Flash News

മലപ്പുറം തിരഞ്ഞെടുപ്പില്‍ സിപിഎം സാധ്യതകള്‍ ഉപയോഗിച്ചില്ല : സിപിഐ റിപോര്‍ട്ട്



മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ കുറ്റപ്പെടുത്തി സിപിഐ റിപോര്‍ട്ട്. തിരഞ്ഞെടുപ്പിന്റെ അവലോകനവും വിശകലനവും തയ്യാറാക്കിക്കൊണ്ടുള്ള പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ റിപോര്‍ട്ടിലാണ് സിപിഎമ്മിനെതിരേ കടുത്ത വിമര്‍ശനമുള്ളത്.  ഈ റിപോര്‍ട്ട് അടുത്ത ദിവസം സംസ്ഥാന കമ്മിറ്റിക്ക് കൈമാറുമെന്നാണ് സൂചന. വഴിയിലൂടെ പോകുന്ന സംഘടനകളെയും ആളുകളെയും വിളിച്ചുവരുത്തി വോട്ടും പിന്തുണയും വേണ്ടെന്നു പറയുന്ന രൂപത്തില്‍ മുന്നണിക്കു നേതൃത്വം നല്‍കുന്ന പാര്‍ട്ടി പെരുമാറിയെന്നാണ് പേരെടുത്തുപറയാതെയുള്ള വിമര്‍ശനം. ഏറ്റവും അടുത്തുനില്‍ക്കുന്ന കാന്തപുരം വിഭാഗത്തിന്റെ വോട്ട് ലഭിക്കുന്നതിന് ആവശ്യമായ ചര്‍ച്ചയോ സമ്മര്‍ദമോ ഉണ്ടായില്ലെന്ന ആരോപണവും സിപിഐ റിപോര്‍ട്ടിലുണ്ട്. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടികള്‍ നയവും പിന്തുണയും പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ഈ ചെറുപാര്‍ട്ടികള്‍ ലീഗിനൊപ്പമാണെന്നു പറഞ്ഞു. അതോടെ ഈ പാര്‍ട്ടികളുടെ വോട്ടുകള്‍ കിട്ടാനുള്ള സാധ്യതയാണ് ഇല്ലാതായത്. സിപിഎം സെക്രട്ടറിയുടെ അസമയത്തും അനവസരത്തിലുമുള്ള വിമര്‍ശനമാണ് ഈ ചെറുപാര്‍ട്ടികളെ എല്‍ഡിഎഫിന് എതിരാക്കിയതെന്ന് റിപോര്‍ട്ട് പറയുന്നു. മുമ്പ് പലപ്പോഴും ഇവര്‍ മുന്നണിയെ സഹായിച്ച കാര്യം പോലും സിപിഎം ജില്ലാ കമ്മിറ്റിയും സംസ്ഥാന സെക്രട്ടറിയും മറന്നുവെന്നതാണ് ഈ പിഴച്ച നീക്കങ്ങളുടെ കാരണം. ഒരിക്കല്‍ സിപിഎമ്മിന്റെ കൂടെ നിന്ന പിഡിപിയുടെ വോട്ട് വേണ്ടെന്നു പറയാന്‍ മാത്രം എ വിജയരാഘവന്‍ വാര്‍ത്താസമ്മേളനം നടത്തിയതിനെതിരേയും രൂക്ഷമായ വിമര്‍ശനമാണ് റിപോര്‍ട്ടിലുള്ളത്. മഞ്ഞളാംകുഴി അലിയെ മുന്നണി വിടാന്‍ പ്രേരിപ്പിച്ച് അടുത്ത തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു ഭരണത്തുടര്‍ച്ച ഇല്ലാതാക്കിയ ആളാണ് ഈ നേതാവെന്നും റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു. മുസ്‌ലിംകളെ അകറ്റിയാല്‍ ഹിന്ദു വിഭാഗങ്ങള്‍ ഒപ്പം കൂടുമെന്നും ആ വോട്ടുകള്‍ ലഭിക്കുമെന്നുമുള്ള കണക്കുകൂട്ടല്‍ പിഴച്ചുവെന്നും സിപിഐ റിപോര്‍ട്ടില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. മലപ്പുറം ജില്ലയിലെ തിരഞ്ഞെടുപ്പ് അവലോകനത്തിനു ചേരുന്ന എല്‍ഡിഎഫ് യോഗത്തിലും സിപിഐ റിപോര്‍ട്ട് ചര്‍ച്ചയാവും.
Next Story

RELATED STORIES

Share it