kozhikode local

മറുപടി നല്‍കാത്തതിന്റെ ബാധ്യത ഉദ്യോഗസ്ഥര്‍ക്കെന്ന് മേയര്‍

കോഴിക്കോട്: കോര്‍പറേഷന്റെ 2015-16 സാമ്പത്തിക വര്‍ഷത്തെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ടിന്മേലുള്ള മറുപടികള്‍ നല്‍കാത്തതിന്റെ ഉത്തരവാദിത്തവും ബാധ്യതയും അതാത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍.
2015-16 വര്‍ഷത്തെ ഓഡിറ്റ് റിപോര്‍ട്ട് ചര്‍ച്ച ചെയ്ത് അംഗീകരിക്കുന്നതിനും 2016-17 വര്‍ഷത്തെ റിപോര്‍ട്ടിലെ ഖണ്ഡികകള്‍ ചര്‍ച്ച ചെയ്യുന്ന അജണ്ട പാസാക്കുന്നതിനുമായി വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. റിപ്പോര്‍ട്ടിലുള്ള 54 പരാമര്‍ശങ്ങളില്‍ 24 പരാമര്‍ശങ്ങള്‍ക്ക് മറുപടിയില്ലാത്തതിനെതിരേയും ഒരു വര്‍ഷം കഴിഞ്ഞ് ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയതിനെതിരേയും ഉന്നയിച്ച വിഷയങ്ങളില്‍ എല്ലാവര്‍ക്കും മറുപടി ലഭ്യമാക്കിയില്ലെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് അഡ്വ പി എം സുരേഷ്ബാബു, പി കിഷന്‍ചന്ദ് തുടങ്ങിയവര്‍ യോഗത്തില്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു.
കോര്‍പറേഷന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കാണ് റിപോര്‍ട്ടിന്‍മേലുള്ള മറുപടി നല്‍കാനുള്ള ചുമതലയെന്ന് മേയര്‍ വ്യക്തമാക്കി. അത് നല്‍കിയില്ലെങ്കില്‍ പൂര്‍ണമായും ബാധ്യത അവര്‍ക്ക് തന്നെയാണ്. ഓഡിറ്റ് റിപോര്‍ട്ടും മറുപടിയും കോര്‍പറേഷന്‍ സ്ഥിരംസമിതികള്‍ പരിശോധിച്ച് ചര്‍ച്ച ചെയ്യുന്നതാണ് കീഴവഴക്കം.
2016-17 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപോര്‍ട്ടിലെ ഖണ്ഡികകള്‍ ചര്‍ച്ച ചെയ്യുന്നത് സംബന്ധിച്ച അജണ്ടയും യോഗം പാസ്സാക്കി. റിപ്പോര്‍ട്ടിന്മേല്‍ ബന്ധപ്പെട്ട നിര്‍വഹണ ഉദ്യോഗസ്ഥരുടെ മറുപടി ലഭ്യമാക്കാന്‍ കോര്‍പറേഷന്‍ സെക്രട്ടറി മൃണ്‍മയി ജോഷിയെ ചുമതലപ്പെടുത്തി. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍ എം രാധാകൃഷ്ണന്‍, കൗണ്‍സിലര്‍മാരായ പി ഉഷാദേവി ടീച്ചര്‍, അഡ്വ. പി എം നിയാസ്, സി അബ്ദുര്‍റഹ്മാന്‍, കെ ടി ബീരാന്‍കോയ, അഡ്വ. സീനത്ത്, എസ് വി സെയ്ദ് മുഹമ്മദ് ഷമീല്‍, നമ്പിടി നാരായണന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.




Next Story

RELATED STORIES

Share it