മലപ്പുറം വാഹനാപകടം: മട്ടന്നൂര്‍ സ്വദേശികള്‍ക്കു യാത്രാമൊഴി

മട്ടന്നൂര്‍: സേലത്തുനിന്ന് വിവാഹച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങവെ മലപ്പുറം ഐക്കരപ്പടിയില്‍ വാഹനാപകടത്തില്‍ മരിച്ച തെരൂര്‍ പാലയോട് സ്വദേശികള്‍ക്ക് നാടിന്റെ യാത്രാമൊഴി. മൃതദേഹങ്ങള്‍ കാണാന്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെട്ട നിരവധി പേരാണ് എത്തിയത്.
തെരൂര്‍ പാലയോട് കുട്ടിക്കുന്നില്‍ പി ദേവകി(70), ബന്ധുക്കളായ തെരൂര്‍ രയരോത്ത് വീട്ടില്‍ കെ രവീന്ദ്രന്‍(55), ഓമന എന്ന ശശികല(42), എം കെ സൂര്യ (13), സഹോദരന്‍ അതുല്‍ (10) എന്നിവരുടെ മൃതദേഹം ഇന്നലെ രാവിലെ എട്ടോടെ തെരൂര്‍ യുപി സ്‌കൂള്‍ മുറ്റത്തു തയ്യാറാക്കിയ പന്തലില്‍ പൊതുദര്‍ശനത്തിനു വച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സൂര്യയുടെയും അതുലിന്റെയും മൃതദേഹം അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലേക്കും ശശികലയുടെയും രവീന്ദ്രന്റെയും മൃതദേഹം കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലേക്കും ദേവകിയുടെ മൃതദേഹം എകെജി ആശുപത്രിയിലേക്കും മാറ്റിയിരുന്നു. ഇവിടെനിന്ന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ആംബുലന്‍സുകളിലാണ് മൃതദേഹങ്ങള്‍ തെരൂര്‍ പാലയോട്ടേക്കു കൊണ്ടുവന്നത്. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്, പി കെ ശ്രീമതി എംപി, കെ കെ രാഗേഷ് എംപി, എംഎല്‍എമാരായ ഇ പി ജയരാജന്‍, കെ കെ നാരായണന്‍, സണ്ണി ജോസഫ്, ജില്ലാ കലക്ടര്‍ പി ബാലകിരണ്‍, സിപിഐ ദേശീയ കൗണ്‍സിലംഗം സി എന്‍ ചന്ദ്രന്‍, ജില്ലാ സെക്രട്ടറി പി സന്തോഷ്‌കുമാര്‍, സിപിഎം നേതാക്കളായ കെ കെ ശൈലജ, പി ജയരാജന്‍, എം വി ജയരാജന്‍, എം സുരേന്ദ്രന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി പുരുഷോത്തമന്‍, എന്‍ വി ചന്ദ്രബാബു, കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി, സിഎംപി സംസ്ഥാന സെക്രട്ടറി പാട്യം രാജന്‍, കോണ്‍ഗ്രസ് നേതാക്കളായ സജീവ് ജോസഫ്, കെ സുരേന്ദ്രന്‍, കെ പി പ്രഭാകരന്‍, എ ഡി മുസ്തഫ, ജനതാദള്‍ എസ് ജില്ലാ പ്രസിഡന്റ് കെ കെ രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, തഹസില്‍ദാര്‍ കെ ഒ ജോസഫ്, എഇഒ പി പി തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് ശശികലയുടെ മൃതദേഹം ജന്മനാടായ നീലേശ്വരത്തേക്കും മറ്റുള്ളവരുടേത് തെരൂര്‍, തെരൂര്‍ പാലയോട് എന്നിവിടങ്ങളിലെ വീട്ടിലേക്കും കൊണ്ടുപോയി.
ഉറ്റബന്ധുക്കള്‍ക്ക് ഒരുനോക്കുകാണാന്‍—അവസരമൊരുക്കിയ ശേഷം സൂര്യയുടെയും അതുലിന്റെയും മൃതദേഹം മാതാവിന്റെ നാടായ ചെക്കിക്കുളത്തെ പൊതുശ്മശാനത്തിലും ദേവകിയുടെയും രവീന്ദ്രന്റെയും മൃതദേഹം പയ്യാമ്പലത്തും സംസ്‌കരിച്ചു. കീഴല്ലൂര്‍ പഞ്ചായത്തില്‍ ഇന്നലെ ഹര്‍ത്താലാചരിച്ചു.
Next Story

RELATED STORIES

Share it