Sports

മറ്റെരാസി ഇല്ലെങ്കിലും ചെന്നൈക്ക് മിന്നിത്തിളങ്ങണം



മാര്‍ക്കോ മറ്റെരാസിയെന്ന ഇറ്റാലിയന്‍ ലോകോത്തര താരത്തിന്റെ തന്ത്രങ്ങളായിരുന്നു മുന്‍സീസണുകളില്‍ ചെന്നൈയ്‌നെ മിന്നിത്തിളങ്ങാന്‍ പ്രചോദിപ്പിച്ചിരുന്നത്. ആദ്യ സീസണില്‍ സെമിയിലെത്തുകയും രണ്ടാം സീസണില്‍ കിരീടത്തില്‍ മുത്തമിടുകയും ചെയ്ത ചെന്നൈക്കു പക്ഷേ കഴിഞ്ഞ സീസണ്‍ ദൗര്‍ഭാഗ്യത്തിന്റേതായിരുന്നു. കഴിഞ്ഞ സീസണില്‍ ഏഴാംസ്ഥാനക്കാരായി പിന്തള്ളപ്പെട്ടതോടെ മറ്റൊരാസിക്കും സ്ഥാനചലനം ഉണ്ടായി. രണ്ടാം സീസണ്‍ ആവര്‍ത്തിക്കാനുറച്ചാണ് ഇത്തവണ ചെന്നൈ പോരാട്ടങ്ങള്‍ക്കു തയ്യാറെടുക്കുന്നത്.
ശക്തരായ പ്രതിരോധവും മധ്യനിരയും
പ്രതിരോധത്തിന് മുന്‍തൂക്കമാണ് ഇത്തവണ ചെന്നെയുടെ പ്രത്യേകത. വിദേശ സ്വദേശ താരങ്ങളെയുള്‍പ്പെടുത്തി ശക്തമായ പ്രതിരോധവും മധ്യനിരയും ഒരുക്കിയാണ് പുതിയ പരിശീലകന്‍ ജോണ്‍ഗ്രിഗറി ടീമിനെ വാര്‍ത്തെടുത്തിട്ടുള്ളത്. ഇന്ത്യന്‍ യുവപ്രതീക്ഷകളായ ജര്‍മന്‍ പ്രീത് സിങ്, അനിരുദ്ധ് താപ എന്നിവര്‍ ചെന്നൈയിന്‍ മിഡ്ഫീല്‍ഡില്‍ പന്ത് തട്ടും. മിഡ്ഫീല്‍ഡില്‍ ഒരുപറ്റം മികച്ച വിദേശതാരങ്ങള്‍ ഉണ്ട് ചെന്നൈയിന്. മിഡ്ഫീല്‍ഡില്‍  ആക്രമണം നയിക്കാന്‍ കഴിവുള്ള ബ്രസീലിയന്‍ റാഫേല്‍ അഗസ്‌റ്റോ, നമ്പര്‍ 10 റോളില്‍ കഴിവു തെളിയിച്ചിട്ടുള്ള മുന്‍ സ്ലൊവേനിയന്‍ ഇന്റര്‍നാഷണല്‍ റെനെ മിഹെലിച്, ഇടതു വിങ്ങില്‍ എടികെയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടുള്ള ഗവിലിയന്‍, നെതര്‍ലാണ്ട് യുവ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ഗ്രിഗറി നെല്‍സണ്‍ എന്നിവര്‍ ചെന്നൈയിന്‍ മധ്യനിര കാക്കും. കൂടാതെ ആഭ്യന്തര താരങ്ങളായ ബിക്രംജിത് ,ധന്‍പാല്‍ ഗണേഷ്,  തോയ് സിംഗ്, ഒപ്പം യുവ പ്രതീക്ഷകളായ ജെര്‍മന്‍ പ്രീതും, അനിരുദ്ധ് താപയും മിഡ്ഫീല്‍ഡ് ആക്രമണങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടും. മൂന്നു വിദേശ താരങ്ങളാണ് ചെന്നൈയിന്റെ പ്രതിരോധത്തില്‍ ഉള്ളത്. മൈല്‍സണ്‍ ആല്‍വേസ്, ഇനിഗൊ, ഹെന്റിക് സെറീനോ. ഈ മൂന്നു പേരില്‍ രണ്ടുപേര്‍ ആദ്യ ഇലവനില്‍ എത്തും. 2015ല്‍ ചെന്നൈയിന്‍ ഡിഫന്‍സില്‍ ഉണ്ടായിരുന്ന താരമാണ് ആല്‍വേസ്. ഐ എസ് എല്ലില്‍ അവസാന രണ്ടു സീസണിലും മികച്ച പ്രകടനം കാഴ്ചവെച്ച ആല്‍വേസ് ആദ്യ ഇലവനില്‍ എത്തും. ഇനിഗോയും സെറീനോയും ആയിരിക്കും രണ്ടാം സെന്റര്‍ബാക്കായി എത്തുന്നത്.
മുന്നേറ്റനിരയെ റാഫി നയിക്കും
ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച മുഹമ്മദ് റാഫിയെ ഇത്തവണ ചെന്നൈ അവരുടെ കൂടാരത്തിലെത്തിച്ചിട്ടുണ്ട്. ഹെഡര്‍ ഗോളുകളിലൂടെ ്ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ മനം കവര്‍ന്ന റാഫിക്കൊപ്പം മറ്റൊരു ഇന്ത്യന്‍ താരമായ ജെ ജെ ലാല്‍പെഖുലെയും സ്ഥിരതയാര്‍ന്ന പ്രകടനവുമായി കൂട്ടിനുണ്ട്. ഈ സീസണില്‍ താരമായേക്കും എന്ന് നിരീക്ഷകര്‍ വിലയിരുത്തുന്ന ജൂഡ് നേ്വാറയാണ് മുന്നേറ്റ നിരയിലെ ശ്രദ്ധേയ കേന്ദ്രം.ടെല്‍ അവിവ് പോലെയുള്ള മികച്ച ക്ലബുകളില്‍ കളിച്ചാണ് ഈ നൈജീരിയന്‍ താരം വരുന്നത്. മെന്‍ഡോസയെ പോലെ ഐ എസ് എല്ലില്‍ ജൂഡും വിപ്ലവം സൃഷ്ടിക്കും എന്നാണ് ചെന്നൈയിന്‍ ആരാധകര്‍ കരുതുന്നത്. ജൂഡിനെ കൂടാതെ ഗ്രിഗറി നെല്‍സണും മിഡ്ഫീല്‍ഡ് വിട്ട് അറ്റാക്കിംഗ് ലൈനില്‍ എത്താന്‍ സാധ്യത ഉണ്ട്. കരണ്‍ജിത് സിംഗ്, പവന്‍ കുമാര്‍, കേരള താരം ഷാഹിന്‍ ലാല്‍ എന്നിവരാണ് ചെന്നൈയിന്റെ വലകാക്കാന്‍ ഉള്ളത്. 2015 മുതല്‍ ചൈന്നൈയിനോടൊപ്പം ഉള്ള താരമാണ് കരണ്‍ജിത് സിംഗ്. 3 സീസണലായി ചെന്നൈയോടൊപ്പം ഉണ്ടെങ്കിലും വെറും 13 മത്സരങ്ങളില്‍ മാത്രമേ കരണ്‍ജിത് കളിച്ചിട്ടുള്ളൂ.
മറ്റെരാസിക്ക് പകരക്കാരനാവാന്‍ ജോണ്‍ഗ്രിഗറി
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ അനുഭവസമ്പത്തുമായാണ്  ചെന്നൈയുടെ പുത്തന്‍ പരീശീലകന്‍ ജോണ്‍ ഗ്രിഗറി ടീമിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്നത്. ഇംഗ്ലീഷ് ദേശീയ ടീമില്‍ ആറു മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഗ്രിഗറി പത്തു ക്ലബ്ബുകളെ ഇതിനകം പരിശീലിപ്പിച്ചിട്ടുണ്ട്. ആസ്റ്റണ്‍വില്ല, പോര്‍ട്‌സൗത്ത് എന്നിങ്ങനെയുള്ള പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ക്കു തന്ത്രം മെനഞ്ഞ ചരിത്രമുള്ള ഗ്രിഗറിക്ക് മറ്റൊരു മറ്റെരാസിയാവാന്‍ കഴിയുമെന്ന കാര്യത്തില്‍ ചെന്നൈ ആരാധകര്‍ക്കു സംശയമില്ല.
Next Story

RELATED STORIES

Share it