malappuram local

മലപ്പുറം ജില്ലയില്‍ മാത്രം വേറിട്ട നിയമം

കൊണ്ടോട്ടി: മലപ്പുറം ജില്ലയില്‍ വിവാഹ രജിസ്‌ട്രേഷന് ജനനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നിര്‍ദേശം വിവാദമാവുന്നു. വിവാഹ രജിസ്‌ട്രേഷന്‍ സമയത്തു നല്‍കേണ്ട മെമ്മോറാണ്ടത്തില്‍ വയസ്സും ജനന തിയ്യതിയും എന്ന കോളത്തില്‍ എസ്എസ്എല്‍സി ബുക്ക്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, സ്‌കൂള്‍ പ്രവേശന രജിസ്ട്രര്‍, സര്‍ക്കാര്‍ നല്‍കിയ ജനന തിയ്യതി തെളിയിക്കുന്ന രേഖകള്‍ എന്നിവ ഹാജരാക്കിയാല്‍ മതിയെന്നാണു ചേര്‍ത്തിരിക്കുന്നത്. എന്നാല്‍, ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ വിവാഹ രജിസ്‌ട്രേഷന് എത്തുന്നവര്‍ക്കുമുമ്പില്‍ അധികൃതര്‍ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയാണ്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നിര്‍ദേശത്തിലാണു നിബന്ധന കര്‍ക്കശമാക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍, മറ്റു ജില്ലകളിലൊന്നും ഇതു നിര്‍ബന്ധമാക്കുന്നില്ലെന്നാണു വസ്തുത. ജനന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയാത്തവരോട് 100 രൂപ മുദ്രപത്രത്തില്‍ സത്യവാങ്മൂലം നല്‍കാനാണ് ആവശ്യപ്പെടുന്നത്. ജില്ലയിലെ ഒരുപഞ്ചായത്തിനു മുമ്പിലും സ്റ്റാമ്പ് വെണ്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ രജിസ്‌ട്രേഷനെത്തുന്നവര്‍ മുദ്രപത്രത്തിനായി അലയേണ്ട അവസ്ഥയാണ്. ഓരോ ജനനവും പഞ്ചായത്തുകളില്‍ രജിസ്ട്രര്‍ ചെയ്യുന്നതിനാല്‍ സേവന രജിസ്ട്രര്‍ വഴി ഇതു ഉദ്യോഗസ്ഥര്‍ക്കു ലഭ്യമാക്കാനാവും. എന്നാല്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നിര്‍ദേശം മുന്‍നിര്‍ത്തി ജനനസര്‍ട്ടിഫിക്കറ്റില്ലാതെ എത്തുന്നവരെ പഞ്ചായത്തുകളില്‍ മടക്കിവിടുകയാണ് ചെയ്യുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പുളിക്കല്‍ ഒളവട്ടൂര്‍ സ്വദേശിയും മുന്‍പഞ്ചായത്തംഗവുമായ എ കെ അബ്ബാസലി പഞ്ചായത്ത് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ഇത്തരത്തിലൊരു നിയമില്ലെന്നാണു മറുപടിയായി ലഭിച്ചത്. അതേസമയം, ജില്ലയിലിപ്പോഴും പഞ്ചായത്തുകളില്‍ വിവാഹ രജിസ്‌ട്രേഷനെത്തുന്നവര്‍ ജനനസര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ ദുരിതത്തിലാവുകയാണ്.
Next Story

RELATED STORIES

Share it