Flash News

മലപ്പുറത്ത് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ സിപിഎം ബിജെപിയോട് മല്‍സരിച്ചു : വി എം സുധീരന്‍



ന്യൂഡല്‍ഹി: മലപ്പുറത്ത് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ സിപിഎം ബിജെപിയോട് മല്‍സരിച്ചുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. സ്ഥാനാര്‍ഥിയായ പി കെ കുഞ്ഞാലിക്കുട്ടിയുടെ പൊതു സ്വീകാര്യതയും യുഡിഎഫ് പ്രവര്‍ത്തകരുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനവുമാണ് മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ അഭിമാനകരമായ വിജയം സമ്മാനിച്ചത്. അതേസമയം, സിപിഎം ബിജെപിയുമായി വര്‍ഗീയ ധ്രുവീകരണത്തിന് മല്‍സരിക്കുന്ന ഒരു സ്ഥിതിവിശേഷമാണ് അവിടെ കണ്ടതെന്നും സുധീരന്‍ പറഞ്ഞു. ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലെത്തിയ സുധീരന്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിപിഎമ്മിന്റെ വര്‍ഗീയ ധ്രുവീകരണ പരിശ്രമങ്ങളും ബിജെപിയുടെ വര്‍ഗീയത ആളിക്കത്തിച്ചുകൊണ്ടുള്ള പ്രവര്‍ത്തനവും മലപ്പുറം ജനത സമ്പൂര്‍ണമായി പരാജയപ്പെടുത്തി. മതേതര മനസ്സുള്ള മലപ്പുറം ജനതയുടെ വിധിയെഴുത്ത് കേരളത്തിനും ദേശീയതലത്തിലും കോണ്‍ഗ്രസ്സിനും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മതേതര ജനാധിപത്യ മുന്നണിക്കും കൂടുതല്‍ കരുത്ത് പകര്‍ന്നുവെന്നും സുധീരന്‍ പറഞ്ഞു. കെപിസിസി അധ്യക്ഷനെ ജനാധിപത്യപരമായ രീതിയില്‍ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തുന്നതാണ് ഏറ്റവും അഭികാമ്യം. ഇക്കാര്യത്തില്‍ ചര്‍ച്ചയിലൂടെ ഒരു സമവായം ഉണ്ടാവുന്നതും നല്ലതാണ്. ഉമ്മന്‍ചാണ്ടി അധ്യക്ഷനാവണമെന്ന അഭിപ്രായം ഇന്നലത്തെ ചര്‍ച്ചയില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന് അവകാശപ്പെട്ട അഞ്ചു ലക്ഷം ഹെക്ടര്‍ ഭൂമി സ്വകാര്യ വ്യക്തികളും കമ്പനികളും നിയമവിരുദ്ധമായി കൈവശം വച്ചിട്ടുണ്ട്. ഇത് തിരിച്ചുപിടിക്കാനുള്ള നടപടികളില്‍ സര്‍ക്കാര്‍ വേണ്ടത്ര താല്‍പര്യം കാണിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
Next Story

RELATED STORIES

Share it