ernakulam local

മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സര്‍ക്കിള്‍ ഓഫിസിലേക്ക് പ്രതിഷേധമാര്‍ച്ച്

വൈപ്പിന്‍: ബോട്ടുടമകളും തൊഴിലാളികളും അനുബന്ധമേഖലയിലുള്ളവരും അടുത്തമാസം നാലിനു ഫോര്‍ട്ട് വൈപ്പിനിലുള്ള മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സര്‍ക്കിള്‍ ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.
മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം യന്ത്രവല്‍കൃത മല്‍സ്യബന്ധന ബോട്ടുകള്‍ക്കെതിരേ നടത്തുന്ന അന്യായമായ പീഡനത്തിനെതിരേയാണ് മാര്‍ച്ച്. കഴിഞ്ഞദിവസം മുനമ്പത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഹാര്‍ബറുകളില്‍ പണിമുടക്കിക്കൊണ്ടാണ് മാര്‍ച്ചിനു ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ 10.30ന് ആരംഭിക്കുന്ന മാര്‍ച്ച് എസ് ശര്‍മ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ചെറുമല്‍സ്യങ്ങളെ പിടിക്കുന്നുവെന്നതിന്റെ പേരിലും ലൈസന്‍സിന്റെ പേരിലും ബോട്ടുകള്‍ പിടികൂടി വന്‍ തുക പിഴയടപ്പിച്ചും ബോട്ടിലെ മല്‍സ്യങ്ങള്‍ കണ്ടെത്തി തോന്നിയ വിലക്ക് വിറ്റഴിച്ചും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് തൊഴിലാളി ദ്രോഹനടപടികള്‍ തുടരുന്ന സാഹചര്യത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിട്ടുള്ളതെന്ന് ബോട്ടുടമാസംഘം കോ-ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി പി ഗിരീഷ് അറിയിച്ചു. ഈ അടുത്ത കാലത്ത് 30ഓളം ബോട്ടുകളെയാണ് അന്യായമായി പിടികൂടിയത്. വന്‍തുക പിഴയടപ്പിക്കുകമാത്രമല്ല ഏതാണ്ട് 10 കോടി രൂപയോളം വിലവരുന്ന മല്‍സ്യങ്ങള്‍ കേവലം ഒരു കോടി രൂപക്ക് വിറ്റതായും ബോട്ടുടമകള്‍ ആരോപിക്കുന്നു. ഇതിനെതിരേ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ബോട്ടുടമകള്‍ ആവശ്യപ്പെട്ടു. ബോട്ടുകളില്‍ മല്‍സ്യബന്ധനത്തിന് ഏതു തരത്തിലുള്ള വലയാണ് ഉപയോഗിക്കേണ്ടതെന്ന് സര്‍ക്കാര്‍ കൃത്യമായും ഇതുവരെ നിര്‍ദേശം നല്‍കിയിട്ടില്ല. മുന്‍കാലങ്ങളില്‍ ചെറുമീനുകള്‍ കോരി കടലില്‍ തന്നെ കളയുകയായിരുന്നു പതിവ്. എന്നാല്‍ ഇതിനു ഡിമാന്റ് വന്നതോടെയാണ് കരയിലെത്തിച്ച് വില്‍ക്കാന്‍ തുടങ്ങിയതത്രേ. ലൈന്‍സിന്റെ കാര്യത്തില്‍ മാര്‍ച്ച് 31 വരെ സാവകാശം നല്‍കണമെന്ന് വകുപ്പ് മന്ത്രി തന്നെ ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്.
വര്‍ധിപ്പിച്ച ലൈസന്‍സ് ഫീസ് കുറച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വരുന്നതിന്റെ കാലതാമസം കണക്കാക്കിയാണ് സാവകാശം അനുവദിച്ചത്. എന്നാല്‍ ഇതൊന്നും ഉദ്യോഗസ്ഥര്‍ കണക്കിലെടുക്കാതെ തമിഴ്‌നാട് മുട്ടം ഹാര്‍ബറിലെ ലോബികള്‍ക്കുവേണ്ടി കേരളത്തിലെ ഫിഷിങ് മേഖലയില്‍നിന്നും ബോട്ടുകളെ ബോധപൂര്‍വം ഓടിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും മുനമ്പത്ത് ചേര്‍ന്ന മല്‍സ്യമേഖലയോഗം ആരോപിച്ചു. പി പി ഗിരീഷ് അധ്യക്ഷത വഹിച്ചു. പോള്‍ രാജന്‍ മാമ്പിള്ളി, ഷാജി, പി ജെ ആന്‍സിലി, സി എസ് ശൂലപാണി, കെ എ കാസിം, പി എക്‌സ് സ്റ്റാന്‍ലി, പി ബി സാമ്പന്‍, പി ആര്‍ വിന്‍സി സംസാരിച്ചു.
Next Story

RELATED STORIES

Share it