Alappuzha local

മലനിരകള്‍ ഇടിക്കുന്നത് ഗുണത്തെക്കാള്‍ ഏറെ ദോഷം: മന്ത്രി സി രവീന്ദ്രനാഥ്

അടൂര്‍: പശ്ചിമഘട്ടത്തിലുള്ള മലനിരകള്‍ ഇടിച്ച് തോടുകളുടെ വശങ്ങള്‍ കെട്ടി സംരക്ഷിക്കുകയെന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് മന്ത്രി സി രവീന്ദ്രനാഥ്. ജലസ്രോതസ്സുകളുടെ തീരങ്ങളില്‍ കയര്‍ഭൂവസ്ത്രം വിരിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കടമ്പനാട്  കെആര്‍കെപിഎം ഹൈസ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് കരിങ്കല്‍ ഭിത്തികള്‍ക്ക് പകരം പ്രകൃതിക്കിണങ്ങുന്ന സംരക്ഷണ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. പച്ചപ്പ് കൂടുമ്പോള്‍ വായുവിലെ കാര്‍ബണ്‍ഡയോക്‌സൈഡിന്‌റെ അളവ് കുറയുകയും ഒാക്‌സിജന്റെ അളവ് കൂടുകയും ചെയ്യും. ഈ മാറ്റം മനുഷ്യന്റെ നിലനില്‍പ്പിന് അത്യാവശ്യമാണ്. മണ്ണിനെയും പ്രകൃതിയെയും സംരക്ഷിച്ചാല്‍ മാത്രമേ നമുക്ക് നിലനില്‍പ്പുള്ളൂ. വിദ്യാര്‍ഥികളില്‍ ചെറുപ്രായത്തില്‍ തന്നെ കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനാണ് സ്‌കൂളുകളില്‍ ജൈവവൈവിധ്യ പാര്‍ക്കുകള്‍ ആരംഭിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതെന്ന് മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ജൈവവൈവിധ്യ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ സഹായം നല്‍കും. കയറുകൊണ്ട് മണ്ണിനെ സംരക്ഷിക്കത്തവിധം ഒരു ഭിത്തിയുണ്ടാക്കി മരങ്ങള്‍ വെച്ചുപിടിപ്പിച്ച് അവയുടെ വേരുകളുടെ സഹായത്താല്‍ തോടുകളുടെയും അരുവികളുടെയും തീരങ്ങള്‍ സംരക്ഷിക്കുന്നതിനാണ് കയര്‍ഭൂവസ്ത്ര പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്ലാസ്റ്റിക്കും രാസവസ്തുക്കളും കീടനാശിനികളും ചേര്‍ന്ന് മണ്ണ് മലിനമായി.  മലിനീകരണം ഒഴിവാക്കാനുള്ള ഏകവഴി കൃഷി വ്യാപിപ്പിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ആര്‍ അജീഷ് കുമാര്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ റ്റി മുരുകേഷ്, ബി സതികുമാരി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൗദാ രാജന്‍, വൈസ്പ്രസിഡന്റ് എസ് രാധാകൃഷ്ണന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it