മലപ്പുറം: ഏഴിടത്ത് കടുത്ത പോരാട്ടം; വിജയം നിര്‍ണയിക്കുക അടിയൊഴുക്ക്

മലപ്പുറം: ഏഴിടത്ത് കടുത്ത പോരാട്ടം;  വിജയം നിര്‍ണയിക്കുക അടിയൊഴുക്ക്
X
malappuram

സമീര്‍ കല്ലായി

മലപ്പുറം: ജില്ലയില്‍ ഏഴിടത്ത് കടുത്ത പോരാട്ടമാണ്. കഴിഞ്ഞതവണ മൂന്നു മണ്ഡലങ്ങളില്‍ മാത്രമായിരുന്നു മല്‍സരത്തിന് കടുപ്പം. തിരൂര്‍, പൊന്നാനി, താനൂര്‍, തവനൂര്‍, മങ്കട, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ മണ്ഡലങ്ങളിലാണു കടുത്ത പോരാട്ടം നടക്കുന്നത്. ഇതില്‍ താനൂരും നിലമ്പൂരും ഫോട്ടോ ഫിനിഷിലേക്കാണു കാര്യങ്ങള്‍ നീങ്ങുന്നത്. അടിയൊഴുക്കുകളാവും ഈ മണ്ഡലങ്ങളിലെ വിജയം നിര്‍ണയിക്കുക.
കഴിഞ്ഞതവണ പൊന്നാനിയും തവനൂരുമൊഴിച്ച് 14 ഇടങ്ങളില്‍ യുഡിഎഫിനായിരുന്നു വിജയം. 12 ഇടത്ത് ലീഗും രണ്ടിടത്ത് കോണ്‍ഗ്രസ്സും. ഇടതിനു ലഭിച്ച പൊന്നാനിയില്‍ സിപിഎമ്മിലെ പി ശ്രീരാമകൃഷ്ണനും തവനൂരില്‍ സിപിഎം സ്വതന്ത്രന്‍ കെ ടി ജലീലും തന്നെയാണ് ഇത്തവണയും മല്‍സരിക്കുന്നത്. തവനൂരില്‍ ജലീല്‍ വിജയം മണക്കുന്നതായാണ് പൊതു വിലയിരുത്തല്‍. കോ ണ്‍ഗ്രസ്സിലെ പി ഇഫ്ത്തിഖാറുദ്ദീനാണ് എതിരാളി. എന്നാ ല്‍ പൊന്നാനിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. കോണ്‍ഗ്രസ്സിലെ പി ടി അജയ് മോഹനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. തിരൂരില്‍ സിപിഎം സ്വതന്ത്രന്‍ ഗഫൂര്‍ പി ലില്ലീസ് മുസ്‌ലിംലീഗിലെ സിറ്റിങ് എംഎല്‍എ സി മമ്മൂട്ടിക്ക് കടുത്ത വെല്ലുവിളിയാണുയര്‍ത്തുന്നത്. രാഷ്ട്രീയമായി നോക്കുമ്പോള്‍ മണ്ഡലത്തില്‍ നേരിയ മുന്‍തൂക്കം യുഡിഎഫിന് തന്നെയാണ്.
താനൂരില്‍ സിറ്റിങ് എംഎല്‍എ അബ്ദുറഹ്മാന്‍ രണ്ടത്താണിയേക്കാള്‍ സിപിഎം സ്വതന്ത്രന്‍ വി അബ്ദുറഹ്മാന്‍ ഒരുമുഴം മുന്നിലാണ്. വള്ളിക്കുന്നില്‍ ഐഎന്‍എല്‍ സ്ഥാനാര്‍ഥി ഒ കെ തങ്ങളേക്കാള്‍ മുന്‍തൂക്കം ലീഗിലെ പി അബ്ദുല്‍ ഹമീദിനുതന്നെ. തിരൂരങ്ങാടിയില്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിന് സിപിഐ സ്വതന്ത്രന്‍ നിയാസ് പുളിക്കലകത്ത് കനത്ത വെല്ലുവിളിയുയര്‍ത്തുന്നുണ്ടെങ്കിലും അന്തിമ വിജയം യുഡിഎഫിന്റേതായിരിക്കുമെന്നാണു വിലയിരുത്തല്‍.
വേങ്ങരയില്‍ കഴിഞ്ഞതവണത്തേതില്‍ നിന്നു വിഭിന്നമായി ശക്തമായ മല്‍സരം കാഴ്ചവയ്ക്കാന്‍ ഇടതിനായെങ്കിലും യുഡിഎഫിന്റെ രാഷ്ട്രീയ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തുക പ്രയാസമായിരിക്കും. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെ ഇവിടെ എതിരിടുന്നത് സിപിഎമ്മിലെ പി പി ബഷീറാണ്.
കൊണ്ടോട്ടിയില്‍ സിപിഎം സ്വതന്ത്രന്‍ കെ പി വീരാന്‍കുട്ടി യുഡിഎഫ് കോട്ടകളില്‍ കടന്നുകയറുന്നുണ്ട്. മുസ്‌ലിംലീഗിലെ ടി വി ഇബ്രാഹീമാണ് ഇവിടെ സ്ഥാനാര്‍ഥി. എസ്ഡിപിഐയിലെ നാസറുദ്ദീന്‍ എളമരം പിടിക്കുന്ന വോട്ടുകള്‍ ഇവിടെ നിര്‍ണായകമാവും.
മലപ്പുറത്തും മഞ്ചേരിയിലും ആരും അട്ടിമറി പ്രതീക്ഷിക്കുന്നില്ല. മലപ്പുറത്ത് മുസ്‌ലിംലീഗിലെ പി ഉബൈദുല്ല, സിപിഎമ്മിലെ കെ പി സുമതിയേക്കാള്‍ ബഹുദൂരം മുന്നിലാണ്. മഞ്ചേരിയില്‍ സിറ്റിങ് എംഎല്‍എ എം ഉമ്മര്‍ സിപിഐയിലെ കെ മോഹന്‍ദാസിനേക്കാള്‍ പ്രചാരണത്തി ല്‍ മുന്നിലാണ്. ഏറനാട്ട് മല്‍സരം കടുത്തതാണെങ്കിലും സിറ്റിങ് എംഎല്‍എ പി കെ ബഷീര്‍ ജയിക്കുമെന്നായിരുന്നു ആദ്യ സൂചനകള്‍. സിപിഐ സ്വതന്ത്രന്‍ കെ ടി അബ്ദുറഹ്മാന്‍ പ്രചാരണത്തില്‍ ഏറെ മുന്നേറിയിട്ടുണ്ട്.
നിലമ്പൂരാണ് അട്ടിമറി പ്രവചിക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്ന്. ഏറെക്കാലം മണ്ഡലത്തെ പ്രതിനിധീകരിച്ച ആര്യാടന്‍ മുഹമ്മദ് കളമൊഴിഞ്ഞപ്പോള്‍ പകരക്കാരനായെത്തിയത് മകന്‍ ഷൗക്കത്താണ്. ഈ കുടുംബാധിപത്യത്തെയാണ് സിപിഎം സ്വതന്ത്രന്‍ പി വി അന്‍വര്‍ ചോദ്യംചെയ്യുന്നത്. കോണ്‍ഗ്രസ്സിനുള്ളിലും യുഡിഎഫില്‍ പൊതുവെയുമുള്ള അനൈക്യവും തനിക്കു തുണയാവുമെന്നാണ് അന്‍വറിന്റെ പ്രതീക്ഷ.
വണ്ടൂരില്‍ മന്ത്രി എ പി അനില്‍കുമാറിനുതന്നെയാണു മുന്‍തൂക്കം. സിപിഎമ്മിലെ കെ നിഷാന്താണ് എതിര്‍ സ്ഥാനാര്‍ഥി. മങ്കടയാണ് കടുത്ത മല്‍സരം നടക്കുന്ന മറ്റൊരു മണ്ഡലം. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ സിറ്റിങ് എംഎല്‍എ ടി എ അഹ്മദ് കബീറും സിപിഎമ്മിലെ ടി കെ റഷീദലിയും ഒപ്പത്തിനൊപ്പമാണ്. പെരിന്തല്‍മണ്ണയില്‍ കഴിഞ്ഞതവണത്തെ തനിയാവര്‍ത്തനംതന്നെയാണ് ഇത്തവണയും. മന്ത്രി മഞ്ഞളാംകുഴി അലിയും സിപിഎമ്മിലെ വി ശശികുമാറും മണ്ഡലം വീണ്ടും പിടിക്കാനുള്ള പോരാട്ടത്തിലാണ്.
കഴിഞ്ഞതവണ വേങ്ങരയിലും മലപ്പുറത്തും ബിജെപിയെ പിന്തള്ളി എസ്ഡിപിഐ ആയിരുന്നു മൂന്നാംസ്ഥാനത്ത്. മങ്കടയില്‍ നേരിയ വോട്ടിനാണ് നാലാമതായത്. മങ്കട, പെരിന്തല്‍മണ്ണ മണ്ഡലങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്കും സ്വാധീനമുണ്ട്. പൊന്നാനി, നിലമ്പൂര്‍, വള്ളിക്കുന്ന് മണ്ഡലങ്ങളില്‍ ബിജെപി പിടിക്കുന്ന വോട്ടുകള്‍ നിര്‍ണായകമാവും. കടുത്ത മല്‍സരം നടക്കുന്ന ഏഴു മണ്ഡലങ്ങള്‍ക്കു പുറമെ ഏറനാട്, കൊണ്ടോട്ടി, തിരൂരങ്ങാടി മണ്ഡലങ്ങളില്‍ എപി സുന്നി വിഭാഗത്തിന്റെ വോട്ടും നിര്‍ണായകമാണ്.
Next Story

RELATED STORIES

Share it