മലക്കംമറിഞ്ഞ് പിണറായി; മന്ത്രിയുടെ പരിപാടിയില്‍ സ്ഥലത്തെ എസ്‌ഐ പങ്കെടുക്കുക സ്വാഭാവികം

തിരുവനന്തപുരം: കെവിന്‍ വധവുമായി ബന്ധപ്പെട്ട മുന്‍ നിലപാടില്‍ നിന്നു മലക്കംമറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി എന്ന നിലയില്‍ താന്‍ പങ്കെടുക്കുന്ന പരിപാടിയുടെ സുരക്ഷയ്ക്ക് ലോക്കല്‍ എസ്‌ഐ ഉണ്ടാവുക സ്വാഭാവികമാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തനിക്കു സുരക്ഷയൊരുക്കിയ പോലിസ് സംഘത്തില്‍ എസ്‌ഐ ഇല്ലായിരുന്നുവെന്നായിരുന്നു കഴിഞ്ഞദിവസം പിണറായി പറഞ്ഞത്. എന്നാല്‍, തെളിവുകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ മുഖ്യമന്ത്രി നിലപാട് മാറ്റി.
സ്ഥലം എസ്‌ഐ മുഖ്യമന്ത്രിയുടെ പരിപാടിക്ക് സുരക്ഷയിലുണ്ടാവുന്നത് പതിവുരീതിയാണ്. പരാതി സ്വീകരിക്കുന്നതിന് ഇക്കാര്യം തടസ്സമല്ല. മുഖ്യമന്ത്രിക്ക് ഇത്രയും സുരക്ഷ എന്തിനെന്ന ചോദ്യം തന്നോട് ചോദിച്ചിട്ട് കാര്യമില്ല. സുരക്ഷാഭീഷണി ഉണ്ടാക്കുന്നവരോട് ചോദിക്കണം. കെവിന്റെ മരണത്തില്‍ പോലിസിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. എന്നാല്‍, ഈ വിഷയത്തില്‍ മുഖ്യമന്ത്രിയാണ് പ്രതിയെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു. കോട്ടയം ഗാന്ധിനഗറിലെ തന്റെ പരിപാടി വൈകീട്ടായിരുന്നു. യുവാവിനെ തട്ടിക്കൊണ്ടുപോയത് രാവിലെയാണ്. പോലിസ് വേണ്ട നടപടി സ്വീകരിച്ചില്ല. ആഭ്യന്തരമന്ത്രിയുടെ പേരു പറഞ്ഞ് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ പോലിസ് ഉദ്യോഗസ്ഥന് എങ്ങനെ ധൈര്യം ലഭിച്ചുവെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അത് നമ്മുടെ നാടിന്റെ പ്രത്യേകതയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
മാധ്യമങ്ങള്‍ക്കെതിരേ കടുത്ത വിമര്‍ശനങ്ങളും മുഖ്യമന്ത്രി നടത്തി. നാടിനെയാകെ അപമാനിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കൊലപാതകം നടന്നാല്‍ പ്രതികളെ പിടികൂടാന്‍ സഹായിക്കുന്നതിന് പകരം മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കാനാണ് മാധ്യമങ്ങളുടെ ശ്രമം. കെവിന്റെ വീട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it