Readers edit

മലപ്പുറത്തെ വിദ്യാഭ്യാസം: പരാധീനതകള്‍ മാത്രം

മലപ്പുറത്തെ വിദ്യാഭ്യാസം: പരാധീനതകള്‍ മാത്രം
X
slug-enikku-thonnunnathuഇര്‍ഷാദ്, മൊറയൂര്‍

എസ്എസ്എല്‍സിക്കും പ്ലസ്ടുവിനുമൊക്കെയുള്ള അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു മലപ്പുറത്തെ വിദ്യാര്‍ഥികള്‍. തദ്ഫലമായി ഉന്നത വിജയം കരസ്ഥമാക്കുന്നതില്‍ ജില്ല മുന്‍പന്തിയിലാണുള്ളത്. എന്നാല്‍, അതു സര്‍ക്കാരിന്റെ ഭരണനേട്ടമായി ഉയര്‍ത്തിക്കാണിച്ച്, മലപ്പുറം ജില്ല വിദ്യാഭ്യാസപരമായി മുന്നിലാണെന്ന് കൊട്ടിഘോഷിക്കും മുമ്പ് അധികാരത്തിലിരിക്കുന്നവരോട് മലപ്പുറത്തെ വിദ്യാര്‍ഥികള്‍ക്ക് ചിലതു പറയാനുണ്ട്.
കണക്കുകള്‍ സംസാരിക്കുന്നത് ഇപ്രകാരമാണ്. കേരളത്തില്‍ ശരാശരി 77 കുട്ടികള്‍ക്ക് ഒരു അങ്കണവാടി വീതം ഉണ്ടെങ്കില്‍ മലപ്പുറത്ത് 132 കുട്ടികള്‍ക്ക് ഒന്നു മാത്രം. മലപ്പുറത്ത് 1,356 കുട്ടികള്‍ക്ക് ഒരു ഹൈസ്‌കൂള്‍ ആണെങ്കില്‍ പത്തനംതിട്ടയില്‍ 271 കുട്ടികള്‍ക്കും കോട്ടയത്ത് 334 കുട്ടികള്‍ക്കും ഇടുക്കിയില്‍ 321 കുട്ടികള്‍ക്കും ഓരോ ഹൈസ്‌കൂള്‍ വീതം ഉണ്ട്. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, ഐടിഐ, പോളിടെക്‌നിക് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലും മലപ്പുറത്തെ കുട്ടികളുടെ അവസ്ഥ ദയനീയമാണ്.
10 കഴിഞ്ഞ് തുടര്‍പഠനം ആഗ്രഹിക്കുന്ന മലപ്പുറത്തെ കുട്ടികളില്‍ 358 പേര്‍ക്ക് ആശ്രയിക്കാന്‍ ശരാശരി ഒരു സ്ഥാപനം മാത്രമാണുള്ളത്. പത്തനംതിട്ടയിലും കൊല്ലത്തും തിരുവനന്തപുരത്തും ഇതു യഥാക്രമം 91, 168, 179 കുട്ടികള്‍ക്ക് ഓരോ സ്ഥാപനം വീതമാണ്. മലപ്പുറത്തെ 2,749 വിദ്യാര്‍ഥികള്‍ക്ക് ആശ്രയിക്കാന്‍ ഒരു കോളജ് മാത്രം. പത്തനംതിട്ടയിലും ആലപ്പുഴയിലും കോട്ടയത്തും യഥാക്രമം 504, 921, 693 കുട്ടികള്‍ക്ക് ഒരു സ്ഥാപനം വീതമുണ്ട്. ഇത്രയും വിദ്യാര്‍ഥിസാന്ദ്രതയുള്ള മലപ്പുറത്ത് ഒരൊറ്റ ഫിസിക്കല്‍ എജ്യൂക്കേഷന്‍ കോളജോ മ്യൂസിക് കോളജോ ഫൈന്‍ ആര്‍ട്‌സ് കോളജോ സര്‍ക്കാര്‍തലത്തില്‍ ഇല്ല. അതുപോലെ സര്‍ക്കാര്‍ മേഖലയില്‍ ഒറ്റ ബിഎഡ് കോളജോ ലോ കോളജോ മലപ്പുറത്ത് ഇല്ല.
സ്‌കൂള്‍ വിദ്യാഭ്യാസം കാര്യക്ഷമമാവണമെങ്കില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തിനനുസരിച്ച് വിദ്യാഭ്യാസജില്ലകളും ഉപജില്ലകളും വിഭജിക്കുകയും അതിനനുസരിച്ചുള്ള ഓഫിസ് സംവിധാനങ്ങളും വേണം. മലപ്പുറത്തേക്കാള്‍ മൂന്നിലൊന്ന് വിദ്യാര്‍ഥികള്‍ മാത്രം പഠിക്കുന്ന കോട്ടയത്തും മലപ്പുറത്തും വിദ്യാഭ്യാസ ജില്ലകളുടെ എണ്ണം തുല്യമാണ്.
10ാം ക്ലാസ് കഴിഞ്ഞാല്‍ മലപ്പുറത്തെ ശരാശരി 30,000 കുട്ടികള്‍ക്ക് പ്രതിവര്‍ഷം പഠിക്കാന്‍ മറ്റു ജില്ലകളെ ആശ്രയിക്കേണ്ടിവരുകയാണ്. പ്രതിഷേധം വ്യാപകമാവുമ്പോള്‍ പേരിന് അധിക ബാച്ചുകള്‍ പ്രഖ്യാപിച്ച് തടിയൂരുകയാണ് സര്‍ക്കാര്‍. പ്രശ്‌നം ശാശ്വതമായി പരിഹരിക്കാന്‍ ഇതുവരെ സര്‍ക്കാര്‍ സംവിധാനത്തില്‍ ശ്രമം നടന്നിട്ടില്ല.
ഇനി പ്ലസ്ടു കഴിഞ്ഞാലും സ്ഥിതി ദയനീയം തന്നെ. ഉന്നത വിദ്യാഭ്യാസം സാധ്യമാക്കാന്‍ മറ്റു ജില്ലകളെ അപേക്ഷിച്ച് മലപ്പുറത്ത് അവസരങ്ങള്‍ കുറവാണ്. പ്ലസ്ടു കഴിഞ്ഞാല്‍ മലപ്പുറത്തെ കുട്ടികള്‍ മറ്റു ജില്ലകളെ ആശ്രയിക്കണം. മാത്രമല്ല, മലപ്പുറം ജില്ലയില്‍ നിലവിലുള്ള ഗവ. കോളജുകളില്‍ ഉള്ളതാവട്ടെ കാലപ്പഴക്കം ചെന്ന, ജോലിസാധ്യത കുറഞ്ഞ കോഴ്‌സുകളും. ജോലിസാധ്യത കൂടിയതും പുതിയ കോഴ്‌സുകളും ഗവ. കോളജുകളില്‍ ഇല്ലാത്തതുകൊണ്ടുതന്നെ സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്കു പോവുകയാണ് വിദ്യാര്‍ഥികള്‍. സര്‍ക്കാര്‍ കോളജുകള്‍ കൂടുതല്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമായപ്പോള്‍ പ്രഖ്യാപിച്ച ഗവ. കോളജുകളുടെ ഇന്നത്തെ അവസ്ഥ അതിലും ദയനീയമാണ്. വാടകക്കെട്ടിടങ്ങളില്‍ തട്ടിക്കൂട്ടിയ മുറികള്‍ക്കുള്ളിലിരുന്നു വേണം പഠിക്കാന്‍. മറ്റു ജില്ലകളിലെ കുട്ടികള്‍ സ്‌കൂളില്‍ പോവാന്‍ കെഎസ്ആര്‍ടിസി ബസ്സുകളെ കൂടുതല്‍ ആശ്രയിക്കുമ്പോള്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന മലപ്പുറത്തെ കുട്ടികള്‍ സ്വകാര്യബസ്സുകളെ ആശ്രയിക്കണം.
Next Story

RELATED STORIES

Share it