malappuram local

മലപ്പുറം കലക്ടറേറ്റ് സ്‌ഫോടനക്കേസ്, അഞ്ചാം പ്രതി മുഹമ്മദ് അയ്യൂബിന്റെ റിമാന്റ് കാലാവധി നീട്ടി

മഞ്ചേരി: മലപ്പുറം കലക്ടറേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ട ജില്ലാ മെഡിക്കല്‍ ഓഫിസറുടെ കാറില്‍ ബോംബ് സ്‌ഫോടനം നടത്തിയെന്ന കേസില്‍ അഞ്ചാം പ്രതിയുടെ റിമാന്റ് കാലാവധി നീട്ടി. മാപ്പുസാക്ഷിയാവാന്‍ സന്നദ്ധത പ്രകടിപ്പിച്ച മധുര കെ പുത്തൂര്‍ കര്‍പ്പക വിനയഗര്‍ കോവില്‍ എം മുഹമ്മദ് അയ്യൂബ് (27)ന്റെ റിമാന്റാണ് മഞ്ചേരി യുഎപിഎ പ്രത്യേക കോടതി ജഡ്ജി സുരേഷ്‌കുമാര്‍ പോള്‍ നീട്ടിയത്.
ഏപ്രില്‍ രണ്ടുവരെ റിമാന്റ് കാലാവധി നീട്ടിയ മുഹമ്മദ് അയ്യൂബിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു. തമിഴ്‌നാട് മധുര സ്വദേശികളായ ഫോര്‍ത്ത് സ്ട്രീറ്റ് ഇസ്മായില്‍പുരം മുനിസിപ്പല്‍ റോഡിലെ അബ്ബാസലി (29), കെ പുത്തൂര്‍ വിശ്വനാഥ് നഗര്‍ സാംസണ്‍ കരീം രാജ (25), നെല്‍പ്പേട്ട കരിഷ്മ പള്ളിവാസല്‍ ദാവൂദ് സുലൈമാന്‍ (25), തൈര്‍മാര്‍ക്കറ്റ് ഈസ്റ്റ് മാറാട്ട് സ്ട്രീറ്റ് ഷംസുദ്ദീന്‍ എന്ന കരുവ ഷംസ് (28) 124 ശിവകാമി സ്ട്രീറ്റ് അബുബക്കര്‍ (42), ഈസ്റ്റ് വേളി സിക്‌സ്ത് സ്ട്രീറ്റ് ഖാഇദേമില്ലത്ത് നഗര്‍ അബ്ദുല്‍ റഹ്മാന്‍ (29) എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. 2016 നവംബര്‍ ഒന്നിന് ഉച്ചയ്ക്ക് ഒരു മണിക്കാണ് കേസിനാസ്പദമായ സംഭവം. മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോംപൗണ്ടില്‍ വാഹന പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട മൂന്ന് കാറുകളാണ് ബോംബ് സ്‌ഫോടനത്തില്‍ തകര്‍ന്നത്.
ബെയ്‌സ് മൂവ്‌മെന്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന സംഘടനയിലെ അംഗങ്ങളായ പ്രതികള്‍ക്കെതിരേ, പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരെ വധിക്കുമെന്നും രാജ്യത്തിന്റെ സുപ്രധാന സ്ഥാപനങ്ങള്‍ തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തുകയും രാജ്യത്തിനെതിരേ യുദ്ധം പ്രഖ്യാപിച്ചുവെന്നും കേസുണ്ട്.
Next Story

RELATED STORIES

Share it