kannur local

മലനാട്-മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതി വരുന്നു



കണ്ണൂര്‍: മലനാട്-മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതിക്ക് ചിറക് മുളക്കുന്നു. മയ്യഴി പുഴയ്ക്കും ചന്ദ്രഗിരി പുഴയ്ക്കും ഇടയിലുള്ള ജലാശയങ്ങളെ കൂട്ടിയിണക്കിയും ടൂറിസം സാധ്യതകളുള്ള തീരപ്രദേശങ്ങളെ ഉപയോഗപ്പെടുത്തിയും നടപ്പാക്കുന്ന മെഗാ ക്രൂയിസം ടൂറിസം പദ്ധതിയുടെ അവലോകനത്തിനായി വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്. മയ്യഴി, അഞ്ചരക്കണ്ടി, വളപട്ടണം, കുപ്പം, പെരുമ്പ, തേജസ്വിനി, വലിയപറമ്പ്, ചന്ദ്രഗിരി പുഴകളിലൂടെയും കായലുകളിലൂടെയുമുള്ള 200 കിലോമീറ്ററോളം ബോട്ട് യാത്ര ഉള്‍പ്പെടെയുള്ള പദ്ധതികളുടെ മേല്‍നോട്ടത്തിനായി കണ്ണൂര്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ എംഎല്‍എമാര്‍ അടക്കമുള്ള ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി മോണിറ്ററിങ് സമിതി രൂപീകരിക്കും. വിശദമായ പദ്ധതിരേഖയും എസ്റ്റിമേറ്റും ഉടന്‍ കേന്ദ്ര സര്‍ക്കാരിന് അയച്ചുകൊടുക്കാനും തീരുമാനിച്ചു. പദ്ധതിയുടെ സ്വതന്ത്രമായ നടത്തിപ്പിന് ഒരു സ്‌പെഷ്യല്‍ ഓഫിസറെ നിയോഗിക്കും. 300 കോടിയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്. പറശ്ശിനിക്കടവിലും പഴയങ്ങാടിയിലും ബോട്ട് ജെട്ടികള്‍, പുഴയോര നടപ്പാത എന്നിവ നിര്‍മിക്കുന്നതിന് ഇതിനകം 15 കോടിയോളം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചുകഴിഞ്ഞു. പ്രാദേശികതലത്തി ല്‍ ടൂറിസത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്താനും സഞ്ചാരികള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുമായി കിറ്റ്‌സിനെ ചുമതലപ്പെടുത്തി. സഞ്ചാരികളെ സഹായിക്കാന്‍   പ്രാദേശികതലത്തില്‍  ടൂറിസ്റ്റ് ഗൈഡുകളെ പരിശീലിപ്പിക്കും.  പുഴകളൊഴുകുന്ന പ്രദേശങ്ങളുടെ സവിശേഷതകള്‍ ഉപയോഗപ്പെടുത്തി ടൂറിസ്റ്റ് സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയുടെ പ്രാദേശിക മോല്‍നോട്ടത്തിനായി എംഎല്‍എ ചെയര്‍മാനായി ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ രൂപീകരിക്കും.  നിലവിലുള്ള ഹോം സ്റ്റേകളെ പ്രോല്‍സാഹിപ്പിക്കും. ഇതോടൊപ്പം കൂടുതല്‍ പ്രദേശങ്ങളില്‍ ഇത്തരം സംവിധാനങ്ങള്‍ ആരംഭിക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ശുചിത്വം, ഭക്ഷണ സൗകര്യം, കേന്ദ്രങ്ങളുടെ പരിപാലനം എന്നിവയുടെ ചുമതല ശുചിത്വ മിഷന്റെ മേല്‍നോട്ടത്തില്‍ കുടുംബശ്രീയെ ഏല്‍പ്പിക്കാനാണ് തീരുമാനം. ഇതോടൊപ്പം പഴങ്ങാടി സുല്‍ത്താന്‍ കനാലിന്റെ പുനരുദ്ധാരണത്തിനായി ഇന്‍ലാന്റ് നാവിഗേഷന്‍ വകുപ്പ് തയ്യാറാക്കിയ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. അടുത്ത ഫെബ്രുവരിക്ക് മുമ്പായി സുല്‍ത്താന്‍തോട് ഗതാഗതയോഗ്യമാക്കാന്‍ ഇന്‍ലാന്റ് നാവിഗേഷന്‍ ഡയറക്ടറെ ചുമതലപ്പെടുത്തി. ഉത്തര കേരളത്തിലെ പുഴകളിലൂടെ ബോട്ട് യാത്രയ്‌ക്കൊപ്പം അവയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളുടെ ചരിത്രം, സംസ്‌കാരം, കല, സംഗീതം, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ആരാധനാ കേന്ദ്രങ്ങള്‍, ആയോധന കലകള്‍, കരകൗശല വസ്തുക്കള്‍, പ്രകൃതിഭംഗി, കണ്ടല്‍ക്കാടുകള്‍, ഭക്ഷ്യവിഭവങ്ങള്‍ തുടങ്ങി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളെ കോര്‍ത്തിണക്കിയാണ് മലനാട്-മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതി വരുന്നത്. കണ്ണൂര്‍ അന്താഷ്ട്ര വിമാനത്താവളവും അഴീക്കല്‍ തുറമുഖവും യാഥാര്‍ഥ്യമാവുന്നതോടെ വടക്കന്‍ കേരളത്തിന്റെ ടൂറിസം-വ്യാപാര വളര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് സര്‍ക്കാര്‍ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
Next Story

RELATED STORIES

Share it