിയൊഴുക്കുകളൊന്നുമില്ലെന്നാണ് നിരീക്ഷണം. ഇടതുമുന്നണിക്ക് എത്തിപ്പിടിക്കാനാവുന്നതിലും അകലെയാണ് മലപ്പുറം മണ്ഡലത്തിന്റെ രാഷ്ട്രീയമനസ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൊത്തം വോട്ടുകളുടെ 63.75 ശതമാനം നേടിയാണ് പി ഉബൈദുള്ള വിജയിച്ചത്. അദ്ദേഹത്തിന് 77,928 വോട്ടുകള്‍ ലഭിച്ചപ്പോള്‍ മുഖ്യഎതിരാളി ജനതാദള്‍ എസിലെ മഠത്തില്‍ സാദിഖലിക്ക് ലഭിച്ചത് 33,420 വോട്ടുകള്‍്. മൂന്നാം സ്ഥാനം 3,968 വോട്ടുകള്‍ നേടിയ എസ്ഡിപിഐക്ക്. മുസ്‌ലിം ലീഗിന്റെ പ്രമുഖ നേതാക്കളെ നിയമസഭയിലെത്തിച്ച മണ്ഡലമാണ് മലപ്പുറം. സി എച്ച് മുഹമ്മദ്‌കോയ, ചാക്കീരി അഹമ്മദ്കുട്ടി, എം പി എം അഹമ്മദ്കുരിക്കള്‍, യു എ ബീരാന്‍, പി കെ കുഞ്ഞാലിക്കുട്ടി, ഡോ. എം കെ മുനീര്‍ തുടങ്ങിയ പ്രമുഖ നേതാക്കളെ പലകാലങ്ങളിലായി നിയമസഭയിലെത്തിച്ച മണ്ഡലം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇ അഹമ്മദിന് മലപ്പുറം നിയമസഭാ മണ്ഡലത്തില്‍ നിന്ന് ലഭിച്ചത് 36,324 വോട്ടുകളുടെ ഭൂരിപക്ഷമാണ്. അഹമ്മദിന് ഇവിടെ 72,304 വോട്ടുകള്‍ ലഭിച്ചപ്പോള്‍ മുഖ്യഎതിരാളി പി കെ സൈനബക്ക് കിട്ടിയത് 36,324 വോട്ടുകള്‍. എസ്ഡിപിഐക്ക് ലോക്‌സഭയിലേക്ക് 6,946 വോട്ടുകളും ലഭിച്ചു.
ബിജെപി 5,772 വോട്ടുകള്‍ നേടിയപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ലഭിച്ചത് 5,330 വോട്ടുകള്‍. മലപ്പുറം നഗരസഭ, ആനക്കയം, കോഡൂര്‍, പുല്‍പ്പറ്റ, കോഡൂര്‍, മൊറയൂര്‍ പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് മലപ്പുറം മണ്ഡലം. ഇത്തവണ മല്‍സരം ശക്തമാക്കാനായി സീറ്റ് സിപിഎം ഏറ്റെടുത്തിട്ടുണ്ട്. സിപിഎമ്മിന്റെയും ജനാധിപത്യ മഹിളാ അസോസിയേഷന്റെയും നേതാവായ അഡ്വ. കെ പി സുമതിയാണ് മല്‍സര രംഗത്തുള്ളത്. മലപ്പുറത്ത് ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന കെ എന്‍ ബാദുഷാ തങ്ങളാണ്. എസ്ഡിപിഐ സ്ഥാനാര്‍ഥിയായി സംസ്ഥാന ഖജാഞ്ചി ജലീല്‍ നീലാമ്പ്രയും പിഡിപി സ്ഥാനാര്‍ഥിയായി അഷ്‌റഫ് പുല്‍പ്പറ്റയും വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഇ സി ആയിഷയും മല്‍സരിക്കുന്നുണ്ട്. മലബാറില്‍ മുസ്‌ലിംലീഗ് കെട്ടിപടുക്കുന്നതില്‍ കഠിനാധ്വാനം ചെയ്ത നീലാമ്പ്ര മരക്കാര്‍ ഹാജിയുടെ മകനാണ് ജലീല്‍ നീലാമ്പ്ര. സൗദിയില്‍ 15 വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം മടങ്ങിയെത്തിയ ഇദ്ദേഹം 1995-2000 കാലത്ത് വണ്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്നീ ചുമതലകള്‍ വഹിച്ചു.
വനിതാകോളജ്, കോട്ടപ്പടി സ്റ്റേഡിയം നവീകരണം, ചാമക്കയത്ത് പുഴയോര പാര്‍ക്ക്, സിവില്‍സ്റ്റേഷന് പിറകിലെ ശാന്തിതീരം, മലപ്പുറം കാന്‍സര്‍ സെന്റര്‍ തുടങ്ങിയവ യുഡിഎഫ് പ്രചാരണായുധമാക്കുന്നു. ഏറെ പ്രതീക്ഷയോടെ എത്തിയ ഇഫഌ കാംപസ്, പൂര്‍ത്തിയാക്കാത്ത കെഎസ്ആര്‍ടിസി ടെര്‍മിനല്‍, മലപ്പുറം നഗരത്തിന്റെ ശോച്യാവസ്ഥ, കുന്നുമ്മല്‍-കോട്ടപ്പടി ബൈപാസ് നിര്‍മാണം തുടങ്ങിയ വിഷയങ്ങളിലെ വികസന മുരടിപ്പ് ഉയര്‍ത്തിയാണ് ഇടതുപക്ഷം ഇത്തവണ വോട്ട് തേടുന്നത്. ലീഗ്-കോണ്‍ഗ്രസ് പോരില്‍ ഭിന്നിച്ച് നില്‍ക്കുന്നവരുടെ വോട്ടും ഇടതു തട്ടകത്തിലെത്തുമെന്ന പ്രതീക്ഷയും ഇവര്‍ക്കുണ്ട്.
Next Story

RELATED STORIES

Share it