മറാത്തികളുടേതല്ലാത്ത ഓട്ടോറിക്ഷകള്‍ കത്തിക്കും: രാജ് താക്കറെ

മുംബൈ: മഹാരാഷ്ട്രയില്‍ മറാത്തക്കാരല്ലാത്തവര്‍ ഓടിക്കുന്ന ഓട്ടോറിക്ഷകള്‍ കത്തിക്കുമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) നേതാവ് രാജ് താക്കറെ. എംഎന്‍എസിന്റെ 10ാം സ്ഥാപകദിനാഘോഷ യോഗത്തിലാണ് താക്കറെയുടെ വിവാദ പരാമര്‍ശം.
പുതിയ പെര്‍മിറ്റ് നല്‍കിയ ഓട്ടോറിക്ഷകളില്‍ 70 ശതമാനവും മറാത്തക്കാരല്ലാത്തവരുടെതാണ്. ഓട്ടോ ലൈസന്‍സുകള്‍ മണ്ണിന്റെ മക്കള്‍ക്കു മാത്രം നല്‍കണം. മറാത്തക്കാരല്ലാത്തവര്‍ പുതിയ പെര്‍മിറ്റുമായി ഓടുന്നുവെങ്കില്‍ യാത്രക്കാരെ ഇറക്കി വാഹനം കത്തിക്കും. ശിവസേനയാണു ഗതാഗതവകുപ്പ് കൈകാര്യം ചെയ്യുന്നത്. പെര്‍മിറ്റ് നല്‍കിയ വകയില്‍ അവര്‍ക്ക് എത്ര പണം കിട്ടിയെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ് താക്കറെയുടെ വിവാദ പ്രസ്താവനയെ പ്രതിപക്ഷം അപലപിച്ചു. താക്കറെയുടേത് വിദ്വേഷ രാഷ്ട്രീയമാണെന്ന് കോണ്‍ഗ്രസ്സും എന്‍സിപിയും കുറ്റപ്പെടുത്തി. ബിജെപി-ശിവസേന സര്‍ക്കാര്‍ താക്കറെക്കെതിരേ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
രാഷ്ട്രീയക്കാരനല്ലാത്ത കനയ്യകുമാറിനെപ്പോലുള്ളവരെ ദേശവിരുദ്ധനാക്കി ചിത്രീകരിച്ച് ജയിലില്‍ അടച്ചുവെന്നും രാജ് താക്കറെക്കെതിരേ ഇതേ മാനദണ്ഡമനുസരിച്ച് നടപടിയെടുക്കാത്തതെന്തുകൊണ്ടാണെന്നും കോണ്‍ഗ്രസ് വക്താവ് അല്‍ നസീര്‍ സക്കറിയ ചോദിച്ചു.
Next Story

RELATED STORIES

Share it