malappuram local

മലപ്പുറത്തെ വിദ്യാഭ്യാസ പുരോഗതി സംസ്ഥാനത്തിന് മാതൃക: പി കെ കുഞ്ഞാലിക്കുട്ടി



മലപ്പുറം: വിദ്യാഭ്യാസരംഗത്തുള്ള ജില്ലയുടെ പുരോഗതിയും കുട്ടികളുടെ ഉന്നതപഠനനിലവാരവും സംസ്ഥാനത്തിന് മാതൃകയാണെന്ന് നിയുക്ത എംപി പി കെ കുഞ്ഞാലിക്കുട്ടി. എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്‌സി പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന ജില്ലാപഞ്ചായത്തിന്റെ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ജില്ലയിലെ വിദ്യാര്‍ഥികള്‍ അക്കാദമിക്ക് പരീക്ഷകളിലും മല്‍സര പരീക്ഷകളിലും മറ്റു പ്രവേശന പരീക്ഷകളിലും ഉന്നതവിജയം നേടുന്നുണ്ട്. രാജ്യത്തെ പല പ്രമുഖ സര്‍വകലാശാലകളിലും ജില്ലയിലെ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് എം ഐ ഷാനവാസ് എംപി ഉപഹാരം നല്‍കി. മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ ആയിരത്തിലധികം വിദ്യാര്‍ഥികളും രക്ഷിതാക്കളും പരിപാടിയില്‍ പങ്കെടുത്തു. പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ ഒമ്പത് വിദ്യാര്‍ഥികളെയും പ്രത്യേകം ആദരിച്ചു. നൂറ് ശതമാനം വിജയം നേടിയ 50 സ്‌കൂള്‍ക്കുള്ള ഉപഹാരവും പരിപാടിയില്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണകൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ അമിത് മീണ സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, ഡിഎഫ്ഒ അടല്‍ അരശന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഉമ്മര്‍ അറക്കല്‍, വി സുധാകരന്‍, ഹജറുമ്മ, അനിത കിഷോര്‍, അംഗങ്ങളായ സലീം കുരുവമ്പലം, എ കെ അബ്ദുര്‍റഹ്മാന്‍, വിജയഭേരി കോ-ഓഡിനേറ്റര്‍ ടി സലീം സംസാരിച്ചു.
Next Story

RELATED STORIES

Share it