Editorial

മലപ്പുറത്തിന് കഞ്ഞി കുമ്പിളില്‍

എനിക്ക് തോന്നുന്നത് - ഇര്‍ഷാദ് മൊറയൂര്‍, മലപ്പുറം

മലബാറിലും പ്രത്യേകിച്ച് മലപ്പുറത്തും പ്ലസ്‌വണ്ണിന് സീറ്റില്ലാത്തത് ചര്‍ച്ചയാണ്. അലോട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയായാല്‍ സീറ്റില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് അതിനുള്ള സൗകര്യമൊരുക്കുമെന്നാണ് വിദ്യാഭ്യാസമന്ത്രി പ്രഫ. രവീന്ദ്രനാഥ് പറയുന്നത്. ആ പ്രസ്താവനയില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് നിലവില്‍ സീറ്റ് ലഭിക്കാത്ത വിദ്യാര്‍ഥികളും രക്ഷിതാക്കളും. എന്നാല്‍, മന്ത്രി വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും കണ്ണില്‍പൊടിയിട്ട് തടിയൂരുകയാണ് എന്നതാണു വാസ്തവം.
കേരളത്തില്‍ ആകെ പരീക്ഷയെഴുതിയ വിദ്യാര്‍ഥികളുടെ എണ്ണവും ആകെയുള്ള സീറ്റുകളും കണക്കെടുത്തുനോക്കി സംസ്ഥാനത്ത് എല്ലാ വിദ്യാര്‍ഥികള്‍ക്കും സീറ്റുണ്ട് എന്നു സമര്‍ഥിക്കാനാണ് വിദ്യാഭ്യാസ മന്ത്രി ശ്രമിക്കുന്നത്. അതിലും ചില പൊരുത്തക്കേടുകളുണ്ട്. സ്‌പോര്‍ട്‌സ് ക്വാട്ടാ ആപ്ലിക്കേഷനുകള്‍ അടക്കം 5,17,122 അപേക്ഷകളാണ് ഈ വര്‍ഷം വന്നത്. ഇതില്‍ 5,10,667 അപേക്ഷകള്‍ സ്‌കൂളുകള്‍ വഴി വെരിഫൈ ചെയ്തു. എന്നാല്‍ സര്‍ക്കാരിന്റെ തന്നെ കണക്കുപ്രകാരം (വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്) 4,22,853 സീറ്റുകളാണ് കേരളത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലുള്ളത് (കഴിഞ്ഞ വര്‍ഷം ഇത് 4,22,910 ആയിരുന്നു. പുതിയ ബാച്ചുകള്‍ പ്രഖ്യാപനത്തില്‍ മാത്രമാണ്, നടപടികളില്‍ ആയിട്ടില്ല എന്നത് ഇതില്‍ നിന്നു തന്നെ വ്യക്തമാണ്). അതായത്, 87,814 പേര്‍ക്ക് ഹയര്‍സെക്കന്‍ഡറി പഠനം അസാധ്യമാവും. സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ തന്നെയുള്ള കണക്കുകള്‍ ഇതായിരിക്കെ ആരുടെ കണ്ണില്‍പൊടിയിടാനാണ് വിദ്യാഭ്യാസമന്ത്രി ശ്രമിക്കുന്നത്? മുമ്പ് സ്വന്തം സമ്മര്‍ദമുപയോഗിച്ച് യുഡിഎഫിലെ മാണിയും ജോസഫുമൊക്കെ അവരുടെ അവകാശം ചോദിച്ചുവാങ്ങിയപ്പോള്‍ മലപ്പുറത്തെ ജനപ്രതിനിധികള്‍ വെറുതെയിരുന്നു. അതിന്റെ ദുരന്തമാണ് മലപ്പുറത്തെ മക്കള്‍ ഇന്ന് പേറുന്നത്.
ഇനി മലപ്പുറത്തേക്ക് വരാം. സര്‍ക്കാരിന്റെ കണക്കുപ്രകാരം സ്‌പോര്‍ട്‌സ് ക്വാട്ടയടക്കം 84,003 അപേക്ഷകള്‍ ലഭിച്ചു. ഇതിന് മലപ്പുറത്തുള്ളത് ഗവ. മേഖലകളില്‍ 26,100 സീറ്റും എയ്ഡഡ് മേഖലയില്‍ 23,340ഉം അണ്‍ എയ്ഡഡ് മേഖലയില്‍ 11,400ഉം ഉള്‍പ്പെടെ 60,695 സീറ്റുകളാണ്. എന്നുവച്ചാല്‍, 23,308 കുട്ടികള്‍ക്ക് മലപ്പുറത്ത് ഹയര്‍ സെക്കന്‍ഡറി സീറ്റുകളില്ല. ഇനി 2,325 വിഎച്ച്എസ്ഇ സീറ്റുകളും 2,350 പോളിടെക്‌നിക് സീറ്റുകളും 970 ഐടിഐ സീറ്റുകളും പരിഗണിച്ചാല്‍ തന്നെ 17,663 കുട്ടികള്‍ക്ക് ഉപരിപഠന സാധ്യത അസാധ്യമാകും. കഴിഞ്ഞ വര്‍ഷങ്ങളിലും ഇതൊക്കെ തന്നെയായിരുന്നു മലപ്പുറത്തെ അവസ്ഥ. സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ ഇതായിരിക്കെ ഇതു പരിഹരിക്കാന്‍ ഇനി അലോട്ട്‌മെന്റ് നടപടികള്‍ തീരാന്‍ വരെ എന്തിനാണ് വിദ്യാഭ്യാസ മന്ത്രി കാത്തിരിക്കുന്നത്. മലപ്പുറത്തെ ഒന്നും രണ്ടും കുട്ടികളല്ല, കാല്‍ലക്ഷത്തോളം പേരാണ് പ്ലസ്‌വണ്ണിന് സീറ്റില്ലാതിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കു പഠിക്കാനുള്ള സൗകര്യമൊരുക്കാന്‍ ഭരണഘടനാപരമായി ബാധ്യതയുള്ള സര്‍ക്കാര്‍ ഇങ്ങനെ രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാതെയുള്ള നിലപാടുമായി മുന്നോട്ടുപോവുന്നത് പ്രതിഷേധാര്‍ഹമാണ്.
പി ഉബൈദുല്ല എംഎല്‍എ നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷന് മറുപടിയായി വിദ്യാഭ്യാസമന്ത്രി അന്നും പറഞ്ഞിരുന്നത്, 'അലോട്ട്‌മെന്റിലെ പ്രവേശന നടപടികള്‍ പൂര്‍ത്തിയായശേഷം വസ്തുതകള്‍ വിലയിരുത്തി വേണ്ട നടപടി ചെയ്യാം' എന്നായിരുന്നു. അന്നും പതിനായിരങ്ങള്‍ പുറത്തിരിക്കുന്ന അവസ്ഥ തന്നെയാണ് കാണാന്‍ സാധിച്ചത്. പ്രശ്‌നം ഒരു സുപ്രഭാതത്തില്‍ പരിഹരിക്കാനാവില്ലെന്ന് ഒരുപക്ഷേ, നമ്മളേക്കാള്‍ കൂടുതല്‍ അറിയുന്നത് വകുപ്പു മന്ത്രിക്കും ജില്ലയിലെ ജനപ്രതിനിധികള്‍ക്കും തന്നെയാകും. എന്നിട്ടും മുമ്പ് പറഞ്ഞപോലെ അലോട്ട്‌മെന്റ് നടപടികള്‍ അവസാനിക്കാന്‍ കാത്തുനില്‍ക്കുന്ന വിദ്യാഭ്യാസമന്ത്രിയില്‍ നിന്ന് ഇനിയും നടപടി പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമുണ്ടെന്ന് തോന്നുന്നില്ല. ജില്ലയിലെ 16 ജനപ്രതിനിധികള്‍ക്കും ഇക്കാര്യത്തില്‍ മറുപടി പറയാന്‍ ബാധ്യതയുണ്ട്.




Next Story

RELATED STORIES

Share it