മലപ്പുറത്ത് ലീഗിനെതിരേ സാമ്പാര്‍ മുന്നണി: കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: മലപ്പുറത്ത് ലീഗിനെതിരേ മല്‍സരിക്കുന്നത് സാമ്പാര്‍ മുന്നണിയാണെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മറ്റു സ്ഥലങ്ങളില്‍ ചേരിതിരിഞ്ഞ് നില്‍ക്കുന്ന പാര്‍ട്ടികള്‍ മലപ്പുറത്ത് സംയുക്തമായി ലീഗിനെ എതിര്‍ക്കുകയാണ്. മതേതരത്വം, തീവ്രവാദം, ഫാസിസം എന്നൊക്കെ പറഞ്ഞ് എതിര്‍ക്കുന്നവര്‍ക്ക് മലപ്പുറത്തെത്തുമ്പോള്‍ ഇതൊന്നും പ്രശ്‌നമല്ലാതായിരിക്കുകയാണ്. മിക്ക വാര്‍ഡുകളിലും ലീഗിനെ എതിര്‍ക്കാന്‍ ഒരു സ്ഥാനാര്‍ഥി മാത്രമാണുള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച ജനഹിതം സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പാര്‍ മുന്നണിയില്‍ കോണ്‍ഗ്രസ്സുമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കാതെ കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞുമാറി.
തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നണിയില്‍ അച്ചടക്കലംഘനത്തിന്റെ പ്രശ്‌നമുണ്ട്. മലപ്പുറത്ത് 25 ഓളം പഞ്ചായത്തുകളില്‍ ലീഗ് സഖ്യമില്ലാതെ മല്‍സരിക്കുന്നത് വസ്തുതയാണ്. അവിടങ്ങളില്‍ പാര്‍ട്ടിയുടെ കോണി ചിഹ്നത്തില്‍ തന്നെയാണ് ലീഗ് സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നത്. ഏതു സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കണമെന്ന് മറ്റു പാര്‍ട്ടികള്‍ തീരുമാനിക്കട്ടെ. യുഡിഎഫിലെ അനൈക്യം കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് മലപ്പുറത്താണ്. അതിനുകാരണം യുഡിഎഫ് നേതാക്കള്‍ വിലയിരുത്തട്ടേയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസ്-ലീഗ് മല്‍സരം നടക്കുന്ന സ്ഥലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോവുമോ എന്ന ചോദ്യത്തിന് എല്ലാവരും ചെയ്യുന്നത് ഞാന്‍ ചെയ്യുമെന്നായിരുന്നു പ്രതികരണം. സ്വന്തം ചിഹ്നത്തില്‍ മല്‍സരിക്കുമ്പോള്‍ പ്രചാരണത്തിന് പാര്‍ട്ടിക്കാര്‍ പോവുന്നതുകൊണ്ട് കുഴപ്പമില്ല. അതാണ് സൗഹൃദ മല്‍സരമെന്നും അദ്ദേഹം പറഞ്ഞു. വിമതരുടെ പ്രശ്‌നം മുന്നണിയുടെ പ്രതിച്ഛായയെ ബാധിക്കും. കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ ഈ പ്രശ്‌നങ്ങള്‍ മാറും. പൊതുവായെടുക്കുന്ന തീരുമാനത്തിന് എതിരായി വ്യക്തികള്‍ തീരുമാനമെടുക്കുന്നത് ജനാധിപത്യത്തിന് യോജിച്ചതല്ല. വെള്ളാപ്പള്ളി ബിജെപി ബാന്ധവം യുഡിഎഫിനെ ബാധിക്കില്ല.
മൂന്നാം മുന്നണിക്ക് കേരളത്തില്‍ പ്രസക്തിയില്ല. കേരളത്തില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്നത് മാധ്യമപ്രചാരണം മാത്രമാണ്. ഇപ്രാവശ്യത്തെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രാദേശിക പ്രശ്‌നങ്ങളില്‍ മാത്രമൊതുങ്ങാതെ കുറേക്കൂടി രാഷ്ട്രീയപരമായ പോരാട്ടമാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനവും വികസന നയവും യുഡിഎഫിന് തിരഞ്ഞെടുപ്പില്‍ മുന്‍തൂക്കം നല്‍കും. നിലവിലെ സാഹചര്യത്തില്‍ യുഡിഎഫ് മുന്നണി സംവിധാനം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Next Story

RELATED STORIES

Share it