malappuram local

മലപ്പുറത്തിന് പക്ഷിഭൂപടം ഒരുങ്ങുന്നു

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

പൊന്നാനി: ദേശാടനപക്ഷികളുടെയും തദ്ദേശപക്ഷികളുടെയും വിവര ശേഖരണത്തിന് ജില്ലയില്‍ പക്ഷി ഭൂപടം ഒരുങ്ങുന്നു. പക്ഷി സ്‌നേഹികളായ 120 ഓളം ചെറുപ്പക്കാരുടെ നേതൃത്വത്തിലാണ് പക്ഷിഭൂപടം തയ്യാറാക്കുന്നത്. ഒരു പ്രദേശത്തെ പക്ഷികളുടെ എണ്ണം, വ്യാപനം എന്നിവയെക്കുറിച്ച് പഠനം നടത്തി ഭൂപടത്തില്‍ രേഖപ്പെടുത്തും. ഇങ്ങനെ തയ്യാറാക്കുന്ന ഭൂപടം നോക്കി പക്ഷികളുടെ എണ്ണത്തിലും വ്യാപനത്തിലും മാറ്റങ്ങള്‍ വരുന്നുണ്ടോയെന്ന് മനസ്സിലാക്കാനും കാലാവസ്ഥ, പരിസ്ഥിതി വ്യതിയാനങ്ങള്‍ തിരിച്ചറിയാനും കഴിയും. ദേശാടനപ്പക്ഷികള്‍ ഇല്ലാത്ത ജൂലൈ 15 മുതല്‍ സപ്തംബര്‍ 14 വരെയുള്ള കാലയളവിലും ജനുവരി 13 മുതല്‍ മാര്‍ച്ച് 13 വരെയുള്ള ദേശാടനപ്പക്ഷികള്‍ കൂടുതല്‍ കാണുന്ന കാലയളവിലുമാണ് പക്ഷിഭൂപടം തയ്യാറാക്കുന്നത്. ജില്ലയില്‍ ഒന്നാംഘട്ടം കഴിഞ്ഞ ജൂലൈ, സപ്തംബര്‍ കാലയളവില്‍ പൂര്‍ത്തിയാക്കി. ഇതിന്റെ രണ്ടാംഘട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്ത്യയിലെ പ്രശസ്ത പക്ഷിനിരീക്ഷകനായ പ്രവീണ്‍ ജേ, തൃശൂര്‍ മണ്ണുത്തി സര്‍വകലാശാലയിലെ വന്യജീവി വകുപ്പ് തലവന്‍ ഡോ, നമീര്‍, വിവേക്, മനോജ് എന്നിവരുടെ നേതൃത്വത്തില്‍ കോള്‍ബേഡേഴ്‌സ് കൂട്ടായ്മയിലെ അംഗങ്ങളാണ്  ജില്ലയില്‍ പക്ഷി ഭൂപടം തയ്യാറാക്കുന്നത്. പശ്ചിമഘട്ടത്തിലെ മഴക്കാടുകളിലും ശ്രീലങ്കയിലും കാണപ്പെടുന്ന കാട്ടുപക്ഷിയായ തീ കാക്കയെ ജില്ലയുടെ വിവിധയിടങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. മധ്യ ഏഷ്യയിലെ ഉയര്‍ന്ന പീഠ ഭൂമികളില്‍ താജിക്കിസ്ഥാന്‍ മുതല്‍ മംഗോളിയ വരെ പ്രജനനം നടത്തുന്ന ദേശാടനപ്പക്ഷിയായ തവിട്ടു തലയന്‍ കടല്‍കാക്കയും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കരിമ്പരുന്ത്, നീലക്കണ്ണന്‍ പച്ചച്ചുണ്ടന്‍, തവിട്ടു തലയന്‍ കടല്‍കാക്ക, കഷണ്ടിക്കൊക്ക്, തീക്കാക്ക, ചെന്തലയന്‍ വേലിത്തത്ത എന്നിവയെയും ജില്ലയില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലും തൃശ്ശൂര്‍ ജില്ലയിലും വളരെ വിജയകരമായി പക്ഷി ഭൂപടം നിര്‍മിച്ചുകഴിഞ്ഞു. ജില്ലയിലെ പക്ഷിഭൂപട പരിപാടി മാര്‍ച്ച് 13 നാണ് അവസാനിക്കുക. രാവിലെ 6 മുതല്‍ 10വരെയും വൈകീട്ട് നാലുമുതല്‍ ആറുവരെയുമാണ് പക്ഷി നിരീക്ഷണം. 38,000 കിലോമീറ്റര്‍ സ്‌ക്വയറിലുള്ള കേരളത്തിന്റെ രാഷ്ട്രീയഭൂപടത്തെ 3,000ലധികം ചെറുസ്ഥലങ്ങളായി തിരിച്ച്, ആ സ്ഥലങ്ങളിലെ പക്ഷികളുടെ എണ്ണവും ഇനങ്ങളും ഓരോ പതിനഞ്ചുമിനിറ്റിലും കാണുന്നത് രേഖപ്പെടുത്തിയാണ് പക്ഷിഭൂപടനിര്‍മാണം. ഓരോ സെല്ലിലും ഒരുമണിക്കൂര്‍ നേരമാണ് നിരീക്ഷിക്കുക. ഇതിനെ 15 മിനുട്ടിലുള്ള നാലുഭാഗങ്ങളായി തിരിച്ചാണ് ഇനവും എണ്ണവും രേഖപ്പെടുത്തുക. മലപ്പുറം ഉള്‍പ്പെടെ കേരളത്തിലെ ഏഴുജില്ലകളിലാണ് പക്ഷിഭൂപടനിര്‍മാണം ഇപ്പോള്‍ നടക്കുന്നത്. ജിപിഎക്‌സ് വ്യൂവറിലും ലോക്കസ് ഫ്രീയിലും തങ്ങള്‍ സര്‍വേചെയ്യേണ്ട സ്ഥലങ്ങള്‍ മനസ്സിലാക്കി 1.1 കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലത്തെ പക്ഷികളുടെ ഇനങ്ങളും എണ്ണവും തിട്ടപ്പെടുത്തി അത് ഇ ബേര്‍ഡ് ഡോട്ട് ഓര്‍ഗ് (ലയശൃറ.ീൃഴ) എന്ന സൈറ്റില്‍ രേഖപ്പെടുത്തുകയാണ് ചെയ്യുക. സെല്ലിനകത്ത് കാണുന്ന പക്ഷികളുടെ പേരും എണ്ണവും രേഖപ്പെടുത്തുന്നതോടൊപ്പം നാല് അധിനിവേശ സസ്യങ്ങളായ കുളവാഴ, ആഫ്രിക്കന്‍ പായല്‍, ധൃതരാഷ്ട്ര പച്ച, കൊങ്ങിണിപ്പൂവ് എന്നിവയുടെ വിന്യാസത്തെയും, ജലസാന്നിധ്യത്തെയും ആല്‍മരങ്ങളെയും രേഖപ്പെടുത്തുന്നുണ്ട്. പക്ഷികളുടെ കണക്കെടുപ്പിനോടൊപ്പം പക്ഷി നിരീക്ഷണത്തിലും പ്രകൃതി സംരക്ഷണത്തിലും ഭാഗമാവാനുള്ള ജനകീയ ശാസ്ത്ര പരിപാടിയാണ് പക്ഷി ഭൂപടനിര്‍മാണം. ആദ്യമായി ഒരു സമ്പൂര്‍ണപക്ഷിഭൂപടം നിര്‍മിച്ച സംസ്ഥാനമെന്ന ഖ്യാതിനേടാനുള്ള ഒരുക്കത്തിലാണ് കേരളത്തിലെ പക്ഷി നിരീക്ഷകര്‍. കേരളത്തില്‍ ജീവിക്കുന്നവയും സന്ദര്‍ശകരായി എത്തുന്നവയുമായ മുഴുവന്‍ പക്ഷികളുടേയും എണ്ണവും ഇനവും ശാസ്ത്രീയമായി രേഖപ്പെടുത്തുന്ന ഈ വമ്പന്‍ദൗത്യം പൂര്‍ത്തിയാവുമ്പോള്‍ അതൊരു ചരിത്രസംഭവം തന്നെയാവും.
Next Story

RELATED STORIES

Share it