Idukki local

മലങ്കര ജലാശയത്തില്‍ അറവുമാലിന്യം തള്ളി; രണ്ടുപേര്‍ പിടിയില്‍

തൊടുപുഴ: ആയിരക്കണക്കിനാളുകള്‍ കുടിവെള്ളത്തിനും ദൈനംദിനാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന മലങ്കര ജലാശയത്തില്‍ അറവുമാലിന്യം തള്ളിയ രണ്ടു പേര്‍ പിടിയില്‍. ഈരാറ്റുപേട്ട സ്വദേശികളായ പാറയില്‍ ഷിജാസ്(38),കൊച്ചുപറമ്പില്‍ സുനീര്‍(38) എന്നിവരെയാണ് മുട്ടം പോലിസ് അറസ്റ്റ് ചെയ്തത്. പോലീസ് നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ഇവര്‍ പിടിയിലാകുന്നത്.
ഈരാറ്റുപേട്ട ഭാഗത്തുള്ള അറവുശാലകളില്‍ നിന്നും കെ.എല്‍.32-എഫ്. 5631 നമ്പരിലുള്ള പിക്കപ്പ് വാനില്‍ പത്തോളം പെട്ടികളിലായാണ് മാലിന്യം കൊണ്ടു വന്നത്. ഇതില്‍ രണ്ടു പെട്ടികളിലാണ്ടായിരുന്ന അറവുമാലിന്യം ഇവര്‍ വെള്ളത്തില്‍ നിക്ഷേപിക്കുകയും ചെയ്തിരുന്നു. പെരുമറ്റം ജങ്ഷനും സര്‍ക്കാര്‍ കുടിവെള്ള പദ്ധതിയായ ഹില്ലി അക്വാ ഫാക്‌റിയ്ക്കും ഇടക്കുള്ള ആളൊഴിഞ്ഞ പ്രദേശത്താണ് മാലിന്യം തള്ളിയത്. ഇവിടെ അറവു മാലിന്യം ഉള്‍പ്പെടെയുള്ളവ കുന്നുകൂടിയിരിക്കുകയാണ് നിലവില്‍. ഈ ഭാഗത്ത് രാത്രിയില്‍ കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ളവ കൊണ്ടു വന്നു നിക്ഷേപിക്കുന്നതായി നാട്ടുകാര്‍ പഞ്ചായത്തിനും പോലീസിലും നിരവധി തവണ പരാതി നല്‍കിയിരുന്നു.
മലങ്കര ജലാശയത്തില്‍ കോളിഫോംബാക്ടീരിയയുടെ അളവ് വന്‍തോതില്‍ വര്‍ധിച്ചതായി അടുത്തിടെ ആരോഗ്യവകുപ്പ് അധികൃതര്‍ തന്നെ സ്ഥിരീകരിച്ചിരുന്നു.
വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്നും പകര്‍ച്ച വ്യാധി ഭീഷണിയുള്‍പ്പെടെയുള്ളവ വ്യാപകമാകുന്ന സാഹചര്യത്തില്‍ ജലാശയത്തില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. എസ്.ഐ: ജയകുമാര്‍, അഡീഷണല്‍ എസ്.ഐ: സുകു, സി.പി.ഒ മാരായ അബി, നിധീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Next Story

RELATED STORIES

Share it