malappuram local

മലപ്പുറത്തുനിന്ന് കെഎസ്ആര്‍ടിസി എസി വോള്‍വോ ബസ്സുകള്‍ മാറ്റുന്നു

മലപ്പുറം: വലിയ ലാഭമുണ്ടാക്കി സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി മലപ്പുറം ഡിപ്പോയിലെ എസി വോള്‍വോ ബസ് സര്‍വീസുകള്‍ കോഴിക്കോട്ടേയ്ക്കു മാറ്റാന്‍ ഉത്തരവ്. അടുത്ത ദിവസം തന്നെ എട്ട് സര്‍വീസുകള്‍ നടത്തുന്ന ആ ആറ് ബസ്സുകളും കോഴിക്കോട്ടേയ്ക്കു മാറ്റും. മലപ്പുറത്തുനിന്നു പെരിന്തല്‍മണ്ണ, തിരൂര്‍ എന്നിവിടങ്ങളിലൂടെ നെടുമ്പാശ്ശേരിയിലേയ്ക്ക് ഓടിക്കൊണ്ടിരിക്കുന്ന നാല് ബസ്സുകളും പാലക്കാട്, കോഴിക്കോട് റൂട്ടില്‍ മലപ്പുറം റൂട്ടില്‍നിന്ന് സര്‍വീസ് നടത്തുന്ന രണ്ട്് ബസ്സുമാണ് കോഴിക്കോട്ടേയ്ക്കു മാറ്റുന്നത്. നെടുമ്പാശ്ശേരിയിലേയ്ക്ക് മലപ്പുറത്തുനിന്നു പുറപ്പെടുന്ന ബസ്സുകളില്‍ ദിവസവും കാല്‍ലക്ഷം രൂപയോളം ലഭിക്കുന്നുണ്ട്. ഇത്രയും കിലോമീറ്ററും ചെലവും വരുന്ന പാലക്കാട് റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന രണ്ട് ബസ്സുകള്‍ ഇപ്പോള്‍ നെടുമ്പാശ്ശേരിയിലേയ്ക്കാണ് ഓടുന്നത്.
മലപ്പുറത്തുനിന്നു സര്‍വീസ് നടത്തുന്ന വോള്‍വോ ബസ്സുകള്‍ മുഴുവന്‍ കോഴിക്കോട് ഡിപ്പോയില്‍നിന്നു അതേ റൂട്ടില്‍ സര്‍വീസ് നടത്തുമെന്നാണ് എംഡി ടോമിന്‍തച്ചങ്കരി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. കോഴിക്കോട് നിന്നു നെടുമ്പാശ്ശേരിയിലേയ്ക്കു പോവുന്ന ബസ്സുകള്‍ക്ക് ഇപ്പോള്‍ തന്നെ വരുമാനം കുറവാണെന്നാണ് സൂചന. കാസര്‍ഗോഡ് മുതല്‍ തിരുവന്തപുരം വരെ ഓരോ മണിക്കൂറിലും എസി വോള്‍വോ സര്‍വീസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി പദ്ധതിയിടുന്നുണ്ട്. ഒരുമിച്ചു സര്‍വീസ് നടത്തുന്നതിനു പകരം തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേയ്ക്കും എറണാകുളത്തുനിന്ന് കോഴിക്കോട്ടേയ്ക്കും കോഴിക്കോടുനിന്ന് കാസര്‍ക്കോട്ടേയ്ക്കും വേറെ വേറെ ബസ്സുകള്‍ സമയം ക്രമീകരിച്ച് ഓടുന്ന രീതിയാണ് നടപ്പില്‍വരാന്‍ പോവുന്നത്. മലപ്പുറത്തുനിന്നു രാവിലെ അഞ്ചിന് മൈസൂരിലേയ്ക്കു സര്‍വീസ് നടത്തുന്ന ബസ് ഇനിമുതല്‍ തൃശൂര്‍ ഡിപ്പോയില്‍നിന്നായിരിക്കും സര്‍വീസ് നടത്തുക. ഇനിമുതല്‍ തൃശൂരില്‍നിന്ന് മലപ്പുറം വഴിയായിരിക്കും ഈ ബസ് ഓടുക. മലപ്പുറം ഡിപ്പോയില്‍നിന്നു രാവിലെ 11ന് പുറപ്പെടുന്ന ഊട്ടി ബസ് സര്‍വീസ് കൂടി മറ്റേതെങ്കിലും ഡിപ്പോയിലേയ്ക്കു മാറ്റുന്നതോടെ പ്രധാനപ്പെട്ട എല്ലാ സര്‍വീസുകളും മലപ്പുറത്തുനിന്നു ഇല്ലാതാവും. നെടുമ്പാശ്ശേരിയിലേയ്ക്കുള്ള സര്‍വീസുകള്‍ മലപ്പുറത്തിനു പകരം കോഴിക്കോടുനിന്നാവുന്നതോടെ വരും നാളുകളില്‍ ഹജ്ജ് യാത്രക്കാരും അവരെ അനുഗമിക്കുന്നവരും കടുത്ത ദുരിതത്തിലാവും. ഈ ബസ്സുകള്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റായ നെടുമ്പാശ്ശേരിയിലേയ്ക്ക് ഹാജിമാര്‍ക്കും കൂടെയുള്ളവര്‍ക്കും വലിയ ആശ്വാസമാണ് പകര്‍ന്നിരുന്നത്.
മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോയെ തരം താഴ്ത്തുന്നതിന്റെ ഭാഗമായാണ് ഈ സര്‍വീസുകളുടെയെല്ലാം മാറ്റമെന്നാണ് വിലയിരുത്തല്‍. ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായില്ലെങ്കില്‍ മലപ്പുറത്തെ കെഎസ്ആര്‍ടിസി ഡിപ്പോ ലോക്കല്‍ സര്‍വീസുകള്‍ മാത്രം നടത്താനുള്ള ഇടത്താവളമായി മാറുമെന്ന് തീര്‍ച്ച.
Next Story

RELATED STORIES

Share it