malappuram local

മലപ്പുറം ഡിപ്പോയിലെ ലോ ഫ്‌ളോര്‍ ബസ് തേവരയിലേക്കു മാറ്റി

മലപ്പുറം: പ്രതിഷേധത്തിനിടെയിലും മലപ്പുറം ജില്ലയിലെ ഒരു ലോഫ്‌ളോര്‍ ബസ് തേവരയിലേക്ക് കൊണ്ടുപോയി. മലപ്പുറത്തെ എട്ട് ലോഫ്‌ളോ ബസ്സുകള്‍ കോഴിക്കോട്ടേയ്ക്കു മാറ്റാനുള്ള നീക്കമുണ്ടെന്ന വാര്‍ത്ത സോണല്‍ ഓഫിസര്‍ നിഷേധിച്ചതിന് പിന്നാലെയാണ് ബസ് കൊണ്ടുപോയത്. നെടുമ്പാശ്ശേരി സര്‍വീസുകള്‍ മലപ്പുറത്തുതന്നെ നിലനിര്‍ത്തുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.
അതിനു പിന്നാലെ ഇന്നലെ വൈകീട്ട് ആറിന് നെടുമ്പാശ്ശേരിയിലേയ്ക്കുപുറപ്പെട്ട ലോഫ്‌ളോര്‍ ബസ്സാണ് സര്‍വീസ് അവസാനിച്ച ശേഷം തേവരയിലേയ്ക്കു കൊണ്ടുപോയത്. ലോഫ്‌ളോര്‍ ബസ്സുകളുടെ സംസ്ഥാനത്തെ ആസ്ഥാനമാണ് തേവര. ഇനി മലപ്പുറത്ത് ഏഴ് ലോഫ്‌ളോര്‍ ബസ്സുകള്‍ മാത്രമാണുള്ളത്. ഉള്ളവയില്‍ ഏറ്റവും നല്ല ബസ്സാണ് കൊണ്ടുപോയത്.
നെടുമ്പാശ്ശേരിയിലേയ്ക്ക് സര്‍വീസുമായി പുറപ്പെട്ട ഡ്രൈവറും കണ്ടക്ടറും മറ്റൊരു ബസ്സില്‍ മലപ്പുറത്ത് തിരിച്ചെത്തി. ഒന്നിച്ചുകൊണ്ടുപോവാതെ ഓരോരോ ബസ്സുകളായി എല്ലാ ലോഫ്‌ളോര്‍ ബസ്സുകളും മലപ്പുറത്തുനിന്ന്  മാറ്റാനാണ് തീരുമാനമെന്നാണ് സൂചന. എംഎല്‍എയും മറ്റു ജനപ്രതിനിധികളും ഇടപെട്ടിട്ടും മലപ്പുറം ഡിപ്പോയിലെ ലോഫ്‌ളോര്‍ ബസ്സുകള്‍ മാറ്റുന്നത് തടയാന്‍ കഴിഞ്ഞിട്ടില്ല. നെടുമ്പാശ്ശേരിയിലേയ്ക്കുള്ള സര്‍വീസുകളില്‍ ഇതോടെ ഒരു ബസ്സിന്റെ കുറവുവന്നു. ഹജ്ജ് യാത്രക്കാരെ ഇത് പ്രതികൂലമായി ബാധിക്കും.
Next Story

RELATED STORIES

Share it