malappuram local

മലപ്പുറം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളവും ഇറങ്ങിപ്പോക്കും

മലപ്പുറം: സംസ്ഥാന ഓഡിറ്റ് വകുപ്പ് പരിശോധനാ റിപോര്‍ട്ട് സംബന്ധിച്ച ചര്‍ച്ച നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളത്തിലും ഇറങ്ങിപ്പോക്കിലും കലാശിച്ചു. റിപോര്‍ട്ടില്‍ ഗുരുതരമായ ആരോപണങ്ങളുണ്ടെന്നും കേസ് വിജിലന്‍സ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്. മലപ്പുറം താലൂക്ക് ആശൂപത്രിയുടെ നവീകരണ പ്രവൃത്തി നടത്തിയത് മൂന്നുപ്രവൃത്തികളായി രേഖപ്പെടുത്തിയതും പ്രവൃത്തിയുടെ കണ്‍വീനറും ചെയര്‍മാനുമായി ഒരാളെ തന്നെ നിശ്ചയിച്ചതും അഴിമതിക്ക് ഇടയാക്കിയതായി പ്രതിപക്ഷം ആരോപിച്ചു. ഇത് വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോയത്.
കോട്ടപ്പടി ബസ്സ്റ്റാന്റ് കെട്ടിടത്തിന്റെയും ടൗണ്‍ഹാള്‍ കെട്ടിടത്തിന്റെയും നവീകരണ പ്രവൃത്തികളില്‍ അപാകതയുണ്ടെന്ന് ഓഡിറ്റ് റിപോര്‍ട്ടില്‍ പരമാര്‍ശമുണ്ട്. എസ്റ്റിമേറ്റില്‍ പറഞ്ഞ സാമഗ്രികള്‍ ഉപയോഗിച്ചല്ല പ്രവൃത്തികള്‍ നടന്നിട്ടുള്ളത്. എസ്റ്റിമേറ്റില്‍ മാറ്റം വരുത്തിയപ്പോള്‍ കൗണ്‍സിലിന്റെ അംഗീകാരം വാങ്ങിയിട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. അതേസമയം, പ്രതിപക്ഷത്തിന്റെ ആരോപണം നാടകമാണെന്ന് ഭരണസമിതി ആരോപിച്ചു. താലൂക്ക് ആശുപത്രിയുടെ കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് നവീകരണ പ്രവൃത്തികള്‍ നടത്തിയിട്ടുണ്ടെന്നും ഇതിന് കൗണ്‍സിലിന്റെ അനുമതി വാങ്ങിയെന്നും നഗരസഭാധ്യക്ഷ പറഞ്ഞു. താലൂക്ക് ആശുപത്രിയില്‍ മരുന്ന് ലഭ്യമാവാത്തത് സര്‍ക്കാറിന്റെ അനാസ്ഥ മൂലമാണ്  ഫണ്ട് കൈമാറിയിട്ടുണ്ടെങ്കിലും മരുന്ന് ലഭ്യമാക്കേണ്ട സര്‍ക്കാര്‍ ഏജന്‍സിയായ കെഎംസിസിഎല്‍ മരുന്ന് ലഭ്യമാക്കിയിട്ടില്ല.
നഗരസഭയുടെ പദ്ധതിയില്‍ കൂടുതലും മരാമത്ത് പ്രവൃത്തികളായതിനാല്‍ എന്‍ജിനീയറിങ് വിഭാഗത്തിന് ജോലി ഭാരം കൂടുന്നുണ്ട്. ഇത് മൂലം നിര്‍മാണ പ്രവൃത്തികളിലെ അപാകതകള്‍ ശ്രദ്ധിക്കാനാവില്ല. ഓഡിറ്റ് റിപോര്‍ട്ടിലെ പരാമര്‍ശത്തിന് മറുപടിയായി ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
അടുത്ത വര്‍ഷം മുതല്‍ പദ്ധതികളുടെ എണ്ണം കുറയ്ക്കുകയും കരാറുകാരുടെ യോഗം വിളിച്ച് നിര്‍മാണത്തിലുണ്ടായ അപാകതകളെക്കുറിച്ച് വിശദീകരണം തേടണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. നഗരത്തില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതിനെതിരേ നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു. നഗരസഭാധ്യക്ഷ സി എച്ച് ജമീല അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it