kannur local

മലഞ്ചരക്ക് കടകള്‍ കുത്തിത്തുറന്ന് മോഷണം; പ്രതികള്‍ അറസ്റ്റില്‍

ചെറുപുഴ: മലഞ്ചരക്ക് കടകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതികള്‍ അറസ്റ്റില്‍. നിരവധി കവര്‍ച്ചക്കേസുകളില്‍ പ്രതിയായ പുലിക്കുരുമ്പയിലെ എന്‍ വി സന്തോഷ് എന്ന തൊരപ്പന്‍ സന്തോഷ്(36), കീഴ്പള്ളിയിലെ പി ഡി ജോഷി(43) എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ 22ന് മട്ടന്നൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ചെറുപുഴയിലെ മോഷണക്കേസുകള്‍ക്കു തുമ്പായത്.
ഈ മാസം 13ന് പുലര്‍ച്ചെ ചെറുപുഴ ചുണ്ടയിലെ പി രവിയുടെ ഉടമസ്ഥതയിലുള്ള മലഞ്ചരക്ക് കട കുത്തിത്തുറന്ന് 6 ക്വിന്റലോളം അടക്ക കവര്‍ച്ച ചെയ്തിരുന്നു. ഇതിനു പിന്നാലെ 19ന് പുലര്‍ച്ചെ പാടിയോട്ടുചാല്‍ ടൗണില്‍ പാടിക്കൊച്ചി സ്വദേശി കെ എ കുര്യാക്കോസിന്റെ ഉടമസ്ഥതയിലുള്ള കുന്നത്തറ ട്രേഡേഴ്‌സിന്റെ പൂട്ട് പൊളിച്ച് 8 ക്വിന്റലോളം കുരുമുളക് കവര്‍ന്നിരുന്നു.
ഈ കേസിന്റെ അന്വേഷണത്തിനിടെ സമീപത്തെ ഒരു സ്ഥാപനത്തിലെ സിസിടിവി കാമറയില്‍ നിന്ന് മോഷണമുതലുകള്‍ ചുവന്ന ഓട്ടോ ടാക്‌സിയില്‍ കടത്തിക്കൊണ്ടുപോവുന്ന ദൃശ്യം ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ ജില്ലയിലെ പോലിസ് സ്‌റ്റേഷനുകളിലേക്ക് കൈമാറിയതിനു പിന്നാലെയാണ് മട്ടന്നൂരില്‍ പ്രതികള്‍ പിടിയിലായത്.
മട്ടന്നൂര്‍ പോലിസ് വിവരം നല്‍കിയതനുസരിച്ച് പെരിങ്ങോം എസ്‌ഐ എം സജിത് പ്രതികളെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. മോഷണമുതലുകള്‍ പയ്യാവൂര്‍, ഇരിട്ടി, ആറളം, ചെമ്പേരി എന്നിവിടങ്ങളില്‍ വിറ്റഴിച്ചതായി പ്രതികള്‍ മൊഴി നല്‍കിയതായി പോലിസ് അറിയിച്ചു. സന്തോഷിന്റെ പേരില്‍ 10ഓളം കേസുകള്‍ നിലവിലുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കിയശേഷം തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങി ചെറുപുഴയിലെത്തിക്കും.
Next Story

RELATED STORIES

Share it