മറുനാടന്‍ മലയാളികള്‍ക്ക് വിമാനക്കമ്പനികളുടെ കൊള്ള

തിരുവനന്തപുരം: അവധിക്കാലത്ത് നാട്ടിലെത്തുന്ന മറുനാടന്‍ മലയാളികളെ വിമാനക്കമ്പനികള്‍ കൊള്ളയടിക്കുന്നതായി ആരോപണം. ഡല്‍ഹിയില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനനിരക്ക് കുത്തനെ കൂട്ടി.
ഡല്‍ഹി- തിരുവനന്തപുരം യാത്രയ്ക്കുള്ള ശരാശരി നിരക്ക് 3,900 മുതല്‍ 6,000 രൂപ വരെയായിരുന്നു. എന്നാല്‍, ക്രിസ്മസ് അവധിക്കാലത്ത് 15,000 മുതല്‍ 50,000 വരെയായി നിരക്ക് ഉയര്‍ത്തിയതായി യാത്രക്കാര്‍ പരാതിപ്പെടുന്നു. അടിയന്തര യാത്രയാണെങ്കില്‍ നിരക്ക് ഇനിയും ഉയരും. ഇന്‍ഡിഗോ, ജെറ്റ് എയര്‍വേയ്‌സ്, എയര്‍ ഇന്ത്യ എന്നീ വിമാന കമ്പനികള്‍ക്കെതിരേയാണ് ആക്ഷേപം. മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളി ല്‍നിന്നും തിരുവനന്തപുരത്തേക്കുള്ള നിരക്കിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
വിമാന കമ്പനികളുടെ സമ്മര്‍ദ്ദത്തിന് കേന്ദ്രസര്‍ക്കാര്‍ വഴങ്ങുന്നതാണ് നിരക്കുയരാന്‍ കാരണം. അതേസമയം, ഉല്‍സവകാലത്തു റെയില്‍വേ പ്രഖ്യാപിക്കുന്ന സുവിധ ട്രെയിനുകള്‍ കൊണ്ടും മറുനാടന്‍ മലയാളികള്‍ക്ക് ഒരു പ്രയോജനവുമില്ല.
ബംഗളൂരുവില്‍നിന്നു കൊച്ചുവേളിയിലേക്കുള്ള സുവിധയുടെ സൂപ്പര്‍ഫാസ്റ്റ് ട്രെയിനിലെ ടിക്കറ്റ് നിരക്ക് 6,000 രൂപയില്‍ ഏറെയാണ്. കൂടിയ നിരക്കു കാരണം യാത്രക്കാര്‍ കൈയൊഴിഞ്ഞതോടെ സുവിധ ട്രെയിനിന്റെ ടിക്കറ്റുകള്‍ ഇതുവരെയും വിറ്റു തീര്‍ന്നിട്ടില്ല.
സാധാരണ ട്രെയിനുകളില്‍ സ്ലീപ്പര്‍ ക്ലാസിന് എറണാകുളത്തേക്ക് നല്‍കേണ്ടത് 375 രൂപയാണ്. എന്നാല്‍, സുവിധയില്‍ ഏറ്റവും കുറഞ്ഞ ടിക്കറ്റ് കിട്ടാന്‍ 1,400 രൂപ നല്‍കണം. ത്രീ ടയര്‍ എസിയില്‍ യാത്ര ചെയ്യാന്‍ 3,400 രൂപ നല്‍കണം. ഏറ്റവും ഉയര്‍ന്ന ക്ലാസില്‍ കൊച്ചുവേളിയില്‍ ഇറങ്ങണമെങ്കില്‍ 6,000 രൂപയില്‍ ഏറെയാവും.
വിമാനനിരക്ക് വര്‍ധിപ്പിച്ചത് തിരിച്ചടിയായതോടെ ട്രെയിനുകളെ ആശ്രയിക്കമാമെന്ന് കരുതിയ മറുനാടന്‍ മലയാളികളാണ് ഇതോടെ പ്രതിസന്ധിയിലായത്. അവധിക്കാലത്ത് ബംഗളൂരു അടക്കമുള്ള നഗരങ്ങളില്‍നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ യാത്ര ടിക്കറ്റ് സംഘടിപ്പിക്കുക അത്ര എളുപ്പവുമല്ല.
Next Story

RELATED STORIES

Share it