malappuram local

മലപ്പുറം ജില്ലാ വിഭജനം അത്യാവശ്യം: സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: മലപ്പുറം ജില്ലാ വിഭജനം പുരോഗതിക്കും വികസനത്തിനും അത്യന്താപേക്ഷിതമാണെന്ന് മുസ്്‌ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മലപ്പുറം ജില്ലയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുസ്്‌ലിംലീഗ് നടത്തുന്ന ആഘോഷ പരിപാടികളുടെ വിശദീകരണത്തിനായി മലപ്പുറത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഈ ആവശ്യം പാര്‍ട്ടി ഉന്നയിച്ചിരുന്നു. ഇപ്പോഴും പാര്‍ട്ടി ഗൗരവത്തില്‍തന്നെ ഈ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. ജില്ലയ്ക്ക് 50 വയസ് തികയുന്നതിനോടനുബന്ധിച്ച് പാര്‍ട്ടി നടത്തുന്ന സംവാദങ്ങളിലും സെമിനാറുകളിലും മലപ്പുറം ജില്ലാ വിഭജനം മുഖ്യ വിഷയമായിരിക്കും. ബജറ്റ് വിഹിതവും സര്‍ക്കാര്‍ പദ്ധതികളും ജില്ലകള്‍ക്കുവിഭജിച്ചു നല്‍കുമ്പോള്‍ 45 ലക്ഷത്തോളം ജനസംഖ്യയുള്ള മലപ്പുറം പിന്നിലാവുകയാണ്. ഇത്രയും ജനസംഖ്യയുള്ള ജില്ലയ്ക്ക് അര്‍ഹിക്കുന്ന സര്‍ക്കാര്‍ ഫണ്ടുകള്‍ ലഭിക്കാത്ത അവസ്ഥയാണുള്ളത്. അതിനാല്‍ തന്നെ മലപ്പുറം ജില്ലാ വിഭജനത്തെക്കുറിച്ച് റവന്യൂ വകുപ്പ് അടിയന്തരമായി കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഇനിയും ജില്ലാവിഭജനം വൈകുന്നത് വികസനത്തിന് തടസമാവും.
മുസ്്‌ലിംലീഗ് ജില്ലാ വിഭജനത്തിനാവശ്യമായ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചു ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വിഭജനത്തെ സിപിഎം എതിര്‍ക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ വികസന കാര്യങ്ങളില്‍ രാഷ്ട്രീയം ആരും കാണരുതെന്നു മുസ്്‌ലിംലീഗ് ജില്ലാ ജന.സെക്രട്ടറി അഡ്വ. യു എ ലത്തീഫ് പറഞ്ഞു. മലപ്പുറം ജില്ലാ വിഭജനം മുസ്്‌ലിംലീഗിന്റെ മാത്രം ആവശ്യമല്ല. ജില്ലയുടെ മൊത്തം ജനങ്ങളും വിഭജനം ആഗ്രഹിക്കുന്നവരും ഈ ആവശ്യം ഉയര്‍ത്തുന്നവരുമാണ്. പല കോണുകളില്‍നിന്നും ജില്ലാ വിഭജന ആവശ്യമുയര്‍ന്നപ്പോള്‍ പാര്‍ട്ടി ശരിയായ പഠനം നടത്തിയാണ് ഈ ആവശ്യത്തെ പിന്താങ്ങിയത്. കാലം വൈകിയാലും ഈ ആവശ്യം എല്ലാ രാഷ്ട്രീയ പ്പാര്‍ട്ടികള്‍ക്കും അംഗീകരിക്കേണ്ടിവരും. ജില്ലയുടെ മുഖ്യരാഷ്ട്രീയ പാര്‍ട്ടി ആയതിനാണ് മുസ്്്‌ലിംലീഗ് കാലഘട്ടത്തിന്റെ ആവശ്യമായ ജില്ലാ വിഭജനത്തെ പിന്തുണയ്ക്കുന്നത്. 50 വയസ് തികഞ്ഞ മലപ്പുറം ജില്ലാ രൂപീകരണത്തിന് ആദ്യമായി മുന്നിട്ടിറങ്ങിയത് മുസ്്‌ലിം ലീഗാണ്. അതിന്റെ പേരില്‍ പല ഭാഗത്തുനിന്നും പാര്‍ട്ടിക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരികയും ചെയ്തിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഉമ്മര്‍ അറയ്ക്കല്‍, നൗഷാദ് മണ്ണിശ്ശേരി, സലീം കുരുവമ്പലം എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it